ആലപ്പുഴയുടെ കടലോരത്ത്​ 'ചെറുവനം'; വൃക്ഷസമൃദ്ധിയൊരുക്കി 'മിയാവാക്കി'

-ലോക വനദിനം ഇന്ന്​ ആലപ്പുഴ: കടലിനോട്​ കിന്നാരം പറഞ്ഞും കടൽ കാറ്റേറ്റും അതിവേഗമാണ്​ ആലപ്പുഴയിലെ കടലോരത്ത്​ കാട്​ വളർന്നത്​. കാടി​ല്ലാത്ത ആലപ്പുഴയുടെ പേരുദോഷം മാറ്റിയാണ്​, പോർട്ട്​ മ്യൂസിയത്തിലെ 'ചെറുവനം' തഴച്ചുവളരുന്നതെന്ന്​ പലർക്കുമറിയില്ല​. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി ഒരുക്കിയ 'മിയാവാക്കി' വനവത്​കരണത്തിന്‍റെ ഭാഗമായാണ്​ ഈ സ്വാഭാവിക വനവത്​കരണം. വനമായി മാറാൻ മൂന്നുവർഷത്തെ സമയമാണ്​ വേണ്ടത്​. എന്നാൽ, ഒരുവർഷവും നാലുമാസവും പിന്നിട്ട​പ്പോൾ തന്നെ കാടിന്‍റെ തനിമ​ ചോർന്നുപോകാതെ 18 അടിയിലേറെ ഉയരമുള്ള വൃക്ഷങ്ങളായി​. പോർട്ട് മ്യൂസിയത്തിനും ഉപ്പൂറ്റി കനാലിനുമിടയിൽ 10 ഏക്കറിലെ 20 സെന്‍റിലാണ്​ കാടൊരുക്കുന്നത്​. മൂന്നുവർഷംവരെ​ ചെടികൾക്ക്​ സംരക്ഷണം നൽകണം. ശേഷം പരിചരണം ആവശ്യമില്ല. പിന്നീട്​ പലതും 15 വർഷത്തെ വളർച്ചാഫലം ഉണ്ടാകുമെന്നതാണ്​​ പ്രത്യേകത. നഗരങ്ങളിലും സ്വാഭാവിക വനമാതൃകകൾ തീർക്കുകയെന്ന ലക്ഷ്യത്തിൽ കെ-ഡിസ്ക് (കേരള ഡെവലപ്​മെന്‍റ്​ ആൻഡ് ഇന്നവേഷൻ സ്ട്രാറ്റെജിക് കൗൺസിൽ) ഇടുക്കി, വയനാട്​ ഒഴികെയുള്ള ജില്ലകളിലാണ്​ മിയാവാക്കി വനമാതൃകകൾ തീർക്കുന്നത്​. 120 ഇനങ്ങളിൽപ്പെട്ട 3,200 വൃക്ഷങ്ങൾ ഇടകലർത്തിയാണ്​ നട്ടത്​. കാട്ടുമരങ്ങൾ, ഔഷധഗുണമുള്ളതും ഫലവൃക്ഷങ്ങളുമായ മരങ്ങൾ, കുറ്റിച്ചെടികൾ, അടിക്കാട്​, പൂവരശ്, പുന്ന, കുടംപുളി, മാവ്, അശോകം, പ്ലാവ്, ആൽ, പേര, മഹാഗണി, ജാതി, ആറ്റുവഞ്ചി എന്നിവയടക്കമുള്ളവയാണ്​​​ വനത്തിലെ പ്രധാനവൃക്ഷങ്ങൾ. നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ, ഇൻവിസ് മൾട്ടിമീഡിയ, കൾചർ ഷോപ്പി എന്നിവയുടെ മേൽനോട്ടത്തിലാണ്​ പരിചരണം. തൊട്ടുചേർന്ന്​ നിൽക്കുന്ന മരങ്ങൾക്ക്​ തണൽകിട്ടാതിരിക്കാൻ ശിഖരങ്ങൾ വെട്ടിമാറ്റുന്ന 'പ്രൂണിങ്​' രീതിയിലാണ്​ മരങ്ങൾ വളർത്തുന്നതെന്ന്​ മിയാവാക്കി വനവത്​കരണം കോഓഡിനേറ്റർ ഷാഹിന 'മാധ്യമ'ത്തോട്​ പറഞ്ഞു. 20സെന്‍റ്​ സ്ഥലത്തെ വനവത്​കരണത്തിന്​ 36 ലക്ഷത്തോളം രൂപയാണ്​ ചെലവായത്​. ലോകപ്രശസ്​ത സസ്യശാസ്​ത്രജ്ഞൻ ഡോ. അക്കിര മിയവാക്കി അരനൂറ്റാണ്ട്​ മുമ്പ്​ വികസിപ്പിച്ചെടുത്ത വനവത്​കരണരീതിയിൽ 2020 നവംബർ മൂന്നിനാണ്​ പോർട്ട്​ മ്യൂസിയത്തിൽ ചെടികൾ നട്ടത്​. ഒരു ചതുരശ്ര മീറ്ററിൽ എല്ലാവളങ്ങളും ചേർത്താണ്​ നടീൽ ആരംഭിച്ചത്​. പൂർണമായും ജൈവപരിപാലനം​. ദിവസവും മുടങ്ങാതെ വെള്ളം നനക്കണം. തുടക്കത്തിൽ ചെടിവളരാൻ ഇടക്കുള്ള കളയും പുല്ലുമൊക്കെ പറിച്ച്​​ സംരക്ഷണമൊരുക്കുന്നു​. പിന്നീട്​ മാസത്തിൽ ഒരുതവണ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും. നിലവിൽ പന്തലിച്ചുനിൽക്കുന്ന വനത്തിൽ ഉയർന്ന മരങ്ങളുണ്ട്​. മൂന്നുവർഷത്തിൽ സ്വാഭാവികവനമായി മാറുന്ന പ്രക്രിയക്ക്​ തടസ്സമായി രണ്ടു​ദുരന്തത്തെയും നേരിട്ട വനമാണിത്​. കനാലിൽനിന്നുള്ള ഉറവയായിരുന്നു പ്രധാനപ്രശ്നം. സമീപത്തെ വലിയമരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞുവീണത്​ മറ്റൊന്ന്​. ഇ​തെല്ലാം പരിഹരിച്ചാണ്​ ഇപ്പോഴത്തെ മുന്നേറ്റം. മരങ്ങൾ നശിക്കാതിരിക്കാനും ആളുകൾ കയറുന്നത്​ ഒഴിവാക്കാനും വലിയചുറ്റുമതിലും തീർത്തിട്ടുണ്ട്​. -പി.എസ്​. താജുദ്ദീൻ APL MB 02 Alpy Forest ആലപ്പുഴ പോർട്ട്​ മ്യൂസിയത്തിലെ മിയാവാക്കി വനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.