അമ്പലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പശ്ചിമബംഗാൾ, തമിഴ്നാട് ഉൾപ്പെടെ സ്ഥലങ്ങളിലെ അന്തർ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോയത് പല തൊഴിൽ മേഖലകളെയും പ്രതിസന്ധിയിലാക്കി. വോട്ടർപട്ടിക പുതുക്കിയശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ലെങ്കില്‍ ആയുഷ്കാലം വോട്ട് ചെയ്യാൻ കഴിയില്ലെന്ന പ്രചാരണവും റേഷൻ കാർഡില്‍നിന്ന് പേര് വെട്ടുമെന്ന ഭീഷണിയിലുമാണ് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത്. ഉത്തരേന്ത്യൻ തൊഴിലാളികള്‍ നാട്ടിൽ പോയതോടെ സമസ്ത മേഖലയും സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. ആള്‍ക്ഷാമം രൂക്ഷമായതോടെ പണിക്കൂലി വർധിപ്പിച്ചത് മലയാളികള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. 800 രൂപ നല്‍കിയ സ്ഥാനത്ത് 1100 രൂപവരെ പ്രാദേശിക തൊഴിലാളികള്‍ ദിവസക്കൂലിയായി ചോദിക്കുന്നുണ്ട്.
തമിഴ്നാട്, അസം, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കേരളത്തില്‍ കൂടുതലായുള്ളത്. ഇവർ മടങ്ങിയതോടെ കൂലിപ്പണി മുതല്‍ ചെറുകിട കമ്പനികള്‍, കെട്ടിട നിർമാണം, ഹോട്ടല്‍, റസ്‌റ്റാറന്‍റുകള്‍ എന്നിവിടങ്ങളില്‍ ആളെ കിട്ടാത്ത അവസ്ഥയാണ്. എണ്ണയില്‍ പൊരിക്കുന്ന ചെറുകടികള്‍ ഉണ്ടാക്കി കച്ചവടക്കാരില്‍ എത്തിക്കുന്നത് അധികവും തമിഴ്നാട് സ്വദേശികളാണ്.
വാടക്കല്‍ ചെറുകിട വ്യവസായ മേഖലയില്‍ നിരവധി കമ്പനികളാണുള്ളത്. ഇതില്‍ തൊഴില്‍ ചെയ്യുന്നതില്‍ അധികവും അസം, ബംഗാള്‍ സ്വദേശികളാണ്. വ്യവസായ മേഖലയില്‍ കയര്‍, കയര്‍ ഉൽപന്ന കമ്പനികള്‍ നിരവധിയാണ്. ഇവിടെ തൊഴില്‍ ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയത് വ്യവസായ മേഖലയുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.
നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നതില്‍ അധികവും അന്തർ സംസ്ഥാന തൊഴിലാളികളാണ്. ഇവർ മടങ്ങിയതോടെ ദേശീയപാത നിര്‍മാണം മുതല്‍ സര്‍ക്കാര്‍ മേഖലയില്‍ വിവിധ പദ്ധതികളുടെ നിര്‍മാണം വരെ പ്രതിസന്ധിയിലായി. കാര്‍ഷിക മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. തൊഴിലാളിക്ഷാമവും അമിത കൂലിയും അധികച്ചെലവുമെല്ലാം നെല്‍കൃഷിയില്‍നിന്ന് കർഷകരെ അകറ്റിത്തുടങ്ങിയപ്പോഴാണ് ആശ്വാസമായി അന്തർ സംസ്ഥാന തൊഴിലാളികളെത്തിയത്. അസം സ്വദേശികളായ തൊഴിലാളികള്‍ കഴിഞ്ഞ ദിവസങ്ങളിലായി എത്തിത്തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി മറ്റ് തൊഴിലാളികളും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് തൊഴിൽ മേഖല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.