നഗരസഭ സെക്രട്ടറിക്ക് എൻ.ജി.ഒ യൂനിയൻ നിവേദനം നൽകുന്നു
ചെങ്ങന്നൂര്‍: നഗരമധ്യത്തിലെ മിനി സിവില്‍ സ്റ്റേഷനില്‍ രണ്ടര ആഴ്ചയായി വെള്ളമില്ലാത്തതിനാല്‍ നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളും ദുരിതത്തിലായി.
അടിയന്തര നടപടികൾ ആവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയനും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനും കലക്ടര്‍, ആർ.ഡി.ഒ, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്കി. നാലുനിലകളിലായുള്ള സമുച്ചയത്തിൽ 28 ഓഫിസുകളിലും ഒരു ഇ-സേവാ കേന്ദ്രത്തിലുമായി 400 ഓളം ജീവനക്കാരാണുള്ളത്.
നൂറുകണക്കിന് പൊതുജനങ്ങളാണ് നിത്യേന വിവിധ ആവശ്യങ്ങൾക്കായി എത്താറുള്ളത്. പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാതെ ജീവനക്കാരും പൊതുജനങ്ങളും ബുദ്ധിമുട്ടുകയാണ്. ഭക്ഷണം കഴിക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി ജീവനക്കാര്‍ വെള്ളം കൊണ്ടുവരേണ്ട അവസ്ഥയാണ് നിലവിൽ. ജോയന്റ് ആര്.ടി.ഒ, സിവില്‍ സപ്ലൈസ്- പൊതുമരാമത്തിന്റെ വിവിധ വിഭാഗങ്ങൾ, കൃഷിഭവന്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ജല അതോറിറ്റിക്ക് പണം അടക്കാത്തതിനാൽ കണക്ഷന് വിച്ഛേദിച്ചിരുന്നു. ഇതിനെത്തുടർന്ന് മുന്‍വശത്തുള്ള കിണറ്റില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് മുകളിലത്തെ നിലയില്‍ സ്ഥാപിച്ച 6000 ലിറ്റര്‍ ടാങ്കില്‍ നിറച്ചാണ് വിവിധ ഓഫിസുകളിലേക്ക് വെള്ളം എത്തിച്ചിരുന്നത്. കിണര്‍ വറ്റിയതിനെ തുടര്‍ന്ന് പിന്നീട് കുഴല്‍കിണര്‍ കുഴിച്ച് അതില്‍നിന്ന് വെള്ളം പമ്പ് ചെയ്താണ് ടാങ്കില്‍ നിറച്ചിരുന്നത്. പൊതുമരാമത്ത് വിഭാഗം ഓഫിസിന്റെ പേരിലെടുത്ത കണക്ഷന് എല്ലാവരും ഉപയോഗിക്കുന്നതിനാലാണ് ബില്‍ തുക വർധിച്ചത്. തുടർന്ന് മൂന്നുവര്‍ഷം മുമ്പ് ജല അതോറിറ്റി കണക്ഷന് വിച്ഛേദിക്കുകയായിരുന്നു. കുടിശ്ശികയായ 29,000 രൂപ പൊതുമരാമത്ത് അടച്ചിട്ടുമില്ല.
വെള്ളം കുറവായതിനാല്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മുകളിലത്തെ ടാങ്കില്‍ നിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വേനല്‍ രണ്ടുമാസം കൂടി തുടരുകയും ചെയ്യും. തെരഞ്ഞെടുപ്പ് ജോലികൾ കൂടി ഉള്ളതിനാൽ സാധാരണയെക്കാള്‍ കൂടുതൽ സമയം ഇവിടെ ജോലി ചെയ്യേണ്ടി വരുന്നതും ജീവനക്കാരെ ദുരിതത്തിലാക്കുന്നു.
അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കാണുന്നതിന് കുടിശ്ശിക തീര്‍ത്ത് കണക്ഷന് പുനഃസ്ഥാപിക്കണമെന്നും എസ്റ്റേറ്റ് ഓഫിസര്‍ കൂടിയായ തഹസില്‍ദാരെ ചുമതലപ്പെടുത്തി റവന്യൂ വിഭാഗത്തിന്റെ കുടിവെള്ള വിതരണത്തില്‍നിന്ന് വെള്ളം താൽക്കാലികമായി എത്തിച്ചുനല്കാന് നടപടി സ്വീകരിക്കണമെന്നും നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. ഷിബുരാജൻ നല്കിയ പരാതിയില്‍ പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് എൻ.ജി.ഒ യൂനിയൻ തഹസിൽദാർക്കും നഗരസഭ സെക്രട്ടറിക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.