ജ്യോത്സ്യൻ ചതിച്ചതാണാശാനെ....എന്നാലും എന്‍റെ നേതാവേ

കായംകുളം: ജ്യോത്സ്യന്‍റെ വാക്കും വിശ്വസിച്ച് ജയസാധ്യതയുള്ള വാർഡ് ഒഴിവാക്കി മത്സരിച്ച് എട്ട് നിലയിൽ പൊട്ടിയവരുടെ സങ്കടം കണ്ടിട്ട് സഹിക്കാനാകുന്നില്ല. ചായക്കടയിലെ വർത്തമാനം കേട്ട് കൂടിയിരുന്നവരെല്ലാം ഒറ്റയടിക്കൊന്ന് ഞെട്ടി. ഈ ‘ജെൻസി’ കാലത്തും അന്ധവിശ്വാസികളായ നേതാക്കളോയെന്ന ചോദ്യം ആരും ഗൗനിച്ചില്ല. പാർട്ടി ഓഫിസുകളുടെ പിന്നാമ്പുറത്തുനിന്ന് പരാജയപെട്ടവരുടെ സങ്കടം പറച്ചിലുകൾ കേട്ടയാളാണ് ചർച്ചക്ക് തുടക്കമിട്ടത്.

‘ജ്യോത്സ്യന്‍റെ’ വാക്കും വിശ്വസിച്ചിറങ്ങിയ വാർഡിൽ മത്സരം പോലുമില്ലാതെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്ഥാനാർഥി ഗണിച്ച ജ്യോത്സ്യനെയും തിരിക്കി നടക്കുകയാണെന്ന വെളിപ്പെടുത്തൽ കൂടി വന്നതോടെ ചർച്ച കൊടുമ്പിരികൊണ്ടു. ജ്യോത്സ്യന്മാർ ചതിച്ച നിരവധി പേരുടെ സങ്കടങ്ങളുടെ ചുരുളാണ് ഇതോടെ അഴിഞ്ഞുവീണത്.

ചെയർമാൻ സ്ഥാനാർഥിയെന്ന നിലയിൽ ഏതാണ്ടൊരു വിജയ സാധ്യതയുള്ള വാർഡാണ് നേതാവിന് പാർട്ടി നിർദേശിച്ചത്. ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിയിലെ സംഭവങ്ങളെ സ്വാധീനിക്കുമെന്ന് വിശ്വാസമുള്ളതിനാൽ ജ്യോത്സ്യന്‍റെ അഭിപ്രായം അറിഞ്ഞിട്ട് തീരുമാനിക്കാമെന്നായിരുന്നു മറുപടി. ‘നല്ല സമയമാണ് എന്നാൽ നിർദേശിച്ച വാർഡിൽ വിജയ സാധ്യതയില്ല, വാർഡ് മാറിയാൽ എല്ലാം ‘സെറ്റെന്ന്’ കവടി നിരത്തി ജ്യോത്സ്യൻ പറഞ്ഞതോടെ കാര്യം കുഴഞ്ഞു. എതിർപാർട്ടിക്ക് കാര്യമായ അടിത്തറയുള്ള വാർഡാണ് ഇദ്ദേഹം നിർദേശിക്കുന്നത്. ഇവിടെ മത്സരിക്കാൻ നിന്ന തന്‍റെ പാർട്ടിക്കാരൻ മാറില്ലെന്നറിഞ്ഞിട്ടും ജ്യോത്സ്യനെ വിശ്വസിച്ച് പത്രിക നൽകി. എതിർപാളയത്തിലെ പടലപ്പിണക്കവും ഗ്രൂപ്പും കഴിഞ്ഞതവണത്തെ പോലെ ഇത്തവണയും തനിക്ക് അനുകൂലമാകുമെന്നും കരുതി. എന്നാൽ, ഫലം വന്നപ്പോൾ രണ്ട് പാർട്ടിക്കാരും ഒരു പോലെ വിമതന് കുത്തിയകാഴ്ചയാണ് കാണുന്നത്.

തനിക്ക് ‘സുരക്ഷിത’ സീറ്റ് നിർദേശിച്ച ജ്യോത്സ്യനെ നല്ലത് പോലൊന്ന് കാണാൻ കാത്തിരിക്കുകയാണ് ഇദ്ദേഹം. കവടിയും സഞ്ചിയിലിട്ട് അന്ന് മുങ്ങിയ ജ്യോത്സ്യൻ ഇതുവരെ മടങ്ങിയെത്തിയിട്ടില്ലന്നാണ് അറിയുന്നത്. പാർട്ടി അധികാരം തിരികെ പിടിച്ചപ്പോൾ ചെയർമാനാകാൻ ഒരാളുമില്ല. ഇതൊന്നുമറിയാതെ തെങ്ങുംചാരി നിന്ന ഘടകകക്ഷിയിലെ യുവ കൗൺസിലറെ ചെയർമാൻ സ്ഥാനം അങ്ങോട്ട് തേടി ചെല്ലുന്നത് കണ്ട് നഗരവാസികൾ ഒന്നടങ്കം അമ്പരന്നു. ഇവനാരാടാ സമയം കുറിച്ചതെന്ന് കടയിലിരുന്ന ഒരാൾ ചോദിക്കുന്നുണ്ടായിരുന്നു.

ജ്യോത്സ്യന്മാരുടെ പ്രവചനത്തിൽ വിശ്വസിച്ച് മത്സരത്തിനിറങ്ങി പരാജയം നേരിട്ടവർ കായംകുളത്ത് സംഘടിക്കുമെന്നൊരു അടക്കം പറച്ചിൽ പാർട്ടി ഓഫിസുകളുടെ പിന്നാമ്പുറത്തു നിന്ന് കേൾക്കുന്നുണ്ട്. ഗ്രഹനിലയിൽ ചെറിയൊരു പിഴവ് വന്നതാണെന്നും ജാതകവശാൽ സംഭവിച്ചത് ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കി പ്രവർത്തിച്ചാൽ മാറ്റിയെടുക്കാമെന്നാണ് നാട്ടുകാരുടെ വർത്തമാനം.

Tags:    
News Summary - local body election special story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.