വെള്ളപ്പൊക്കം: എ.സി കനാൽ നവീകരണത്തിന്​ നടപടിയില്ല

മദ്രാസ് ഐ.ഐ.ടിയുടെ പഠനം എന്തായെന്ന്​ അറിവില്ല കുട്ടനാട്: കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ കാലങ്ങളായ മുറവിളിക്കൊടുവിലും നടപടിയില്ല. വെള്ളപ്പൊക്കം തടയാൻ എ.സി കനാൽ പള്ളാത്തുരുത്തി വരെ തുറക്കണമെന്ന മുറവിളിക്ക് ഏറെ പഴക്കമുണ്ട്. ഡോ. എം.എസ്. സ്വാമിനാഥൻ അടക്കം വിദഗ്ധർ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ- ചങ്ങനാശ്ശേരി കനാൽ നെടുമുടി വരെ നീട്ടി നദിയുമായി ബന്ധിപ്പിക്കണമെന്ന സ്വാമിനാഥന്റെ ശിപാർശ പരിഗണനയിലാണെന്ന്​ മുമ്പ്​ നിയമസഭയിൽ സർക്കാർ അറിയിച്ചിരുന്നു. എ.സി കനാൽ നവീകരണത്തിന്​ ഹൈഡ്രോ ഡൈനാമിക് പഠനം നടത്താൻ​ മദ്രാസ് ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയതാണ്​. എന്നാൽ, പഠനം എന്തായെന്ന് ആർക്കും അറിയില്ല. ഉദ്യോഗസ്ഥരുടെയും ചില രാഷ്ട്രീയക്കാരുടെയും തമ്മിലടിയാണ് കനാലിന്റെ ദുരവസ്ഥക്ക്​ കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. 24 കിലോമീറ്റർ നീളമുള്ള എ.സി റോഡിന്റെ നിർമാണത്തിന്​ കട്ടകുത്തിയെടുത്തതിനെ തുടർന്നു രൂപപ്പെട്ടതാണ് എ.സി കനാൽ. കനാൽ എന്നുപറയാകാനില്ലെന്നും നീളമുള്ള കുളമെന്നേ പറയാനാകൂവെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ പക്ഷം. വെള്ളമൊഴുകിപ്പോകാൻ മാർഗമില്ലെന്നതാണ് പ്രശ്നം. അനധികൃത നിർമാണവും കൈയേറ്റവും ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. മഴ കനത്താലും വെള്ളം നിയന്ത്രിക്കാൻ ഡാം തുറന്നാലും കിഴക്കൻ വെള്ളം കുതിച്ചെത്തി കുട്ടനാടിനെ മുക്കും. ഇത്​ ഒഴിവാകണമെങ്കിൽ കനാലുകളിലൂടെയും നദികളിലൂടെയും അധികജലം കടലിലേക്ക് ഒഴുകിപ്പോകണം. ഇതിന്​ ഒരു പ്രധാന മാർഗമാണ് എ.സി കനാൽ. ഇത്​ കാര്യക്ഷമമല്ലാതെ വന്നതോടെ രണ്ട്​ ദിവസത്തെ തുടർ മഴയിൽ പോലും കുട്ടനാട്​ വെള്ളത്തിലാകും. ഇതു പരിഹരിക്കാൻ മനക്കച്ചിറ- ഒന്നാംകര, ഒന്നാംകര- നെടുമുടി, നെടുമുടി- പള്ളാത്തുരുത്തി എന്നിങ്ങനെ മൂന്നു ഘട്ടമായി നവീകരണം നടത്തി ആഴം കൂട്ടണമെന്നാണ് പാക്കേജിലെ നിർദേശം. ഇതിനായി ഒന്നാം പാക്കേജിൽ 80 കോടി രൂപ നീക്കി വെച്ചെങ്കിലും ഉദ്യോഗസ്ഥരുടെ തമ്മിലടിയിൽ ഒന്നും നടന്നില്ലെന്നാണ്​ ആക്ഷേപം. ജലവിഭവ വകുപ്പും വകുപ്പിന്​ കീഴിലെ ഡിസൈൻ ബോർഡും തമ്മിൽ കിടങ്ങറ- മുട്ടാർ പാലം നിർമാണത്തെച്ചൊല്ലിയുള്ള തർക്കമാണ്​ വിലങ്ങുതടി. ഈ പ്രശ്‌നങ്ങൾക്ക്​ പരിഹാരം കാണാനാണ് ഹൈഡ്രോ ഡൈനാമിക് പഠനം നടത്താൻ മദ്രാസ് ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.