സഞ്ചാരികളുടെ തിരക്കേറിയതോടെയാണ് കൂടുതൽ ബോട്ടുകൾ നിർമിക്കാൻ തീരുമാനിച്ചത് ആലപ്പുഴ: കുറഞ്ഞ ചെലവിൽ കായൽയാത്രക്ക് സഞ്ചാരികളെ ആകർഷിക്കാൻ ജലഗതാഗത വകുപ്പിന്‍റെ മൂന്ന് ബോട്ടുകൾ കൂടി ഓണത്തിന് സർവിസ് തുടങ്ങും. ആലപ്പുഴക്ക് രണ്ടും കൊല്ലത്തിന് ഒരു ബോട്ടുമാണ് ലഭിക്കുക. 120 സഞ്ചാരികൾക്ക് യാത്രചെയ്യാൻ കഴിയുന്ന ശീതീകരണ സംവിധാനം ഉള്ള 'വേഗ' ബോട്ടും 75യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന സീ കുട്ടനാട് ബോട്ടുമാണ് ടൂറിസം മേഖലയിൽ സർവിസ് നടത്തുന്നത്. ഇവയിൽ സഞ്ചാരികളുടെ വരവിനനുസരിച്ച് യാത്ര അനുവദിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇതോടെയാണ് കൂടുതൽ ബോട്ടുകൾ നിർമിക്കാനും സർവിസ് നടത്താനും വകുപ്പ് തീരുമാനിച്ചത്. 100 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന സോളാർ റൂയീസ് ബോട്ടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. മൂന്ന് കോടിയാണ് ചെലവ്. ഒരുനിലയോടെ സീ കുട്ടനാടും രണ്ട് നിലയിലുള്ള സീ അഷ്ടമുടി ബോട്ടുകളുടെ നിർമാണവുമാണ് പൂർത്തിയാകുന്നത്. 72 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബോട്ടുകളുടെ നിർമാണത്തിന് ഓരോന്നിനും ചെലവ് 2.5 കോടിയാണ്. സീ കുട്ടനാട് ജൂലൈയിലും മറ്റ് രണ്ട് ബോട്ടുകൾ സെപ്റ്റംബറിലുമാണ് നീറ്റിലിറക്കുന്നത്. നിലവിലുള്ള വേഗയുടെ അതേ വലുപ്പത്തിൽ മറ്റൊരു വേഗ ബോട്ടുകൂടി നിർമിക്കുന്നതിന് മൂന്ന് കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അരൂരിലെ സ്വകാര്യ സ്ഥാപനത്തിനാണ് നിർമാണ ചുമതല. രണ്ട് പുതിയ വാട്ടർ ടാക്‌സിയുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. പറശ്ശിനിക്കടവ്, മുഹമ്മ എന്നിവിടങ്ങളിലാണ് വാട്ടർ ടാക്‌സിയുള്ളത്. ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്ന് രാവിലെ 11ന് ആരംഭിച്ച് വൈകീട്ട് നാലിന് തിരിച്ചെത്തുന്ന വേഗ സർവിസാണ് പ്രധാനം. പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, ആർ ബ്ലോക്ക് തുടങ്ങിയവയിലൂടെയാണ് ഇവയുടെ സഞ്ചാരം. എ.സി സീറ്റിന് 600 രൂപയും നോൺ എസിക്ക് 400 രൂപയുമാണ് നിരക്ക്. മുഹമ്മ ബോട്ടുജെട്ടിയിൽനിന്ന് ആരംഭിച്ച വാട്ടർ ടാക്‌സിയാണ് മറ്റൊന്ന്. ഒരുമണിക്കൂർ യാത്രക്ക് ഒരാൾക്ക് 150 രൂപ വീതം 10 പേർക്ക് 1500രൂപയും 15മിനിറ്റ് യാത്രക്ക് ഒരാൾക്ക് 40 രൂപ വീതം 400രൂപയുമാണ് ചാർജ്. ഒരു മണിക്കൂർ മുതൽ ഒരു ദിവസം വരെ നീളുന്ന കായൽപ്പരപ്പിലെ യാത്രക്ക് ആയിരക്കണക്കിന് രൂപ സ്വകാര്യ ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളുമൊക്കെ ഈടാക്കുമ്പോൾ വെറും 400 രൂപക്ക് അഞ്ച് മണിക്കൂർ സുരക്ഷിത ബോട്ട് യാത്രയാണ് ജലഗതാഗത വകുപ്പ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.