ഹോട്ടൽ ബിൽ​ വിവാദം: ജില്ല ഭരണകൂടത്തിന്​ നടപടിയെടുക്കാനാകില്ല -കലക്ടർ

ആലപ്പുഴ: അപ്പത്തിനും മുട്ടക്കറിക്കും അമിതവില ഈടാക്കിയെന്ന പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ പരാതിക്ക്​ ഇടയാക്കിയ ഹോട്ടൽ ബിൽ വിവാദത്തിൽ ജില്ല ഭരണകൂടത്തിന്​ നിയമപരമായി നടപടിയെടുക്കാൻ കഴിയില്ലെന്ന്​ കലക്​ടർ ഡോ. രേണുരാജ്​. ആലപ്പുഴയിൽ മാധ്യമ​ങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അവർ. എം.എൽ.എയുടെ പരാതി അന്വേഷിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാൻ ഡി.എസ്​.ഒയെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച്​ നൽകിയ റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കുന്നതിന്​ സർക്കാറിന്‍റെ അനുമതി വേണം. നിലവി​ലെ നിയമപ്രകാരം ഒരുപ്രദേശത്തെ കടകളിലെല്ലാം ഒരേവിലയെന്ന നിയമം നിലനിൽക്കുന്നില്ല. അതിന്​ സംസ്ഥാനതലത്തിൽ തന്നെ തീരുമാനമുണ്ടാകണം. വില ഏകീകരണം അടക്കമുള്ള നടപടി ആവശ്യപ്പെട്ട് സർക്കാറിന്​ റിപ്പോർട്ട്​ കൈമാറുമെന്നും അവർ പറഞ്ഞു. തൊട്ടടുത്ത കടയിൽ ഈടാക്കുന്നതിനെക്കാൾ വിലക്കൂടുതലാ​ണ്​ വാങ്ങിയിരുന്നതെന്നും റിപ്പോർട്ടിലുണ്ട്​. അതേസമയം, ഹോട്ടൽ ബില്ല് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ചിത്തരഞ്ജൻ എം.എൽ.എ രംഗത്തെത്തി. ഹോട്ടൽ ഭക്ഷണത്തിന് അമിതവില ഈടാക്കിയത് ചൂണ്ടിക്കാട്ടിയ തന്നെ ട്രോളുകൾ ഉണ്ടാക്കി അപഹസിക്കുകയാണ്​. ചിലർ വ്യക്തഹത്യ ചെയ്യുകയാണ്. താന്‍ പ്രതികരിച്ചത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ട്രോളുകൾക്ക് പിന്നില്‍ ഹോട്ടലുടമ തന്നെയാകാം. കഴിച്ച ഭക്ഷണത്തിന്‍റെ പണം നല്‍കിയിട്ട് തന്നെയാണ് മടങ്ങിയതെന്നും എം.എൽ.എ വ്യക്തമാക്കി. കോൺഗ്രസ്​ നേതാവ്​ വി.ടി. ബൽറാമും ചിത്തരഞ്​ജൻ എം.എൽ.എക്കെതിരെ പരാമർശവുമായി ഫേസ്​ബുക്കിൽ കുറിപ്പിട്ടിരുന്നു. വെള്ളിയാഴ്​ച രാവിലെ കണിച്ചുകുളങ്ങര പീപ്പിൾസ്​ റസ്​റ്റാറന്‍റിലാണ്​ കേസിനാസ്പദമായ സംഭവം. പി.പി. ചിത്തരഞ്ജൻ എം.എൽ.എയും ഡ്രൈവറും ചേർന്ന്​ അഞ്ച് അപ്പവും രണ്ട് മുട്ടക്കറിക്കും കഴിച്ചപ്പോൾ ജി.എസ്​.ടി അടക്കം ഈടാക്കിയത്​ 184 രൂപയാണെന്ന്​ കാണിച്ച്​ ബിൽ സഹിതമാണ്​ എം.എൽ.എ കലക്ടർക്ക്​ പരാതി നൽകിയത്​. വാടകയും വൈദ്യുതിനിരക്കും കേന്ദ്രീകൃതമായ എ.സിയുമൊക്കെ പ്രവർത്തിക്കുമ്പോഴും ന്യായവില മാത്രമാണ്​ ഈടാക്കിയതെന്നായിരുന്നു​ ഹോട്ടൽ അധികൃതരുടെ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.