'കമ്യൂണിസ്റ്റ് തമ്പുരാൻ' വിശ്വാസ വഴിയിലെത്തിയത്​ ക്രിക്കറ്റും കടന്ന്...

ഹരിപ്പാട്​: കഴിഞ്ഞ ദിവസം അന്തരിച്ച പന്തളം കൊട്ടാരത്തിലെ രേവതി തിരുനാൾ രാമവർമ ചെറുപ്പത്തിൽ ക്രിക്കറ്റ്​ തലയിലേറ്റിയും കമ്യൂണിസവുമായും ജീവിച്ച കൊട്ടാരവാസിയായിരുന്നു. മുതിർന്നപ്പോൾ ക്രിക്കറ്റുപേക്ഷിച്ച് കമ്യൂണിസത്തിനൊപ്പമായി. സോവിയറ്റ് യൂനിയനിൽനിന്നുള്ള കമ്യൂണിസ്റ്റ് സാഹിത്യങ്ങളുടെ മുംബൈയിലെ പ്രധാന പ്രചാരകനായിരുന്നു അദ്ദേഹം. പിന്നീട് പന്തളം വലിയതമ്പുരാനെന്ന പദവിയിലെത്തി. അത് കമ്യൂണിസത്തിൽനിന്ന് ഭക്തിയിലേക്കുള്ള മാറ്റം കൂടിയായി. രേവതി തിരുനാൾ രാമരാജവർമയെ സുഹൃത്തുക്കൾ കമ്യൂണിസ്റ്റ് തമ്പുരാനെന്നാണ് വിളിച്ചിരുന്നത്. 2002 ഏപ്രിലിലാണ്​ പന്തളം കൊട്ടാരത്തിലെ മുതിർന്ന അംഗം എന്നനിലയിൽ വലിയ തമ്പുരാനായി ചുമതലയേറ്റത്​. മാവേലിക്കരയിലെ ഹൈസ്കൂൾപഠനകാലത്താണ് കമ്യൂണിസ്റ്റ്​ ആശയഗതികളോടടുക്കുന്നത്. കോട്ടയം സി.എം.എസ്. കോളജിൽ ഇൻർമീഡിയറ്റിന്​ ചേർന്നപ്പോൾ കൂട്ടുകാരിൽ മിക്കവരും ഇടത്‌ അനുഭാവികളായിരുന്നു. പഠനത്തെക്കാൾ പാർട്ടിയെപ്പറ്റിയുള്ള ചിന്തയായിരുന്നു. ഇതോടെ ആദ്യചാൻസിൽ ജയിക്കാനായില്ല. പിന്നാലെ 1938-ൽ തിരുവിതാംകൂർ സർവകലാശാലയിൽ ചേർന്നു. ക്രിക്കറ്റിന് വളക്കൂറുള്ള മണ്ണായിരുന്നു തിരുവനന്തപുരം. കോളജ് ടീമിലും പിന്നാലെ സർവകലാശാലാ ടീമിലും ഇടംകിട്ടി. സ്പിൻ ബൗളിങ്ങായിരുന്നു ഇഷ്ടം. നന്നായി ഫീൽഡും ചെയ്യുമായിരുന്നു. പിന്നീട് കാർട്ടൂണിസ്റ്റായി തിളങ്ങിയ അബു എബ്രഹാം തമ്പുരാന്റെ ക്രിക്കറ്റ് ടീമിലെ കൂട്ടുകാരനായിരുന്നു. ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയശേഷം മൂന്നുവർഷം നാട്ടിലെ സ്കൂളുകളിൽ അധ്യാപകനായി. പിന്നീട് മുംബൈയിലെത്തി. മധ്യ റെയിൽവേയിൽ ക്ലർക്കായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. പകൽ ഓഫിസ് ജോലിയും രാത്രി സംഘടനാപ്രവർത്തനവുമായിരുന്നു രീതി. 25 വർഷമാണ് കമ്യൂണിസത്തിനൊപ്പം ജീവിച്ചത്. 1977-ൽ ഔദ്യോഗികജീവിതത്തിൽനിന്നുള്ള പടിയിറക്കം. പിന്നീട് കുടുംബത്തിനൊപ്പം ഹരിപ്പാട് കുമാരപുരത്തുള്ള അനന്തപുരം തെക്കേ കൊട്ടാരത്തിൽ താമസമാക്കി. അപ്പോഴും മനസ്സിൽ കമ്യൂണിസ്റ്റ് ആശയഗതികളായിരുന്നു. 1986-ൽ പന്തളം രാജാവിന്റെ പ്രതിനിധിയായി ശബരിമലയിൽ പോയി. ഭക്തിയോടെയുള്ള യാത്രയായിരുന്നില്ല അതെന്നായിരുന്നു പിന്നീട് തമ്പുരാൻ പറഞ്ഞത്. 16 വർഷത്തിനുശേഷമാണ് കൊട്ടാരത്തിലെ മൂപ്പുമുറയനുസരിച്ച് അദ്ദേഹം പന്തളം വലിയതമ്പുരാനാകുന്നത്. ചിട്ടയായ ജീവിതശൈലിയായിരുന്നു തമ്പുരാന്റേത്. മൂന്നുവർഷം മുമ്പ്​ ഭാര്യ മരിച്ചു. അതോടെ ചിട്ടകൾക്ക്​ നേരിയ മാറ്റങ്ങളുണ്ടായി. എങ്കിലും ജപവും വായനയും ഒന്നും മുടക്കിയിരുന്നില്ല. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.