മീഡിയവണിനായി തത്സമയ ചിത്രമൊരുക്കി തോമസ്​ കുര്യൻ

ആലപ്പുഴ: മീഡിയവൺ ചാനലിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ തത്സമയം ചിത്രമൊരുക്കി ദേശീയചിത്രകാരൻ. ആലപ്പുഴ കാവാലം വെളിയനാട്​ പള്ളോളിവീട്ടിൽ തോമസ്​ കുര്യനാണ്​ (47) മീഡിയവൺ അടച്ചുപൂട്ടിയതിന്‍റെ ​വേദനയുടെ നേർചിത്രം പകർത്തിയത്​. ​ആലപ്പുഴ കലക്ടറേറ്റ്​ ജങ്​ഷനിൽ ബഹുജന അവകാശ സംരക്ഷണസമിതി സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിന്‍റെ ഭാഗമായി ഒരുമണിക്കൂർ സമയമെടുത്താണ്​ ചിത്രം പൂർത്തീകരിച്ചത്​. മീഡിയവൺ എഡിറ്റർ പ്രമോദ്​ രാമൻ, മുൻമന്ത്രി ജി. സുധാകരൻ എന്നിവർ​ ചേർന്ന്​ പൊന്നാട അണിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിനെ അനുസ്മരിച്ച്​ 'മങ്കി ബാത്ത്​' തല​ക്കെട്ടിൽ മാധ്യമങ്ങളിലൂടെ കാണാനും മിണ്ടാനും പാടില്ലാത്ത കുരങ്ങുകളിയെയാണ്​ ചിത്രം ഓർമിപ്പിച്ചത്​. മീഡിയവണിന്‍റെ നിരോധനം മാറ്റി രാജ്യത്ത്​ സ്വാതന്ത്ര്യത്തിന്‍റെ അന്തരീക്ഷം മുഴങ്ങണമെന്ന 'ആസാദി' സന്ദേശവും കാൻവാസിൽ കുറിച്ചിരുന്നു. വര പൂർത്തിയായപ്പോൾ വിശിഷ്ടാതിഥികൾ അടക്കമുള്ളവർ നിറഞ്ഞ കൈയടിയോടെയാണ്​ സ്വീകരിച്ചത്​. 30 വർഷമായി കലാരംഗത്ത്​ സജീവമായ കലാകാരനാണ്​ തോമസ്​ കുര്യൻ. നാഷനൽ ലളിതകല അക്കാദമി ഡൽഹിയിൽ നടത്തുന്ന 62ാമത്​ ദേശീയ എക്സിബിഷനിൽ കേരളത്തിൽനിന്ന്​ തെരഞ്ഞെടുത്ത രണ്ടുപേരിൽ ഒരാളാണ്.​ ഈ എക്സിബിഷനിൽനിന്നാണ്​ ദേശീയ അവാർഡ്​ ജേതാവിനെ തെരഞ്ഞെടുക്കുന്നത്​. ഡൽഹിയിലെ ആർട്​സ്​ സ്റ്റുഡിയോയിൽ ചിത്രകാരനായാണ്​ കലാരംഗത്തേക്ക്​ പ്രവേശിച്ചത്​. ഡൽഹിയിലെ കൊണാട്ട്​ ​പ്ലേസ്​, ഗ്രീൻപാർക്ക്​ എന്നിവിടങ്ങളിൽ വരച്ച ചിത്രങ്ങൾ ശ്രദ്ധേയമാണ്​. കുട്ടനാടുമായി ബന്ധപ്പെട്ട ​പരിസ്ഥിതി ചിത്രങ്ങളാണ്​ ഏറെയും വരക്കുന്നത്​. ലളിതകലാ അക്കാദമിയുടെ സംസ്ഥാന ക്യാമ്പുകളിൽ നിറസാന്നിധ്യമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.