പള്ളിപ്പുറത്ത് ​പ്ലൈവുഡ്​ കമ്പനിയിൽ വൻ അഗ്​നിബാധ

പൂച്ചാക്കൽ: ചേർത്തല-അരൂക്കുറ്റി റോഡിൽ ഒറ്റപ്പുന്ന വടക്ക് പള്ളിപ്പുറം മലബാർ സിമന്‍റ്​ കമ്പനിക്ക്​ എതിർവശ​ത്തെ സേഫ് പാനൽ പ്ലൈവുഡ് കമ്പനിയിൽ വൻ അഗ്​നിബാധ. ബുധനാഴ്ച പുലർച്ച രണ്ടോടെ ഉണ്ടായ തീപിടിത്തം എട്ട് മണിക്കൂറിലധികം പരിശ്രമിച്ചതിനൊടുവിലാണ് നിയന്ത്രണവിധേയമായത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നായി 16അഗ്​നിരക്ഷാസേന യൂനിറ്റ് എത്തി. തീ അണച്ച സ്ഥലങ്ങളിൽനിന്ന് വീണ്ടും തീ ഉയർന്നത് ആശങ്ക പരത്തി. മുഴുവൻ സമയവും പ്രവർത്തിക്കുന്ന കമ്പനിയായതുകൊണ്ട് നൂറോളം അന്തർസംസ്ഥാന തൊഴിലാളികൾ സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടം സംഭവിച്ചില്ല. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഗ്യാസ് റീഫില്ലിങ്​ യൂനിറ്റിലേക്കും കെമിക്കൽ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്കും തീ പടരാതിരിക്കാൻ ജാഗ്രത പുലർത്തിയതിനാൽ വൻ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കയറ്റി അയക്കാൻ പ്ലൈവുഡ് ഉണ്ടാക്കി സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീ പടർന്നതോടെയാണ് വൻ അഗ്​നിബാധ ആയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സംസ്ഥാന സർക്കാറിന്‍റെ കീഴിലെ വ്യവസായ വികസന പാർക്കിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. തലശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലെ കമ്പനിയാണ്. കോവിഡിനുശേഷം കമ്പനിയുടെ പ്രവർത്തനം സജീവമാകുന്നതിനിടെയാണ് ഈ അപകടം. ചിത്രം: പള്ളിപ്പുറത്ത്​ ​പ്ലൈവുഡ്​ കമ്പനിയിലുണ്ടായ അഗ്‌നിബാധ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.