കായംകുളം ഗവ. ആശുപത്രിക്ക് മുന്നിൽ ഐ.എൻ.ടി.യു.സി നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ല പ്രസിഡന്റ് ജി. ബൈജു ഉദ്ഘടനം ചെയ്യുന്നു
കായംകുളം: യുവതി പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ ഗവ. ആശുപത്രിയിലെ ചികിത്സ വീഴ്ചക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മർക്കന്റെയ്ൻ കോഓപറേറ്റീവ് സെക്രട്ടറിയായിരുന്ന വടക്കേ തോപ്പിൽ സലീനയുടെ (42) മരണത്തിന് ഉത്തരവാദികളായവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യവും ഉയരുകയാണ്. സംഭവത്തിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.
കായംകുളം: പാമ്പുകടിയേറ്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചേരാവള്ളി വടക്കേ തോപ്പിൽ സലീനക്ക് (42) ശരിയായ ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്ന് കാട്ടി അഡ്വ. യു. പ്രതിഭ എം.എൽ.എ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. യഥാസമയം രക്ത പരിശോധന നടത്തുന്നതിലും പരിചരണം നൽകുന്നതിലും ആശുപത്രിയുടെ ഭാഗത്തുനിന്നും ബോധപൂർവമായ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
കായംകുളം : പാമ്പ് കടിയേറ്റ് എത്തിയ യുവതി ചികിത്സ കിട്ടാതെ മരണപ്പെട്ടതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ആശുപത്രി കവാടത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ജില്ല പ്രസിഡന്റ് ജി. ബൈജു ഉദ്ഘടനം ചെയ്തു. റിജനൽ പ്രസിഡന്റ് ഹാരിസ് കുറ്റിത്തെരുവ് അധ്യക്ഷതവഹിച്ചു. പി.ആർ. ശശിധരൻ, വിജയൻ പനയംഞ്ചേരി, സുനിൽ പൊന്നാലയം, സോളമൻ റോസാരിയോ, എംജി. മോഹൻ കുമാർ, ബാബു കൊരമ്പള്ളി, രാധമണി രാജൻ, ഷീജ റഷീദ്, ബിജു കണ്ണങ്കര, ഹാഷിർ പുത്തൻകണ്ടം, ലിബു വർഗീസ് കറ്റാനം, രേഖ കണ്ടല്ലൂർ, തുളസിദാസ് പത്തിയൂർ, എ. അബ്ദൂൾ റഷിദ്, കെ.വി. റെജികുമാർ , നിസ, ശിവലാൽ, സുനിമോൾ, സിനിമോൾ, ഷൈല തുടങ്ങിയവർ സംസാരിച്ചു.
കായംകുളം : കൊറ്റുകുളങ്ങരയിൽ പാമ്പ് കടിയേറ്റ് ഗവ. ആശുപത്രിയിൽ എത്തിച്ച യുവതിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം. ലിജു ആവശ്യപ്പെട്ടു. പ്രാഥമിക പരിശോധന പോലും പരാജയപ്പെട്ടുവെന്നത് ഗൗരവത്തോടെ കാണാൻ അധികൃതർ തയാറാകണം.
കായംകുളം: പാമ്പ് കടിയേറ്റ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കുടുംബത്തിന് അർഹമായ സാമ്പത്തിക സഹായം നൽകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇ. സമീർ ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയ ഡ്യൂട്ടി ഡോക്ടർ, ലബോറട്ടറി ജീവനക്കാർ അടക്കമുള്ളവരെ സർവിസിൽ നിന്നും പിരിച്ചുവിടണം.
കായംകുളം : പാമ്പുകടിയേറ്റ യുവതി ചികിത്സ ലഭിക്കാതെ മരണപ്പെട്ട സ്ഥിതി അംഗീകരിക്കാനാവില്ലെന്ന് റസിഡൻസ് വെൽഫയർ അസോസിയേഷൻ പറഞ്ഞു. ദേശീയപാതയോരത്തെ പ്രധാന ഗവ. ആശുപത്രിയിൽ മതിയായ ഡോക്ടർമാരും സൗകര്യങ്ങളും ഇല്ലാത്തത് ജനങ്ങളെ വലക്കുന്നു. ി പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഒ. അബ്ദുൽ ഹമീദ് ആയിരത്ത് അധ്യക്ഷതവവഹിച്ചു. ജനറൽ സെക്രട്ടറി ടി.ജി. അജികുമാർ, രക്ഷാധികാരി എ. താഹ കുഞ്ഞ്, ട്രഷറർ നിഹാസ് അബ്ദുൽ അസീസ്, റിയാസ് പുലരിയിൽ, നസീബ് ഖാൻ, എ. സലീം, സലാഹുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
കായംകുളം ൃ: പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഗവ. ആശുപത്രിയിലെ ഡോക്ടറുടെയും ജീവനക്കാരുടെയും അനാസ്ഥയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി. പ്രസിഡന്റ് മുഹമ്മദ് അസ്ലം അധ്യക്ഷത ൃവഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. തോമസ് എം. മാത്തുണ്ണി ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതിഅംഗം അഡ്വ. കെ.ജി. സുരേഷ് കുമാർ, ജില്ല വൈസ് പ്രസിഡന്റ് ഷാജി കല്ലറക്കൽ, ബാബുജാൻ എന്നിവർ സംസാരിച്ചു.
കായംകുളം: ഗവ. ആശുപത്രിയിൽ പാമ്പുകടിയേറ്റ യുവതി യഥാസമയം ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി. വീഴ്ച വരുത്തിയവർക്ക് എതിരെ മെഡിക്കൽ നെഗ്ലിജന്റ്സ് ആക്ട് പ്രകാരം കേസ് എടുക്കണമെന്ന് കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫൽ ചെമ്പകപ്പള്ളിയാണ് ജില്ല പൊലീസ് മേധാവിക്കും ഡിവൈ.എസ്.പിക്കും പരാതി നൽകിയത്.
കായംകുളം: താലൂക്ക് ആശുപത്രിയിൽ പാമ്പ് കടിയേറ്റ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനകിയ പ്രതികരണവേദി ആവശ്യപ്പെട്ടു. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരോട് നിരുത്തരവാദ സമീപനമാണ് സ്വീകരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സേവനം മെച്ചപ്പെടുത്തണം. പ്രസിഡൻ്റ് പാലമുറ്റത്ത് വിജയകുമാർ അധ്യക്ഷത വഹിച്ചു. പുളിയറ വേണുഗോപാൽ, എ. പൊന്നൻ തമ്പി, ആർ. രതിഷ്, രജിതാലയം രവിന്ദ്രൻ, സോമശേഖരൻ ഉണ്ണിത്താൻ, അനിൽ പി. ഡാനിയൽ, കെ.എൻ. കൃഷ്ണകുമാർ ജെ. രാധാകൃഷ്ണൻ, പൂക്കുഞ്ഞ് പുരശേരിൽ എന്നിവർ സംസാരിച്ചു
കായംകുളം : ഗവ. ആശുപത്രിയിൽ പാമ്പുകടിയേറ്റ യുവതി മരിക്കാൻ ഇടയായ സാഹചര്യം അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ആശുപത്രിയിൽ വൈകുന്നേരങ്ങളിൽ ജൂനിയർ ഡോക്ടറുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ സർക്കാർ ആശുപത്രിയിൽ മെച്ചപ്പെട്ട സൗകര്യം ഉറപ്പുവരുത്തുവാൻ സർക്കാർ തയാറാകണമെന്നും നിയോജക മണ്ഡലം ചെയർമാൻ എച്ച്. ബഷീർ കുട്ടിയും കൺവീനർ എ.എം. കബീറും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.