മടവീണിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം

അമ്പലപ്പുഴ: മടവീണ പാടശേഖരത്തിലെ കൃഷി സംരക്ഷിക്കാന്‍ കര്‍ഷകര്‍ തിരക്കിട്ട് ശ്രമിക്കുമ്പോള്‍ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ശക്തം. തകഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വേളാര്‍കോണം പാടശേഖരത്തിലാണ് കഴിഞ്ഞ ശനിയാഴ്ച മടവീണ് വെള്ളം കയറിയത്. പുലര്‍ച്ച ഒന്നരയോടെ മടവീണതറിഞ്ഞ് പാടശേഖര സമിതി സെക്രട്ടറി മനോജിന്‍റെ നേതൃത്വത്തിലുള്ള കര്‍ഷകരും തൊഴിലാളികളും ചേര്‍ന്ന് പുനർ നിർമാണത്തിനുള്ള ശ്രമം തുടരുമ്പോൾ തകഴിയില്‍നിന്ന്​ അസി. കൃഷി ഓഫിസറും പഞ്ചായത്ത് അംഗവുമെത്തി വിവരങ്ങള്‍ തിരക്കി മടങ്ങിയെന്നാണ്​ ആക്ഷേപം. നിലവില്‍ രണ്ട് ലക്ഷം രൂപയോളം ചെലവഴിച്ചിട്ടും ബണ്ട് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനായിട്ടില്ല. ഇനിയും ലക്ഷങ്ങള്‍ ആവശ്യമായി വരും. ഇതിനുശേഷം വേണം വെള്ളം വറ്റിക്കാന്‍. മോട്ടോര്‍തറ വെള്ളത്തില്‍ മുങ്ങിയതിനാല്‍ മറ്റൊരു മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കേണ്ടിവരും. ഇതിന്​ 40 എച്ച്.പിയുടെ മോട്ടോര്‍ വാടകക്കെടുത്തിരിക്കുകയാണ്. ഇതിന്‍റെ പെട്ടിയും പറയും സ്ഥാപിക്കാനുള്ള ശ്രമവും ബണ്ട് പുനര്‍നിർമാണത്തിനൊപ്പം നടത്തിവരുകയാണ്. 82 ഏക്കറുള്ള പാടശേഖരത്തില്‍ ചെറുകിട കര്‍ഷകരാണ് കൃഷി ചെയ്യുന്നത്. പാടശേഖര സമിതി സെക്രട്ടറിയും കര്‍ഷകരില്‍ ചിലരും ചേര്‍ന്നാണ് നിലവിലുള്ള ചെലവുകള്‍ വഹിക്കുന്നത്. വേരുകള്‍ ചീയുന്നതിന് മുമ്പായി വെള്ളം വറ്റിച്ചില്ലെങ്കില്‍ 50 ദിവസമായ നെല്‍ച്ചെടികള്‍ നശിക്കും. എന്നാല്‍, സര്‍ക്കാര്‍ ധനസഹായം ലഭിച്ചില്ലെങ്കില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തര സഹായം അനുവദിച്ചതായി കൃഷി വകുപ്പ് പ്രഖ്യാപനം നടത്തിയെങ്കിലും നടപടിയൊന്നുമായിട്ടില്ല. (ചിത്രം... വേളാര്‍കോണം പാടശേഖരം വറ്റിക്കാൻ മോട്ടോറും പെട്ടിയും പറയുമായി പോകുന്ന കര്‍ഷകര്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.