ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ട് അപകടം തുടർക്കഥയായതോടെ വിനോദസഞ്ചാരികൾക്ക് ആശങ്ക. സുഹൃത്തുക്കൾക്കൊപ്പം കായൽയാത്ര ആസ്വദിക്കാനെത്തിയ വർക്കല സ്വദേശിയായ സർക്കാർ ജീവനക്കാരൻ കാൽവഴുതി വെള്ളത്തിൽവീണ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ചെങ്ങന്നൂർ ഐ.ടി.ഐയിലെ ഹെഡ്ക്ലർക്ക് തിരുവനന്തപുരം വർക്കല ശ്രീനാരായണപുരം പ്രീത ലാൻഡിൽ പ്രദീപ് ബി.നായരാണ് (45) മരിച്ചത്. ഇതോടെ ഒമ്പത് ദിവസത്തിനിടെ ആലപ്പുഴയിലുണ്ടായ ഹൗസ്ബോട്ട് അപകടത്തിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. ഈമാസം 11ന് പുലർച്ച അഞ്ചിനായിരുന്നു ആദ്യസംഭവം. കന്നിട്ട ജെട്ടിയിൽ നിർത്തിയിട്ട ഹൗസ്ബോട്ട് പൂർണമായും മുങ്ങിയതിനുപിന്നാലെ സഞ്ചാരികളുടെ സാധനങ്ങൾ വെള്ളത്തിൽനിന്ന് വീണ്ടെടുക്കാൻ സഹായിക്കാനെത്തിയ നാട്ടുകാരൻ കൈനകരി ഇ.എം.എസ് ബോട്ടുജെട്ടി വാളാത്ത് തറയിൽ പ്രസന്നൻ (അർജുൻ-63) ആണ് മരിച്ചത്. അപകടത്തിൽ മുങ്ങിയ 'കാർത്തിക' ഹൗസ്ബോട്ടിൽനിന്ന് ഓടിയിറങ്ങിയ തമിഴ്നാട് സ്വദേശികളായ മൂന്ന് സഞ്ചാരികളും ജീവനക്കാരനും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രണ്ടാമത്തെ മരണം ഈമാസം 16നായിരുന്നു. ഹൗസ്ബോട്ടിൽ പത്തംഗസംഘത്തിനൊപ്പം യാത്രചെയ്യവെ അഴിയില്ലാത്ത ജനാലവഴി കായലിൽവീണ് വാഗമൺ കടമാൻകുഴി വള്ളക്കടവ് ജോസഫിന്റെ മകൻ ജോമോൻ (48) ആണ് മരിച്ചത്. യാത്രവള്ളത്തിൽ ഹൗസ്ബോട്ട് ഇടിച്ച് യുവതി കായലിൽവീണ സംഭവവും അടുത്തിടെയാണ്. കുടുംബസമേതം വള്ളത്തിൽ സഞ്ചരിക്കവെ പിന്നോട്ടെടുത്ത ഹൗസ്ബോട്ടിടിച്ച് കൈനകരി കുപ്പപ്പുറം നടുത്തുരുത്ത് പാവത്തുശ്ശേരി വീട്ടിൽ ബിന്ദുവാണ് (43) കായലിൽ മുങ്ങിത്താഴ്ന്നത്. കൂടെയുണ്ടായിരുന്ന 12 വയസ്സുകാരൻ മകൻ വാവിട്ട് നിലവിളച്ചതോടെ ഭർത്താവ് ബിനോജി കായലിൽ ചാടിയാണ് രക്ഷപ്പെടുത്തിയത്. ഹൗസ്ബോട്ടിന്റെ പ്രൊപ്പല്ലറിൽ തട്ടി ബിന്ദുവിന്‍റെ കാലിന് മുറിവേറ്റിരുന്നു. ഒരുമാസത്തിനുള്ളിൽ നാല് ഹൗസ്‌ബോട്ടുകൾക്കാണ് തീപിടിച്ചത്. കായൽസൗന്ദര്യവും കുട്ടനാടിന്റെ തനത് രുചിയും അറിയാൻ ജില്ലയിലേക്ക് എത്തുന്നവടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. എന്നാൽ, സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളോട് ബോട്ടുടമകൾ മുഖംതിരിക്കുകയാണ്. കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതാണ് ദുരന്തങ്ങൾക്ക് പലപ്പോഴും കാരണം. കായൽ സവാരിക്കിടെ അടിക്കടിയുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ടൂറിസം മേഖലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. സുരക്ഷ നിർദേശങ്ങൾ ജീവനക്കാരും ഉടമകളും സഞ്ചാരികളും അവഗണിക്കുന്നതും അപകടത്തിന് കാരണമാകുന്നു. പരിശോധന 'വക'വെക്കാതെ ബോട്ടുടമകൾ ആലപ്പുഴ: കാലപ്പഴക്കം ചെന്ന ഹൗസ്ബോട്ടുകൾക്ക് പലതും രേഖകളില്ലാതെയാണ് ഓടുന്നത്. തുറമുഖ വകുപ്പിന്‍റെ പരിശോധന സംഘം നോട്ടീസ് നൽകിയാലും അതൊന്നും വകവെക്കാതെയാണ് സഞ്ചാരം. കായലോര വിനോദസഞ്ചാര മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ സഞ്ചാരികളുടെ സുരക്ഷ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നു. ഹൗസ്ബോട്ടിൽ എപ്പോൾ വേണമെങ്കിലും ഏതുവിധത്തിലും അപകടം ഉണ്ടാകാം. അതിന് മതിയായ സുരക്ഷയൊരുക്കുകയാണ് മാർഗം. ഹൗസ്ബോട്ടുകൾ കത്തിനശിക്കുന്നതും മുങ്ങിത്താഴുന്നതുമായ സംഭവങ്ങൾ പതിവായിട്ടും എങ്ങനെ അതിനെ നേരിടണമെന്നതിനെക്കുറിച്ച് ജീവനക്കാർക്ക് ധാരണയില്ല. ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാൻപോലും അറിയാത്തവരാണ് ഭൂരിഭാഗവും. ഇവർക്ക് ആവശ്യമായ ബോധവത്കരണവും പരിശീലനവും കിട്ടുന്നില്ലെന്നതാണ് വസ്തുത. ഒരാഴ്ചക്കിടെ രണ്ട് ജീവനെടുത്ത ഹൗസ്ബോട്ടുകൾക്ക് ലൈസൻസ് അടക്കമുള്ള രേഖകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അപകടമുണ്ടാകുമ്പോൾ മാത്രം നടത്തുന്ന പരിശോധന പിന്നീട് നിലക്കുകയാണ് പതിവ്. പിടികൂടുന്ന ബോട്ടുകൾക്ക് സുരക്ഷവീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽപോലും പിഴയൊടുക്കി രക്ഷപ്പെടാനുള്ള സംവിധാനമാണുള്ളത്. ഹൗസ്ബോട്ടുകളിൽ യാത്രചെയ്യുന്ന സഞ്ചാരികളുടെ ജീവൻ അപകടത്തിൽപ്പെട്ടാൽ ആര് സമാധാനം പറയുമെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. ബോട്ടുടമകൾ ആവശ്യപ്പെടുന്ന പണം നൽകിയാണ് വിനോദസഞ്ചാരികൾ കായൽയാത്ര നടത്തുന്നത്. അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഹൈകോടതി തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. APL punnamada boat ആലപ്പുഴ പുന്നമട ഫിനിഷിങ് പോയന്‍റിൽ ഹൗസ്ബോട്ടിൽ കയറുന്ന സഞ്ചാരികൾ APL house boat madhyamam സുരക്ഷയില്ലാതെ കായൽസവാരി നടത്തുന്ന അനധികൃത ഹൗസ്ബോട്ടുകളെക്കുറിച്ച് തിങ്കളാഴ്ച മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.