ബണ്ടുകളുടെ സംരക്ഷണ സാധ്യത പരിശോധിക്കും ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്ടിലെ കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തി സമയബന്ധിതമായി നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. മടവീണ് നശിച്ച ചമ്പക്കുളത്തെ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാറിന്‍റെ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി എന്നിവക്ക് പുറമേ സംസ്ഥാനത്തും വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നുണ്ട്. വിവിധ കാർഷിക ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് സ്മാർട്ട് ഇൻഷുറൻസ് പദ്ധതി നടപ്പാക്കി കർഷകർക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ഇൻഷുറൻസ് സേവനം നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കാര്‍ഷിക മേഖലയിലുള്ളവര്‍ ഏറെ പ്രതിസന്ധി നേരിടുകയാണ്. ബണ്ടുകളുടെ ഫലപ്രദമായ സംരക്ഷണത്തിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കും. അടിയന്തരമായി വെള്ളം വറ്റിക്കുന്നതിന് ജലസേചന വകുപ്പിന് നിര്‍ദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ടിൽ തകരാറിലായ കുട്ടനാട്ടിലെ റോഡുകളുടെ പുനരുദ്ധാരണം ദുരന്തനിവാരണ പദ്ധതിയില്‍ ഉൾപ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചമ്പക്കുളം ചക്കംകരി അറുന്നൂറ് പാടശേഖരത്തിൽ മടവീഴ്ചയെ തുടർന്ന് താഴ്ന്നുപോയ മുപ്പത്തഞ്ചിൽ ചിറ ജയകുമാറിന്‍റെ വീട് മന്ത്രി സന്ദർശിച്ചു. 2018 ലെ പ്രളയത്തിൽ പൂർണമായി നശിച്ചശേഷം റീബിൽഡ് കേരള പദ്ധതിയിലൂടെ നിര്‍മിച്ച വീടാണ് തകർന്നത്. വീടിന്റെ നഷ്ടം തിട്ടപ്പെടുത്തി റിപ്പോർട്ട് ചെയ്യാൻ ഗ്രാമപഞ്ചായത്ത് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകി. ഈ കുടുംബത്തിന് സാമ്പത്തിക സഹായം ഒരാഴ്ചക്കുള്ളിൽ ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. കൃഷി വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, കലക്ടർ വി.ആര്‍. കൃഷ്ണതേജ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആശ സി. എബ്രഹാം, പ്രിൻസിപ്പൽ കൃഷി ഓഫിസർ സിബി.ടി. നീണ്ടശ്ശേരി, കുട്ടനാട് തഹസിൽദാർ എസ്. അൻവർ, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.ജി. ജലജകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എസ്. ശ്രീകാന്ത് തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.