പുഞ്ചക്കൊയ്ത്തിന്​ ചെലവേറും; യന്ത്രങ്ങളുടെ കൂലി കൂട്ടി

ആലപ്പുഴ: കൊയ്ത്തുയന്ത്രം കിട്ടാതെ ഇക്കുറിയും കുട്ടനാട്ടിൽ കർഷകർ വലയും. കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ യന്ത്രക്ഷാമം പരിഹരിക്കുന്നതിന്​ നടപടിയുണ്ടാകാത്തതാണ്​ പ്രശ്നം. യന്ത്രങ്ങളുടെ വാടകകൂട്ടി നിശ്ചയിച്ച്​ പിരിയുകയായിരുന്നു. കൂലി ഏകീകരണം സംബന്ധിച്ചായിരുന്നു മുഖ്യചർച്ച. സംഭരണവുമായി ബന്ധപ്പെട്ടും ചുമട്ടുകൂലി, വാരുകൂലി എന്നിവയും ചർച്ച ചെയ്തില്ലെന്ന്​ കർഷകർ പറയുന്നു. കൃഷിയിടം കണക്കാക്കിയാൽ ഏകദേശകണക്കനുസരിച്ച്​ കുറഞ്ഞത്​ 600 യന്ത്രങ്ങൾ വേണം. 500 എന്നാണ്​ കൃഷി വകുപ്പി‍ൻെറ കണക്ക്​. 310 എണ്ണമേ എത്തിക്കാൻ കഴിയൂ എന്നാണ്​ ഏജന്‍റുമാരുടെ നിലപാട്​. മാർച്ച്​ അവസാനത്തോടെയാണ്​ പുഞ്ചക്കൊയ്ത്ത്​ തുടങ്ങുക. ഏപ്രിലിൽ കർണാടകയിലും ആന്ധ്രയിലും കൊയ്ത്​ ആരംഭിക്കുന്ന സാഹചര്യത്തിലാണിത്​. അവിടെ നിന്നുള്ളവ വരാതിരിക്കുകയോ പെട്ടെന്ന്​ കൊണ്ടുപോകേണ്ടി വരുകയോ ചെയ്താൽ കുട്ടനാട്ടിൽ ക്ഷാമമുണ്ടാകും. കനത്തമഴയും കിഴക്കൻ വെള്ളത്തി‍ൻെറ വരവും കാരണം പുഞ്ചവിത വൈകിയിരുന്നു. ഇതോടെ ഏതാണ്ട്​ ​ഒരേകാലയളവിലാണ്​ കുട്ടനാടൻ പാടങ്ങളിൽ പുഞ്ച തുടങ്ങിയത്​. ഇക്കാരണത്താൽ കൊയ്ത്തും ഒരേസമയത്ത്​ തന്നെയാകും. എല്ലാപാടത്തും ഒരേസമയം തന്നെ യന്ത്രങ്ങളും ആവശ്യമായി വരും. കൊയ്ത്തുയന്ത്രങ്ങളുടെ വാടക നിരക്ക്​ 100 രൂപയാണ്​ വർധിപ്പിച്ചത്​. സാധാരണ പ്രദേശത്ത് മണിക്കൂറിന് 1900 രൂപയും വള്ളത്തിൽ കയറ്റി കൊണ്ടുപോകുന്ന സ്ഥലത്ത് 2000 രൂപയും ഈടാക്കാനാണ്​ മന്ത്രി പി. പ്രസാദി‍ൻെറ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം. കഴിഞ്ഞവർഷം മണിക്കൂറിന് 1800, 1900 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്​. കഴിഞ്ഞതവണ ഈടാക്കിയ കൂലി തന്നെ ഇക്കുറിയും ഈടാക്കണമെന്ന്​ ജില്ല ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. കൊയ്യാൻ എടുക്കുന്ന സമയം ഏകീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ നിർദേശിച്ചെങ്കിലും കൃഷിരീതി അനുസരിച്ച് (വീണ നെല്ല്, ചതുപ്പ് പ്രദേശം) സമയദൈർഘ്യം കണക്കാക്കാൻ സാധിക്കില്ലെന്ന് കൊയ്ത്തുയന്ത്ര ഏജന്‍റുമാർ നിലപാടെടുത്തതോടെ ഇതും​ സാധ്യമായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.