തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള, ഇടതുപക്ഷം അധികാരത്തിലെത്തിയ തുറവൂർ, കുത്തിയതോട്, കോടന്തുരുത്ത് പഞ്ചായത്തുകളിൽ പ്രസിഡന്‍റ്സ്ഥാനത്തിനായി പിടിവലി. വിജയിച്ചവരിൽ പ്രവർത്തനപരിചയമുള്ള മുതിർന്ന പാർട്ടി അംഗങ്ങളെ പ്രസിഡന്‍റാക്കാനാണ് സി.പി.എം നേതൃത്വം ആലോചിക്കുന്നത്. ഞായറാഴ്ചയാണ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.
രഹസ്യനീക്കങ്ങൾ നടത്തി പാർട്ടിയെ സമ്മർദത്തിലാക്കി പ്രസിഡന്‍റ്സ്ഥാനം കരസ്ഥമാക്കാൻ ചിലർ നീക്കങ്ങൾ നടത്തുന്നുണ്ട്. തുറവൂർ പഞ്ചായത്തിൽ, 13 വർഷമായി സി.ഡി.എസ് അധ്യക്ഷയായി തുടരുന്ന സി.പി.എം അരൂർ ഏരിയ കമ്മിറ്റി അംഗം കൂടിയായ സുധർമണിക്കാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മുൻഗണന. 13ാം വാർഡിൽ 141 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച സുധർമണി 2009 മുതൽ സി.പി.എം അംഗമാണ്. ഒമ്പതാം വാർഡിൽ നിന്ന് വിജയിച്ച യുവനേതാവായ എ.യു. അനീഷിനെ പരിഗണിക്കണമെന്ന ആവശ്യം ചിലർ ഉന്നയിക്കുന്നുണ്ട്.
ഒരുതവണ പഞ്ചായത്ത് അംഗവും ഒരുതവണ ബ്ലോക്ക് അംഗവുമായിരുന്നു അനീഷ്. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലെത്തിക്കാൻ രംഗത്തിറക്കിയ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. എസ്. സുരേഷ് കുമാറും അനിതാ സോമനും പരാജയപ്പെട്ടതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്.
കുത്തിയതോട് പഞ്ചായത്തിൽ എൽ.ഡി.എഫാണ് ഒറ്റക്കക്ഷിയെങ്കിലും സി.പി.എമ്മിന് തനിച്ച് ഭൂരിപക്ഷമില്ല. സി.പി.എം -നാല്, സി.പി.ഐ-മൂന്ന്, യു.ഡി.എഫ് -ആറ്, എൻ.ഡി.എ -നാല് എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെ പ്രസിഡന്‍റ്സ്ഥാനം സി.പി.എമ്മും സി.പി.ഐയും പങ്കിടാനാണ് സാധ്യത. ആദ്യ രണ്ടര വർഷം സി.പി.ഐക്ക് നൽകിയേക്കും.
അങ്ങനെയെങ്കിൽ 13 -ാം വാർഡിൽ നിന്ന് വിജയിച്ച മഹേഷ് കമലാനാഥിനാണ് സാധ്യത. ശേഷം സി.പി.എമ്മിലെ വിനീഷ്, ഗീതാ ഷാജി എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്.
ആകെയുള്ള 18 സീറ്റിൽ 10 ഉം നേടിയാണ് കോടംതുരുത്തിൽ എൽ.ഡി.എഫ് ഭരണം പിടിച്ചത്. ഇതിൽ ഒമ്പതുസീറ്റിലും സി.പി.എമ്മാണ് വിജയിച്ചത്. ഏഴാം വാർഡിൽ നിന്നു വിജയിച്ച കവിതാമോളുടെ പേരാണ് പ്രസിഡന്‍റ്സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കുന്നത്. പാർട്ടി അംഗവും കുടുംബശ്രീ പ്രവർത്തകയുമാണ് കവിതാ മോൾ.
നാലാം വാർഡിൽനിന്ന് വിജയിച്ച സവിതയുടെ പേരും 16-ാം വാർഡിൽ നിന്ന് വിജയിച്ച ശ്യാമള രവീന്ദ്രന്‍റെ പേരും പരിഗണനയിലുണ്ട്. മുതിർന്ന പാർട്ടി അംഗമെന്ന നിലയിൽ ശ്യാമളയും പരിഗണിക്കപ്പെട്ടേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.