വെള്ളക്കെട്ട്​ തടയാൻ ഗേറ്റ്​ അടച്ച്​ മതിൽ; ഇടപെട്ട്​ മന്ത്രി

ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു കായംകുളം: വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷനേടാൻ ഗേറ്റിന് മുന്നിൽ മതിൽ സ്ഥാപിച്ച രവിയുടെയും ഗീതയുടെയും സങ്കടം പരിഹരിക്കാൻ നേരിട്ട്​ ഇടപെട്ട്​ മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയുടെ നിർദേശാനുസരണം പൊതുമരാമത്ത് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ വിഷയം പഠിക്കാൻ ഓട്ടോ ഡ്രൈവറായ കൃഷ്ണപുരം കാപ്പിൽ ശ്രീവൽസത്തിൽ എത്തി. റോഡ് നിർമാണത്തിലൂടെ വെള്ളപ്പൊക്ക ഭീഷണിയിലായ വീട്​ സംരക്ഷിക്കാൻ ഗേറ്റിന് മുന്നിൽ മതിൽ കെട്ടിയത് 'മാധ്യമം' റിപ്പോർട്ട്​ ചെയ്തിരുന്നു. നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ ആർ. അനിൽകുമാർ, മാവേലിക്കര സബ് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനിയർ വി. സ്മിത, അസി. എൻജിനീയർ വി.ജി. പ്രേംലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ച് പരിഹാര സാധ്യത പഠിച്ചത്​. റോഡ് ഉയർത്തി നവീകരിച്ചപ്പോൾ വെള്ളം ഒഴുകുന്നതിന്​ സ്ഥാപിച്ച ഓട പൂർത്തിയാക്കാതിരുന്നതാണ് വെള്ളക്കെട്ടിന്​ കാരണമായത്. ഒന്നര വർഷം മുമ്പാണ് പഞ്ചായത്ത് ഓഫിസ് -പനയന്നാർകാവ് റോഡ് നവീകരിച്ചത്. ഒപ്പം ഓട നിർമാണവും പൂർത്തിയാക്കിയിരുന്നു. എന്നാൽ, കുറക്കാവ് ക്ഷേത്ര ഭാഗത്തേക്കുള്ള പഞ്ചായത്തിന്‍റെ ഓടനിർമാണം നടക്കാതിരുന്നതാണ് വെള്ളം ഒഴുകുന്നതിന് തടസ്സമായത്. വീടിന്‍റെ മറ്റൊരു അതിരിലൂടെയുണ്ടായിരുന്ന നീരൊഴുക്ക് തോട് പഞ്ചായത്ത് കോൺക്രീറ്റ് റോഡാക്കി മാറ്റിയതും വെള്ളക്കെട്ടിന് കാരണമായി. മഴക്കാലം ദുരിതമായതോടെ പരിഹാരത്തിനായി പഞ്ചായത്ത് ഓഫിസിൽ പലതവണ കയറിയിറങ്ങിയെങ്കിലും അധികാരികൾ കൈമലർത്തി. ഇതോടെയാണ് വഴി അടച്ച് മതിൽ സ്ഥാപിക്കാൻ വീട്ടുകാർ നിർബന്ധിതരായത്. പഞ്ചായത്ത് ഓട പൂർത്തിയാക്കിയാൽ സുഗമമായി വെള്ളം ഒഴുകുമെന്നും എന്നിട്ടും പരിഹാരമായില്ലെങ്കിൽ ഉചിതമായ മറ്റ് മാർഗങ്ങൾ സ്വീകരിക്കാമെന്നുമാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥ സംഘം പറയുന്നത്. ചിത്രം1:APLKY3ROADMDM1 വെള്ളക്കയറ്റത്തിൽനിന്നും രക്ഷനേടാൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ച മതിൽ ചിത്രം 2:APLKY3ROADMDM2 മാധ്യമം നൽകിയ വാർത്ത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.