കായംകുളം: മന്ത്രവാദക്കളത്തിൽ തെരഞ്ഞെടുപ്പ് വിജയവും പരാജയവും തീരുമാനിക്കപ്പെടുമെന്ന ചർച്ചയാണ് ഫലപ്രഖ്യാപനത്തിന് ശേഷം കാസിമിക്കാടെ ചായക്കടയെ സജീവമാക്കുന്നത്. നഗരത്തിന്റെ വടക്കൻ മേഖല വാർഡുകളിലെ ജയപരാജയങ്ങളെ തുടർന്നുള്ള ഫോൺവിളികളാണ് ചർച്ചക്ക് കാരണമായത്.
സ്ഥാനാർഥികളുടെ വിജയത്തിനായി ആത്മീയ സദസ്സ് നടത്തിയ ‘മുസ് ലിയാരാണ്’ ചർച്ചയുടെ കാതൽ. തേടിവന്ന എല്ലാ സ്ഥാനാർഥികളുടെയും വിജയത്തിനായി ഇദ്ദേഹം സദസ്സ് നടത്തിയിരുന്നു. ചിലർ ജയിച്ചു. ചിലർ തോറ്റു. പ്രാർഥന സദസ്സ് പാരയായ വിവരം അറിഞ്ഞ തോറ്റവർക്ക് ഇതങ്ങോട്ട് ഉൾക്കൊള്ളാനായില്ല. ഫലപ്രഖ്യാപനത്തിന് മുമ്പ് അറിഞ്ഞിരുന്നെങ്കിൽ പരിഹാര ക്രിയ നടത്തി വിജയം ഉറപ്പാക്കാമായിരുന്നു. വിജയികൾ വോട്ടർമാരെ കാണുംമുമ്പായി മുസ്ലിയാരെ കാണാൻ ഇറങ്ങിയതാണ് കള്ളി വെളിച്ചത്താക്കിയത്. ഇതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. പരാജിതർക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കവും വരുന്നില്ല. പിന്നെ പറഞ്ഞതൊന്നും അവർക്കും ഓർമയില്ല. ഇതോടെ ആത്മീയ സദസ്സുകളും ഒരു നിമിഷം സ്തംഭനത്തിലായി. കാര്യം കൈവിട്ടാൽ ആത്മീയ ഉന്മാദാവസ്ഥയിൽ കത്തി, വാൾ തുടങ്ങിയ ആയുധങ്ങളുമായി സ്വശരീരത്തിൽ മുറിവേൽപ്പിക്കുന്ന പ്രാർഥന, സദസ്സിലേക്ക് വഴിമാറുമോ യെന്ന ചർച്ചയും അങ്കലാപ്പിനിടയാക്കി.
പരാജയ പക്ഷക്കാർ മുസ് ലിയാരെ ഫോണിൽ വിളിക്കുന്നതോടെയാണ് സംഭവങ്ങളുടെ യഥാർഥ ചുരുളഴിയുന്നത്. പ്രകോപിതമായ അവസ്ഥയിലും ഒരാൾക്ക് ഭാഷ എത്രത്തോളം അനായാസമായി കൈകാര്യം ചെയ്യാൻ കഴിയുന്നുവെന്ന് തെളിയിക്കുന്ന സംസാര നൈപുണ്യമാണ് റെക്കോഡ് ചെയ്യപ്പെട്ട സംഭാഷണങ്ങളിലൂടെ പുറത്തുവന്നത്. തെറിവാക്കുകളും താക്കീതും ഭീഷണിയും ഇത്രയും സൗമ്യമായി ഒരാൾക്ക് പറയാൻ കഴിയുമോയെന്നാണ് കടയിലിരുന്നവർ ഒരേ സ്വരത്തിൽ ചോദിച്ചത്.
പ്രാർഥന സദസ്സും ചികിത്സയുമെല്ലാം ഒരു കുടക്കീഴിൽ നടത്തുന്ന ‘മുസ്ലിയാർ’ പല വാർഡുകളിലെയും പല സ്ഥാനാർഥികൾക്കായി സദസ്സ് നടത്തിയെന്ന ഭാഗം കേട്ടതോടെ കടയിൽ ഇരുന്നവർ ഒന്നടങ്കം ഞെട്ടി. ഇതിലൊരാൾ ജയിച്ചതാണ് പ്രശ്നമായത്. മുസ്ലിയാരുടെ അടുത്തയാളടക്കം തോറ്റതാർക്കും പ്രശ്നമില്ല. വിരുദ്ധ മുന്നണിക്കാർക്കായി ഇങ്ങനെ പരിപാടി നടത്തുമ്പോൾ ആർക്കാണ് ഗുണം കിട്ടുകയെന്ന ചോദ്യത്തിനാകട്ടെ ഉത്തരവുമില്ല. മന്ത്രവാദ ശക്തിയാൽ യന്ത്രപ്പെട്ടിയിൽ വോട്ടുകൾ മാറി വീണ് ആരെങ്കിലും ജയിച്ച ചരിത്രമുണ്ടോയെന്ന ആരുടെയോ ചോദ്യം ആരും ഗൗനിച്ചതുമില്ല.
അടി പൊട്ടിക്കുമെന്ന ഭാഗം വന്നതോടെ വിഷയത്തിന് ഗൗരവം കൈവന്നതാണ് കാരണം. കൊണ്ടും കൊടുത്തും തഴക്കമുള്ളവരാണ് വിളിച്ചവരെന്ന് അറിഞ്ഞതോടെ മുസ്ലിയാരുടെയും ഉറക്കം തന്നെ പോയിരിക്കുകയാണ്. ഇതോടെയാണ് ആയുധപ്രയോഗമുള്ള ‘കുത്ത് റാത്തീബ്’ പോലുള്ളവ നടക്കുമോയെന്ന സംശയം ചിലർ ഉയർത്തിയത്. ഇതിനൊപ്പം നേതാക്കളുടെയും അനുയായികളുടെയുമൊക്കെ ചോർന്ന ഫോൺ സംഭാഷണങ്ങളും വാട്സാപ് ഗ്രൂപ്പുകളിലും വൈറലാണ്. തോൽപ്പിച്ച സംഭവങ്ങളും രീതികളും തന്ത്രങ്ങളുമൊക്കെ വിശദീകരിക്കുന്ന സംഭാഷണങ്ങൾ ഇനിയെന്തിനെല്ലാം വഴിമാറുമോ, ആവോ....
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.