നോക്കുകുത്തിയായി നിൽക്കുന്ന സൂനാമി പദ്ധതി പ്രകാരം ആറാട്ടുപുഴ ആയുർവേദ ആശുപത്രിയിൽ നിർമിച്ച കിടത്തി ചികിത്സ വാർഡ്
ആറാട്ടുപുഴ: ലോകത്തെ നടുക്കിയ സൂനാമി ദുരന്തത്തിന് വെള്ളിയാഴ്ച 21 ആണ്ട് തികയുമ്പോൾ ഇനിയും അറുതിയാകാത്ത സങ്കടങ്ങൾ പേറി കഴിയുകയാണ് ആറാട്ടുപുഴ തീരഗ്രാമം. ദുരന്തത്തിൽ നഷ്ടമായ ജീവന്‍റെയും ജീവിതത്തിന്റെയും കണ്ണീർ ഓർമകളും അധികാരികൾ കാട്ടിയ വഞ്ചനയുടെ നോവും ആറാട്ടുപുഴ ഗ്രാമം വെള്ളിയാഴ്ച അനുസ്മരിക്കും. സ്ത്രീകളും കുട്ടികളുമടക്കം 29 മനുഷ്യ ജീവനാണ് കടൽ ദുരന്തത്തിൽ ആറാട്ടുപുഴയിൽ മാത്രം പൊലിഞ്ഞത്.
ചേർത്തല അന്ധകാരനഴിയിൽ ഏഴ് പേരും മരിച്ചു. കടലാക്രമണത്തിന്റെ നിത്യദുരിതം പേറിക്കൊണ്ടിരുന്ന ആറാട്ടുപുഴ നിവാസികൾക്ക് സൂനാമി താങ്ങാൻ ആവാത്ത നഷ്ടങ്ങളാണ് വരുത്തിവെച്ചത്. പഞ്ചായത്തിന്റെ തെക്കൻ പ്രദേശങ്ങളായ പെരുമ്പള്ളി, തറയിൽകടവ്, വലിയഴീക്കൽ എന്നീ പ്രദേശങ്ങളായിരുന്നു തകർന്നടിഞ്ഞത്. മക്കളെയും ഉറ്റവരെയും നഷ്ടപ്പെട്ടവരുടെ മനസ്സിലുണ്ടായ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. ശേഷം സുനാമി ബാധിതരോട് അധികാരികൾ കാട്ടിയ വഞ്ചനയുടെ കണ്ണീരും ഇനിയും തോർന്നിട്ടില്ല. ആറാട്ടുപുഴ ഗ്രാമത്തിന്റെ പുനർനിർമാണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതികൾ ഏറെയും രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.
കൃത്യമായ ആസൂത്രണമില്ലാതെ തുലച്ചുകളഞ്ഞ കോടികൾക്ക് ഒരുകണക്കുമില്ല. ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത ഒരുപിടി പദ്ധതികളുടെ ശവപ്പറമ്പായി ആറാട്ടുപുഴ മാറി. കോടികൾ മുതൽ മുടക്കി നിർമിച്ച നിരവധി പദ്ധതികളാണ് ഒരു ദിവസംപോലും ജനങ്ങൾക്ക് പ്രയോജനപ്പെടാതെ നോക്കുകുത്തിയായി നിൽക്കുന്നത്.സൂനാമി ബാധിതരോട് കാട്ടിയ വഞ്ചനയുടെ നേർസാക്ഷികളായി തീരത്ത് അവയെല്ലാം തലയുയർത്തി നിൽക്കുന്നു.
ആയൂർവേദ ആശുപത്രിയിലെ കിടത്തി ചികിത്സാ വാർഡ് (35 ലക്ഷം) വലിയഴീക്കൽ ഗവ.എച്ച്.എസ് .എസ് സ്കൂൾ കെട്ടിടം (46 ലക്ഷം) മംഗലം ഗവ.എച്ച്.എസ് .എസ്സിൽ നിർമിച്ച ക്ലാസ് മുറികൾ (23 ലക്ഷം) ഫിഷറീസ് ആശുപത്രി വളപ്പിൽ നിർമിച്ച ഒ .പി കെട്ടിടം , തീരവാസികൾക്ക് തൊഴിൽ നല്കുന്നത് ലക്ഷ്യമിട്ട് കോടികൾ മുടക്കി പെരുമ്പള്ളി കുറിയപ്പശേരി ക്ഷേത്രത്തിന് സമീപം നിർമിച്ച ക്ലസ്റ്റർ പ്രൊഡക്ഷൻ യൂനിറ്റ് തുടങ്ങി സുപ്രധാന പദ്ധതികളാണ് പാതിവഴിയിൽ നിലച്ചത്.
മത്സ്യഫെഡിന്റെ മേൽനോട്ടത്തിൽ രാമഞ്ചേരിയിൽ നിർമിച്ച ഫിഷ് മീൽ പ്ലാന്റ് ഉദ്ഘാടനം പലത് കഴിഞ്ഞിട്ടും ഇന്നും പ്രവർത്തനം തുടങ്ങിയിട്ടില്ല. കോടികൾ ചെലവഴിച്ച് വാങ്ങിയ യന്ത്ര സാമഗ്രികൾ തുരുമ്പെടുത്ത് നശിക്കുകയാണ്. ഇതെല്ലാം സർക്കാർ ഉപേക്ഷിച്ച മട്ടാണ്. ഈ പദ്ധതികളൊന്നും ഒരിക്കലും യാഥാർഥ്യം ആകില്ല എന്ന് ഉറപ്പായി കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത സുനാമി കോളനികളിലെ ജീവിതം നരക തുല്യമാണ്. ചടങ്ങിന് അനുസ്മരണം നടത്തി പോകുന്നതല്ലാതെ തീരവാസികളുടെ കാതലായ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആരും തയ്യാറാകുന്നില്ല എന്ന സങ്കടവും ഇവിടെ നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.