കനാൽ കവിഞ്ഞൊഴുകി; കടയിലും വീടുകളിലും വെള്ളം കയറി

ചാരുംമൂട്: കെ.ഐ.പി കനാൽ കവിഞ്ഞൊഴുകി കടയിലും വീടുകളിലും വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം. നൂറനാട്ടെ പലചരക്കുകട മഞ്ഞിപ്പുഴ സ്റ്റോഴ്സ്, സമീപത്തെ ഷൺമുഖവിലാസം, മുരുകാലയം എന്നീ വീടുകളിലേക്കാണ് വെള്ളം ഇരച്ചുകയറിയത്. ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ്​ വെള്ളം കയറുന്നത്​ കടയിലെ ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഓടിക്കൂടിയ പ്രദേശവാസികൾ ഏറെ പ്രയാസപ്പെട്ടാണ് പലചരക്കുകടയിൽനിന്ന്​ ഭക്ഷ്യവസ്തുക്കൾ നീക്കം ചെയ്തത്. ലക്ഷക്കണക്കിനു രൂപയുടെ കാലിത്തീറ്റ, പിണ്ണാക്ക്, അരി, ഉപ്പ്, ഗോതമ്പ്​ ചാക്കുകളാണ്​ നശിച്ചത്. മുറികളിലേക്കും അടുക്കളകളിലേക്കും ശുചിമുറികളിലേക്കും വെള്ളം ഇരച്ചുകയറിയതിനെത്തുടർന്ന് വീടുകളിലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും നശിച്ച നിലയിലാണ്. സ്ഥലത്തെത്തിയ പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബി. വിനോദും ഗ്രാമപഞ്ചായത്ത് അംഗം വേണു കാവേരിയും നാട്ടുകാരും ചേർന്ന് സാധനങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനു സഹായിച്ചു. നൂറനാട് ഷട്ടർ ഭാഗത്തുനിന്ന്​ പള്ളിക്കൽ ഭാഗത്തേക്ക്​ പോകുന്ന ഉപകനാൽ രാത്രി ഒരു നിയന്ത്രണവുമില്ലാതെ തുറന്നു വിട്ടതിനെത്തുടർന്നാണ് കനാൽ കവിഞ്ഞെഴുകിയത്. മുതുകാട്ടുകര മണിമംഗത്ത് സജീവി‍ൻെറ ഉടമസ്ഥതയിലുള്ള കട 54 വർഷമായി പ്രവർത്തിക്കുന്ന വ്യാപാരകേന്ദ്രമാണ്​. നാലുവർഷത്തിനുള്ളിൽ ആറാം തവണയാണ്​ കടയിലേക്ക് വെള്ളം കയറുന്നത്. ആദ്യതവണ 10 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. പരാതി നൽകിയെങ്കിലും നാലുവർഷമായിട്ടും നടപടിയില്ല. കനാൽ വെള്ളം കയറി ഇതുവരെ 30 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി ഉടമ പറയുന്നു. കെ.ഐ.പി അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്​ സംഭവത്തിന് കാരണമെന്ന്​ പ്രസിഡന്‍റ്​ ബി. വിനോദ് കുറ്റപ്പെടുത്തി. ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രസിഡന്‍റ്​ പറഞ്ഞു. പടം''. പലചരക്കുകടയിലെ ഭക്ഷ്യവസ്തുക്കൾ കനാൽ വെള്ളം കയറി നശിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.