കാക്കാഴം മേൽപാലത്തിലെ കാമറ മിഴിയടഞ്ഞു പാഴാക്കിയത് ലക്ഷങ്ങള്‍

അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച നിരീക്ഷണ കാമറകൾ നോക്കുകുത്തിയായി മാറി. ദേശീയപാതയിൽ കാക്കാഴം റെയിൽവേ മേൽപാലത്തിലെ നിരീക്ഷണ കാമറകളാണ് കാഴ്ചവസ്തുവായി മാറിയത്. കേരള സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റിയാണ് 27 ലക്ഷം രൂപ ചെലവിൽ ഒമ്പത് നിരീക്ഷണ കാമറ സ്ഥാപിച്ചത്. 2019 മാർച്ച് നാലിന് അന്നത്തെ മന്ത്രി ജി. സുധാകരനാണ്​ ഉദ്ഘാടനം നിർവഹിച്ചത്. നിരന്തര ആവശ്യങ്ങൾക്കു ശേഷമായിരുന്നു ഗതാഗത ലംഘനം പിടികൂടാൻ സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ ചെലവിട്ട് ഇത് സ്ഥാപിച്ചത്. ഉദ്ഘാടനത്തിനു ശേഷം ഏതാനും മാസം മാത്രമാണ് കാമറകൾ പ്രവർത്തിച്ചത്. പിന്നീട് സാങ്കേതിക തകരാറ് സംഭവിച്ചതോടെ പ്രവർത്തനവും നിലച്ചു. ഇതിനു ശേഷം തകരാർ പരിഹരിച്ചെങ്കിലും പൂർണതോതിൽ പ്രവർത്തനക്ഷമമായിട്ടില്ല. കഴിഞ്ഞ ഏതാനും വർഷമായി കാമറകളുടെ പ്രവർത്തനം നിലച്ചതോടെ ഗതാഗതലംഘനം പിടികൂടാനോ പിഴയീടാക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. വാഹനാപകടത്തിന് ഇടയാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങൾ കണ്ടെത്താൻ പൊലീസിന് ഏറെ സഹായകരമായിരുന്നു മേൽപാലത്തിലെ നിരീക്ഷണ കാമറകൾ. ഇതിലെ ദൃശ്യങ്ങൾ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലും ലഭിക്കുന്ന രീതിയിലായിരുന്നു സജ്ജീകരിച്ചിരുന്നത്. എന്നാൽ, ഈ ദൃശ്യങ്ങൾ നോക്കി ഗതാഗത ലംഘനം കണ്ടെത്തി പിഴയീടാക്കാനുള്ള സ്ഥിരം സംവിധാനം അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ക്രമീകരിച്ചിരുന്നില്ല. സ്റ്റേഷനിൽ റിസപ്ഷൻ ജോലിക്ക് നിയോഗിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. സാങ്കേതിക തകരാറിന്‍റെ പേരുപറഞ്ഞ് സർക്കാർ ഖജനാവിലെ 27 ലക്ഷം രൂപയാണ് പാഴായത്. കാമറകളുടെ പ്രവർത്തനത്തിനായി മേൽപാലത്തിന്‍റെ ഇരു വശത്തുമായി കൺട്രോൾ റൂമിനായി പ്രത്യേക കാബിനും നിർമിച്ചിരുന്നു. കാടുപിടിച്ചു കിടന്ന കാബിന്‍ പിന്നീട് പൊളിച്ചുനീക്കി. ഇവിടെ സ്ഥാപിച്ചിരുന്ന ഉപകരണങ്ങൾ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.