യു.ഡി.എഫും ബി.ജെ.പിയും വികസനം തടയാൻ ശ്രമിക്കുന്നു -സജി ചെറിയാൻ

ചെങ്ങന്നൂർ: യു.ഡി.എഫ്-ബി.ജെ.പി നേതൃത്വം ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ. വരട്ടാർ പുനരുജ്ജീവനം, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, സമ്പൂർണ കുടിവെള്ള പദ്ധതി, കെ-റെയിൽ തുടങ്ങിയവക്കെതിരെ ഇവർ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്ന് എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്ത്​ മന്ത്രി പറഞ്ഞു. നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്‍റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. കെ-റെയിൽ സാമൂഹികാഘാത പഠനത്തിനുവേണ്ടി നടത്തിയ സർവേയെ ഇവർ നുണപ്രചാരണം നടത്തി പ്രദേശവാസികളെ പ്രതിഷേധ സമരത്തിനിറക്കുകയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ചുമതല സർക്കാറിനുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി വ്യാജ പ്രചാരണങ്ങളിലൂടെ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുളക്കുഴ സിസി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഗിരീഷ് ഇലഞ്ഞിമേൽ അധ്യക്ഷത വഹിച്ചു. എം. ശശികുമാർ, അഡ്വ. ഉമ്മൻ ആലുമ്മൂട്ടിൽ, പുഷ്പലത മധു, പി.ഡി. ശശിധരൻ, പി.ആർ. പ്രദീപ് കുമാർ, ജി. ഹരികുമാർ, ശശികുമാർ ചെറുകോൽ, ടി.ടി.എം. വർഗീസ്, സജി വള്ളവന്താനം, എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ എം.എച്ച്​. റഷീദ് എന്നിവർ സംസാരിച്ചു. കെ-റെയിൽ സെക്​ഷൻ ഓഫിസർ ഗിരീഷ് പദ്ധതി വിശദീകരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.