റോഡ് പണിത് പുതുമണം മാറിയില്ല; കുഴികൾ നിറഞ്ഞു

തുറവൂർ: കുത്തിയതോട് പഞ്ചായത്തിൽ ദേശീയപാതയിൽ പാട്ടുകുളങ്ങരയിൽനിന്ന്​ നാലുകുളങ്ങര ക്ഷേത്രം ജങ്​ഷനിൽ എത്തിച്ചേരുന്ന റോഡ്​ തകർന്നു. തിരക്കേറിയ ഈ റോഡ് കുത്തിയതോട് പഞ്ചായത്ത് ഒമ്പത്​, 10, 12, 13 വാർഡിലൂടെയാണ് കടന്ന് പോകുന്നത്‌. റെയിൽവേ ക്രോസ് കടന്ന് തുറവൂർ റെയിൽവേ സ്​റ്റേഷൻ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ദേശീയപാതയിൽനിന്ന്​ എളുപ്പം എത്തിച്ചേരാൻ കഴിയുന്നതും പ്രദേശവാസികളും മറ്റും കൂടുതൽ ആശ്രയിക്കുന്നതും ഈ റോഡാണ്. ഈ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായതിനെത്തുടർന്ന് ഏതാനും മാസം മുമ്പാണ് ലക്ഷങ്ങൾ ചെലവഴിച്ച് പുതുക്കിപ്പണിതത്. എന്നാൽ, റോഡ് പണിത് പുതുമണം മായുംമുമ്പേ കുഴികൾ രൂപപ്പെട്ട് തുടങ്ങി. വലിയ കുഴികളാണ് റോഡിൽ പല ഭാഗത്തും ഉണ്ടായിരിക്കുന്നത്. വേനൽക്കാലത്ത് ഇതാണ്​ അവസ്ഥയെങ്കിൽ കാലവർഷം എത്തുമ്പോൾ റോഡ് പൂർണമായി തകരുമോ എന്ന ഭീതിയിലാണ് ജനം. ആവശ്യമായ അറ്റകുറ്റപ്പണി നടത്തി സംരക്ഷണം ഉറപ്പാക്കണമെന്നാണ്​ നാട്ടുകാർ പറയുന്നത്. പടം : കുഴികൾ രൂപപ്പെട്ട് തുടങ്ങിയ പൊതുമരാമത്ത് വകുപ്പിന്‍റെ പാട്ടുകുളങ്ങര-നാലുകളങ്ങര റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.