അമ്പലപ്പുഴ ക്ഷേത്രത്തിൽ നവീകരിച്ച നിർമാണ പ്രവർത്തനങ്ങളുടെ സമർപ്പണം

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവീകരിച്ച നിർമാണ പ്രവർത്തനങ്ങളുടെ സമർപ്പണം ചൊവ്വാഴ്ച നടക്കും. അഷ്ടമി രോഹിണി ദിനത്തിൽ വിപുലമായ പിറന്നാൾ സദ്യയും നടത്തുമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ്​ മധു പി. ദേവസ്വംപറമ്പ്, വൈസ് പ്രസിഡന്‍റ്​ എൻ. ശശീന്ദ്രൻ, സെക്രട്ടറി ഉണ്ണികൃഷ്ണണൻ ജി. അനുഗ്രഹ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പടിഞ്ഞാറെ നടയിലെ ആൽത്തറ, നടപ്പന്തൽ, കളിത്തട്ട് എന്നിവയുടെ നവീകരണവും ക്ഷേത്ര തിരുമുറ്റത്തെ ചരൽ വിരിക്കലുമാണ് 10 ലക്ഷം രൂപ ചെലവിൽ നവീകരണം പൂർത്തിയാക്കിയത്. ഓട നിർമാണത്തോടുകൂടിയാണ് നടപ്പന്തൽ നിർമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തിരുവിതാംകൂർ രാജ കുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ തമ്പുരാൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ്​ പ്രസിഡന്‍റ്​ അനന്തഗോപൻ നവീകരണ പ്രവർത്തനങ്ങളുടെ സമർപ്പണം നിർവഹിക്കും. 17ന് പുലർച്ച മൂന്നിന് നട തുറന്ന ശേഷം 1008 നാളികേരത്തിന്‍റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. ചിങ്ങപ്പിറവി ദിനത്തിൽ ഉച്ചക്ക് 12.30ന് അയ്യായിരത്തോളം ഭക്തർക്കായി പിറന്നാൾ സദ്യയും നടക്കും. അമ്പലപ്പുഴ കുടുംബവേദിയാണ് പിറന്നാൾസദ്യ സമർപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.