സ്വകാര്യബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ സംഘർഷം; മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു

ആറാട്ടുപുഴ: സ്വകാര്യബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ സംഘർഷം. ബസ് ജീവനക്കാരുടെ മർദനത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട്​ നാലോടെ മംഗലം ജങ്ഷനിലായിരുന്നു സംഭവം. തോട്ടപ്പള്ളി-വലിയഴീക്കൽ റൂട്ടിലോടുന്ന കുമ്പളത്ത് ബസിലെ ജീവനക്കാർ മർദിച്ചെന്നാണ് പരാതി. ബസിൽ കയറാൻ അനുവദിക്കാത്തതിനെത്തുടർന്ന് കുട്ടികളും ബസ് ജീവനക്കാരും തമ്മിൽ വാക്​തർക്കമുണ്ടായി. തുടർന്ന് ബസ്​ തടയുകയും ചെയ്തു. ഈ സമയം സംഭവസ്ഥലത്തെത്തിയ ഇവരുടെതന്നെ മറ്റൊരു ബസിലെ ജീവനക്കാർ ബസ് തടഞ്ഞത് ചോദ്യം ചെയ്യുകയും പിന്നീട് രണ്ട് വാനത്തിലെയും ജീവനക്കാർ ചേർന്ന് കുട്ടികളെ മർദിച്ചെന്നുമാണ് പരാതി. പരിക്കേറ്റ മൂന്നുപേർ തുക്കുന്നപ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. വിദ്യാർഥികളെ മർദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ സ്റ്റേഷനുമുന്നിൽ യുവാക്കളും വിദ്യാർഥികളും തടിച്ചുകൂടി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബസ് കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. പരമാവധി വിദ്യാർഥികളെ കയറ്റിയെന്നും ഫുഡ് ബോർഡിൽ നിന്നുള്ള അപകടയാത്ര അനുവദിക്കില്ലെന്ന് പറഞ്ഞപ്പോൾ വിദ്യാർഥികൾ പ്രശ്നം ഉണ്ടാക്കുകയായിരുന്നെന്നും ബസ് ജീവനക്കാർ പറഞ്ഞു. മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.