വലിയഴീക്കൽ പാലത്തിന്‍റെ കൈവരികൾക്കിടയിലെ വിടവ്​ അപകടക്കെണി

-വിടവുകൾക്കിടയിലൂടെ കുട്ടികൾ ഊർന്നിറങ്ങാൻ സാധ്യത ഏറെ ആറാട്ടുപുഴ: വലിയഴീക്കൽ പാലത്തിൽ കൊച്ചുകുട്ടികളുമായി കാഴ്ച കാണാൻ എത്തുന്നവർ ജാഗ്രത പുലർത്തണം. ചെറിയൊരു അശ്രദ്ധ വലിയ ദുരന്തത്തിന്​ കാരണമായേക്കാം. കൈവരിയിൽ അപകടം പതിയിരിക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. കൈവരിയിലെ തൂണുകളെ തമ്മിൽ ബന്ധിപ്പിച്ച് കുറുകെ കമാന രൂപത്തിൽ നിർമിച്ച കോൺക്രീറ്റ് നിർമിതിക്ക് ഇടയിലെ വിടവാണ് അപകടക്കെണിയാകുന്നത്. കാഴ്ചകാണാൻ എത്തുന്ന സഞ്ചാരികൾ അധികസമയവും പാലത്തിലാകും ചെലവഴിക്കുക. പാലത്തിൽനിന്ന്​ കാഴ്ചകാണാൻ ഇരുവശത്തും സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികളെ താഴെ ഇറക്കി നിർത്തിയശേഷം ചില രക്ഷിതാക്കളും മുതിർന്നവരും പരസ്പരം ചിത്രങ്ങൾ എടുക്കുന്ന ശ്രദ്ധയിലേക്ക് മാറുകയാണ് പതിവ്. ഈ സമയം കൈവരിക്ക്​ അരികിൽ നിൽക്കുന്ന കുട്ടികൾ വിടവുകൾക്കിടയിലൂടെ ഊർന്നിറങ്ങാൻ സാധ്യത ഏറെയാണ്. പല കുട്ടികളും ഇതിനായി ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ സമീപത്തുണ്ടായിരുന്നവർ സമയത്ത് ഇടപെട്ടത് മൂലമാണ് അപകടം ഒഴിവായത്. അപകട സാധ്യത ചൂണ്ടിക്കാട്ടി പാലം സന്ദർശിക്കാനെത്തിയ നിരവധിപേർ സമൂഹമാധ്യമങ്ങളിൽ മുന്നറിയിപ്പ് നൽകിട്ടുണ്ട്. വലിയഴീക്കൽ പാലം മറ്റ് പാലത്തിൽനിന്ന്​ വ്യത്യസ്തമായി ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണെന്ന സന്ദേശമായിരുന്നു ബന്ധപ്പെട്ട അധികാരികൾ നൽകിയത്. സഞ്ചാരികൾക്ക് പാലത്തിൽനിന്ന്​ കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയതും അതുകൊണ്ടാണ്. എന്നാൽ, കൈവരി നിർമാണത്തിൽ കൊച്ച് കുട്ടികളടക്കം നൂറുകണക്കിന് ആളുകൾ തമ്പടിക്കുന്ന സ്ഥലമെന്ന കാഴ്ചപ്പാട് ഉണ്ടായില്ല. അതാണ് നിലവിലെ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണം. അധികമാരുടെയും ശ്രദ്ധയിൽപെടാത്ത പാലത്തിലെ നിലവിലെ സുരക്ഷാ പ്രശ്നം സഞ്ചാരികളുടെ ശ്രദ്ധയിൽപെടുത്താൻ അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.