1.നിശബ്ദ പ്രചരണ ദിനത്തിൽ കായംകുളം നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ വീട് കയറുന്നു, 2.നിശബ്ദ പ്രചരണ ദിനത്തിൽ കായംകുളം നഗരത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ വീട് കയറുന്നു
കായംകുളം: നിശബ്ദ പ്രചരണ ദിനത്തിൽ ശബദ്കോലാഹലവുമായി സോഷ്യൽ മീഡിയയിൽ ആവേശപ്പോര്. എതിരാളികളെ അടിച്ചിരുത്തുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് നവമാധ്യമങ്ങളെ സജീവമാക്കിയത്.
കൊണ്ടും കൊടുത്തും ഇരുപക്ഷമായി ചേരിതിരിഞ്ഞതോടെ തെരുവുകളെക്കാൾ ആവേശ പ്രചരണ ഇടമായി സോഷ്യൽ മീഡിയ ഇടങ്ങൾ മാറി.
വീടുകയറി പറഞ്ഞിരുന്ന കാമ്പയിൻ രീതിക്ക് പകരമായി നവമാധ്യമങ്ങളെ നന്നായി ഉപയോഗപ്പെടുത്താൻ മുന്നണികൾക്കായി. നേട്ടങ്ങളും കുറ്റങ്ങളും കുറവുകളുമെല്ലാം വിശദീകരിക്കാനുള്ള ഇടമായി മാറിയ നവമാധ്യമ പ്ലാറ്റുഫോമുകളിൽ ആവേശം ഉച്ചസ്ഥായിലായതോടെ കാര്യങ്ങൾ കൈവിടുന്ന അവസ്ഥയുമുണ്ടായി. പന്തയങ്ങളും വെല്ലുവിളികളും കളിയാക്കലും അതിരുവിടുന്ന അവസ്ഥ പലപ്പോഴും പ്രകോപനത്തിനും കാരണമായി. വികസന നേട്ടങ്ങളുയർത്തിയ ഇടത് സ്ഥാനാർഥി യു. പ്രതിഭയുടെ പക്ഷത്തെ വികസനമില്ലായ്മ അക്കമിട്ട് നിരത്തിയാണ് യു.ഡി.എഫ് സ്ഥാനാർഥി എം. ലിജു വിഭാഗം നേരിട്ടത്. വികസനങ്ങളുടെ റീലുകളുമായി ഇടത് പ്രവർത്തകർ കളം പിടിച്ചപ്പോൾ വികസനമില്ലായ്മകളുടെയും പോരായ്മകളുടെയും റീലുകളുമായി യു.ഡി.എഫ് പ്രവർത്തകരും പ്രതിരോധം തീർത്തു.
ഇതിനിടെ ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ തങ്ങൾക്കനുകൂലമാക്കാനുള്ള അവസാന അടവുകളുമായി സ്ഥാനാർഥികളും പ്രവർത്തകരും നിശബ്ദ പ്രചരണ ദിനത്തിലും മണ്ഡലത്തിൽ സജീവമായിരുന്നു.
വിലയിരുത്തലിൽ മനസിലായ പോരായ്കൾ നികത്താനായി വിശ്രമരഹിത പ്രവർത്തനങ്ങളാണ് അവസാന മണിക്കൂറുകളിലും കാഴ്ചവെച്ചത്. ഇതിനിടയിൽ വിവാഹ ചടങ്ങുകളിലും മരണ വീടുകളും സന്ദർശിക്കാനും സ്ഥാനാർഥികൾ സമയം കണ്ടെത്തി. ഇടത് സ്ഥാനാർഥി യു. പ്രതിഭയും യു.ഡി.എഫ് സ്ഥാനാർഥി എം. ലിജുവും മണ്ഡലത്തിന്റെ മിക്ക ഭാഗങ്ങളിലും ഓടിയെത്തിയിരുന്നു. ഫോണിലൂടെ പരമാവധി വോട്ടർമാരുമായും ഇരുവരും സംസാരിച്ചു. പ്രവർത്തകരാകട്ടെ ബൂത്തുകൾ സജ്ജീകരിക്കുന്നതിനൊപ്പം വീടുകൾ കയറി വോട്ട് ഉറപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇഞ്ചോടിഞ്ച് മത്സര പ്രതീതി സൃഷ്ടിച്ച മണ്ഡലത്തിൽ ഇരുകൂട്ടരും വിജയ പ്രതീക്ഷയിലാണ്. പത്തിയൂർ, ചെട്ടികുളങ്ങര പഞ്ചായത്തിലെ മികച്ച മുന്നേറ്റമാണ് ഇടത് സ്ഥാനാർഥി പ്രതിഭയുടെ പ്രതീക്ഷ.
ഇതോടൊപ്പം ഭരണിക്കാവ്, ദേവികുളങ്ങര പഞ്ചായത്തുകൾ കൂടി അനുകൂലമായാൽ ഹാട്രിക് വിജയം നേടാനാകുമെന്നാണ് ഇടത് കണക്ക് കൂട്ടൽ. നഗരത്തിലും കൃഷ്ണപുരത്തും ലഭിക്കുന്ന മുന്നേറ്റത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ലിജുവിന്റെ പ്രതീക്ഷ. കണ്ടല്ലൂരും ദേവികുളങ്ങരയും ഭരണിക്കാവും ഇക്കുറി കൈവിടില്ലെന്നും യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നു. ഇതോെടാപ്പം ചെട്ടികുളങ്ങരയിലും പത്തിയൂരിലും പഴയ സ്ഥിതിയിൽ ഇടതുപക്ഷം മുന്നേറില്ലെന്നും ഇവർ പറയുന്നു.
എന്നാൽ, എൻ.ഡി.എ സ്ഥാനാർഥി തമ്പി മേട്ടുതറ നേടുന്ന വോട്ടുകൾ ഇരുപക്ഷത്തും ആശങ്കക്ക് കാരണമാണ്. പിടിക്കുന്നതും പിടിക്കാത്തതുമായ വോട്ടുകൾ ആരെ ബാധിക്കുമെന്നതാണ് കണക്കുകളെ തെറ്റിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത് കേന്ദ്രങ്ങളിൽ എൻ.ഡി.എ നടത്തിയ മുന്നേറ്റം തദ്ദേശത്തിൽ എൽ.ഡി.എഫ് മറികടന്നെങ്കിലും നിയമസഭയിൽ അതെങ്ങനെ പ്രതിഫലിക്കുമെന്നതാണ് വിശകലനക്കാരെ കുഴക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.