മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ഇംപ്ലാന്‍റ്​ വിതരണം: എച്ച്​.എൽ.എല്ലിന്​ നൽകാനുള്ളത്​ മൂന്നരക്കോടി; സ്വകാര്യ കമ്പനികൾക്ക്​ കുടിശ്ശികയില്ല

ആലപ്പുഴ: മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് ഇംപ്ലാന്റുകൾ (കൃത്രിമ അവയവങ്ങൾ അടക്കം) വിതരണം ചെയ്ത ഇനത്തിൽ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്​ (എച്ച്.എൽ.എൽ) കിട്ടാനുള്ളത്​ മൂന്നരക്കോടി. രണ്ടു മാസമായി ഒരുരൂപ പോലും എച്ച്.എൽ.എല്ലിന് ആശുപത്രി അധികൃതർ നൽകിയിട്ടില്ല. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ എച്ച്​.എൽ.എൽ വിതരണം നിർത്തുന്നത്​​ ആലോചനയിലാണ്. പ്രതിമാസം ശരാശരി 40 ലക്ഷം രൂപയുടെ ഇംപ്ലാന്റുകളാണ് എച്ച്.എൽ.എല്ലിൽനിന്ന് മെഡി. ആശുപത്രി വാങ്ങുന്നത്. സ്വകാര്യ മേഖലയെക്കാൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സാമഗ്രികൾ ലഭ്യമാക്കുന്ന എച്ച്.എൽ.എല്ലിനെ കുടിശ്ശിക വരുത്തി ഒഴിവാക്കാൻ ഗൂഢനീക്കം നടക്കുന്നതായി ആരോപണമുണ്ട്​. കുടിശ്ശിക ഒരു മാസത്തിനുള്ളിൽ നൽകണമെന്നാണ് എച്ച്.എൽ.എൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനായി പല തവണ കത്തുനൽകിയിട്ടും ഫണ്ട് അനുവദിക്കുന്നതിൽ ആശുപത്രി അധികൃതർ അനാസ്ഥ കാട്ടുകയാണ്​. 2020 മുതലുള്ള കുടിശ്ശികയാണ് തീർക്കാനുള്ളത്. പ്രതിമാസം 40 ലക്ഷം രൂപയുടെ ഇംപ്ലാന്റുകൾ വാങ്ങുമ്പോൾ 10 ലക്ഷം രൂപ മാത്രമാണ് എച്ച്.എൽ.എല്ലിന് നൽകുന്നത്. ശേഷിച്ച തുകയാണ്​ കുടിശ്ശികയായി വളർന്നത്​. വൻ കമീഷൻ ഇടപാടിലാണ്​ സ്വകാര്യ കമ്പനികളുടെ ഇംപ്ലാന്‍റ്​ കച്ചവടം. കമീഷൻ ഇല്ലാത്തതാണ് എച്ച്.എൽ.എല്ലിനെ ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന ആരോപണം നേരത്തേയുണ്ട്. നിലവിൽ സ്വകാര്യ ഏജൻസികളിൽ നിന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഇംപ്ലാന്റുകൾ വാങ്ങുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് വാങ്ങുന്ന ഇംപ്ലാന്റിന്റെ തുക ആശുപത്രിയിൽനിന്ന് കൃത്യമായി നൽകുന്നുണ്ട്. ആരോഗ്യ ഇൻഷ്വറൻസ് പരിധിയിലുള്ളവർക്ക് കൈയിൽനിന്ന് തുക ചെലവാകില്ലെങ്കിലും മറ്റുള്ളവർ ഭീമമായ തുക അടിയന്തരമായി നൽകേണ്ടിവരും. കഴിഞ്ഞ ജൂലൈ വരെ 3.5 കോടിയാണ് സമർപ്പിച്ച ബില്ല്​ പ്രകാരം എച്ച്.എൽ.എല്ലിന് നൽകാനുള്ളത്. അരക്കോടിക്കടുത്ത് രൂപയുടെ ബില്ല് നൽകാനുമുണ്ട്. സമർപ്പിച്ച ബില്ലിൽ ഡ്യൂട്ടിയിലുള്ള മെഡിക്കൽ ഓഫിസറുടെയോ ചീഫ് ഡോക്ടറുടെയോ ഒപ്പും സീലും ഇല്ലെന്ന സാങ്കേതികത്വം പറഞ്ഞ് പാസാക്കുന്നതിൽ കാലതാമസം വരുത്തുന്നതായി എച്ച്.എൽ.എൽ അധികൃതർ പറയുന്നു. തുക ആവശ്യപ്പെട്ട് പലതവണ കത്ത് നൽകിയെങ്കിലും അധികൃതർ തയാറായിട്ടില്ല. അഞ്ച് ശസ്ത്രക്രിയ നടക്കുമ്പോൾ മൂന്നിലും സ്വകാര്യ ഏജൻസിയുടെ ഇംപ്ലാന്റുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. മെഡിക്കൽ എജുക്കേഷൻ വകുപ്പ് നടത്തിയ പരിശോധനയിൽ എച്ച്.എൽ.എൽ നൽകുന്ന ബില്ലിൽ മാത്രം ഡോക്ടറുടെ ഒപ്പും സീലും ആവശ്യപ്പെടുമ്പോൾ സ്വകാര്യ ഏജൻസികളുടെ ബില്ലിൽ ഇത് കാണാനില്ലത്രേ. ഇക്കാര്യം എച്ച്.എൽ.എൽ അധികൃതർ സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ രണ്ടുമാസം മുമ്പ്​ മാത്രമാണ്​ സ്വകാര്യ ഏജൻസികൾ നൽകുന്ന ബില്ലിലും ഡോക്ടറുടെ ഒപ്പും സീലും നിർബന്ധമാക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.