കെ.എസ്​.ആർ.ടി.സിയുടെ കാലപ്പഴക്കം ചെന്ന ബസുകൾ ചേർത്തലയിൽ പൊളിക്കും

ചേർത്തല: കാലഹരണപ്പെട്ട കെ.എസ്.ആർ.ടി.സി ബസുകൾ നന്നാക്കി മറ്റ് ഉപയോഗത്തിന്​ നൽകുന്ന സബ് ജില്ല വർക്ക്ഷോപ്പായി ചേർത്തല ഡിപ്പോ. ഇതിന്​ പഴയതും കേടായതുമായ നൂറോളം ബസുകളാണ് ഡിപ്പോയിൽ എത്തിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്നായാണ്​ ബസുകൾ എത്തിച്ചത്​. സബ് ജില്ല വർക്ക്ഷോപ്പ് ആയതോടെ നിലവിൽ ഉണ്ടായിരുന്ന 45 ജീവനക്കാർക്കുപുറമെ 20 പേരെകൂടി ഇവിടേക്ക്​ നിയോഗിച്ചു. 25 എണ്ണത്തിന്റെ തകരാർ പരിഹരിച്ച് ഉപയോഗയോഗ്യമാക്കി. ഏതെങ്കിലും ഡിപ്പോയിലെ ബസുകൾ തകരാറിലായാൽ ഇവിടനിന്ന്​ പകരം നൽകുകയും തകരാറായത് ഇവിടെ എത്തിച്ച് നന്നാക്കി സൂക്ഷിക്കുകയുമാണ്​ ചെയ്യുക. തീരെ മോശമായവയാണ്​ രൂപമാറ്റം വരുത്തി കടകളായി ഉപയോഗിക്കാനും മറ്റും നൽകുക. കെ.എസ്​.ആർ.ടി.സിയുടെ തിരുവനന്തപുരം-കോഴിക്കോട് 'ബൈപാസ് റൈഡർ' ബസ് സർവിസിനായി ചേർത്തല ഡിപ്പോയിൽ ഫീഡർ സ്റ്റേഷനുകൾ ഒരുക്കാൻ നാല്​ ബസ്​ രൂപമാറ്റം വരുത്തി. എക്സ്​പ്രസ്​ ട്രെയിൻ മാതൃകയിൽ ദൂരയാത്രക്കാർക്ക് സ്റ്റാൻഡുകളിൽ ബസ് കയറിയും ഗതാഗതക്കുരുക്കിലും പെടാതെ വേഗം എത്താനുള്ള സംവിധാനമാണ് ബൈപാസ് റൈഡർ. ഡിപ്പോക്ക്​ പുതിയ കാത്തിരിപ്പുകേന്ദ്രം നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. എ. എം. ആരിഫ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ 40 ലക്ഷം രൂപ ചെലവിട്ടാണിത്. ഡിപ്പോയിൽ നിലവിലുള്ള മുൻ മന്ത്രി പി. തിലോത്തമന്റെ പ്രാദേശിക ആസ്തി വികസനഫണ്ടിൽനിന്ന്​ നിർമിച്ച അമിനിറ്റി സെന്ററിനു മുന്നിലായാണ് പുതിയ കാത്തിരിപ്പുകേന്ദ്രം നിർമിക്കുക. മിൽമ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിന്​ ബസ്​ രൂപമാറ്റം വരുത്തുന്ന പദ്ധതിയിൽ പണി നടക്കുന്നു. APL OLD BUSES ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിച്ച കാലഹരണപ്പെട്ട ബസുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.