ഗാഗ് പഴം കാണാൻ മന്ത്രിയെത്തി

മണ്ണഞ്ചേരി: നാട്ടിൽ താരമായ ഗാഗ് പഴത്തിന്റെ വിളവെടുപ്പ് കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ മുഖ്യാതിഥിയായി. സ്വർഗത്തിലെ കനിയെന്ന് വിശേഷിപ്പിക്കുന്ന വിയറ്റ്നാമിൽനിന്നുള്ള ഗാഗ്, മണ്ണഞ്ചേരി പഞ്ചായത്ത്‌ ഒമ്പതാം വാർഡ്‌ ഓമനമന്ദിരത്തിൽ പ്രമോദ് കുമാറിന്റെ വീട്ടിലാണ്‌ തളിരിട്ട് പൂത്ത് കായയായത്. 120ഓളം ഗാഗ് പഴങ്ങളുണ്ട്. വിയറ്റ്‌നാമിലും തായ്​ലൻഡ്, കംബോഡിയ, ആസ്ട്രേലിയ എന്നിവിടങ്ങളിലുമാണ് ഇത് കൃഷി ചെയ്യുന്നത്. കലവൂർ പാം ഫൈബർ അസി. മാനേജറായ പ്രമോദ് കൊച്ചി അയ്യമ്പുഴയിൽ ജോജോയിൽനിന്നാണ് വിത്തുകൾ വാങ്ങിയത്. പാഷൻ ഫ്രൂട്ട് ചെടിക്ക് സമാനമായ ഇലകളാണ് ഗാഗിന്റേത്. സംസ്ഥാനത്ത്​ പലസ്ഥലങ്ങളിലും ഗാഗ് കൃഷി ചെയ്യുന്നുണ്ടെങ്കിലും ഒരേ സമയം നൂറിലധികം കായ്കളെന്നത് ആദ്യമാണ്. ഒരു ഗാഗ് പഴത്തിന്‍റെ വിപണി വില 1200 രൂപയാണ്. വൈറ്റമിനുകളുടെ കലവറയാണ് ഗാഗ് എന്ന് പ്രമോദ് പറഞ്ഞു. സൗന്ദര്യ വർധക ഉൽപന്നങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ചാണകം, കോഴിവളം, പച്ചില എന്നിവയാണ് വളം. രണ്ടും നേരം നനയ്ക്കും. പ്രമോദിനെ കൃഷിയിൽ സഹായിക്കാൻ ഭാര്യ മിനിയും മകൾ സി.എ വിദ്യാർഥിനി മീനാക്ഷിയും കൂടെയുണ്ട്. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് എം. അജിത് കുമാർ, എം.എസ്. സന്തോഷ്‌ തുടങ്ങിയവർ പങ്കെടുത്തു. പടം: ഗാഗ് തോട്ടത്തിൽ മന്ത്രി പി. പ്രസാദും പി.പി. ചിത്തരഞ്ജൻ എം.എൽ.എയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.