ഫാർമസിസ്റ്റുമാർ കുറവ്​; മരുന്ന്​ കിട്ടാൻ മണിക്കൂറുകൾ ക്യൂവിൽ

ആലപ്പുഴ: സർക്കാർ ആശുപത്രികളിൽ മരുന്ന്​ ക്ഷാമത്തിന്​ പുറമെ മരുന്ന്​ എടുത്ത്​ നൽകാൻ ഫാർമസിസ്റ്റുമാർ ഇല്ലെന്നതും രോഗികളെ വലക്കുന്നു. രോഗികൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്​ മിക്കവാറും സർക്കാർ ആശുപത്രികളിലൊക്കെ. ഇരിപ്പിടം പോലുമില്ലാത്ത ഫാർമസികൾക്ക്​ മുന്നിൽ ഏറെനേരംനിന്ന്​ കുഴയുകയാണ്​ പലരും. ജില്ലയിലെ സാമൂഹികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളും ഉൾപ്പെടെ ആശുപത്രികളിലാണ്​ ദുരിതം. വൈകുന്നേരംവരെ ഒ.പിയുള്ള സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും കുറഞ്ഞത്​ മൂന്നു ഫാർമസിസ്റ്റുകളെങ്കിലും വേണം. പലയിടത്തും ഒരാളേയുള്ളൂ. ഊണ്​ സമയത്ത്​ കഴിക്കാനോ അവധി എടുക്കാനോ പോലും കഴിയാത്ത സ്ഥിതിയിലാണ്​ ഇവർ. കൂടുതൽ ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും നടപടിയെടുത്തില്ല. കുറത്തികാട്, ചെമ്പുംപുറം സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും താമരക്കുളം, ദേവികുളങ്ങര, വീയപുരം, ആര്യാട് തുടങ്ങിയ കുടുംബാരോഗ്യകേന്ദ്രങ്ങളിലും ഒരു ഫാർമസിസ്റ്റ്​ മാത്രമാണുള്ളത്. ഇരുപതിലധികം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഒരാളേയുള്ളൂ. രണ്ടുപേരെങ്കിലും വേണ്ടിടത്താണിത്. കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി വൈകുന്നേരം ഒ.പി. തുടങ്ങിയിടത്ത്​ പോലും ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിച്ചിട്ടില്ല. 1962-ലെ സ്റ്റാഫ് പാറ്റേണിലാണ്​ ഇപ്പോഴും ആശുപത്രികളുടെ പ്രവർത്തനം. അന്ന് 50 മരുന്നുകൾ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്തിപ്പോൾ 500 മരുന്നുകളായി. മറ്റ്​ ജോലികളുമുണ്ട്. വിതരണം ചെയ്യുന്ന മരുന്നുകൾ ഏതൊക്കെയെന്ന്​ രേഖപ്പെടുത്തേണ്ട ഉത്തരവാദിത്തവും ഫാർമസിസ്റ്റുമാർക്കാണ്​. ഇത്രയും സമയം രോഗികൾ കാത്തിരിക്കണം. പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ജോലികൾ, ഓൺലൈൻ ശൃംഖലയിൽ മരുന്നുകളുടെ വിവരം ചേർക്കൽ, മാനസികാരോഗ്യപരിപാടിയുടെ മരുന്നുവിതരണം തുടങ്ങിയവയും ഒ.പി. സമയം കഴിഞ്ഞ്​ നൽകണം. വെളിയനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ രണ്ടു ഫാർമസിസ്റ്റ് തസ്തികയുണ്ട്. രണ്ടും ഒഴിഞ്ഞുകിടക്കുന്നു. ആഴ്ചയിൽ മൂന്നുദിവസം ഇവിടെ മരുന്നുനൽകാൻ പുളിങ്കുന്നുനിന്ന്​ ഫാർമസിസ്റ്റ്​ വരും. മറ്റു ദിവസങ്ങളിൽ മരുന്ന്​ വിതരണം പ്രതിസന്ധിയിലാണ്. മാന്നാർ, ചേപ്പാട്, പുന്നപ്ര തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങളിലും മരുന്നുകൊടുക്കാൻ ഒരാൾ പോലുമില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കോവിഡ്​ കാലത്ത് സർക്കാർ ആശുപത്രികളിൽ 35 ഫാർമസിസ്റ്റുമാരെ താൽക്കാലികമായി നിയമിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇവരെ പിൻവലിച്ചതാണ്​ കുഴപ്പമായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.