ജില്ലതല പ്രവേശനോത്സവം ചേർത്തലയിൽ; നവാഗതരെ പൂച്ചെണ്ട് നൽകി സ്വീകരിക്കും ആലപ്പുഴ: രണ്ടുവര്‍ഷത്തിനുശേഷം വിദ്യാലയമുറ്റങ്ങള്‍ ബുധനാഴ്ച മുതൽ വീണ്ടും കളിചിരികളാൽ സജീവമാകും. ജില്ല-ബ്ലോക്ക്-സ്കൂൾതലങ്ങളിലെ പ്രവേശനോത്സവം ഉത്സവപ്രതീതിയോടെ ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കവും പൂർത്തിയായി. ചൊവ്വാഴ്ച മിക്ക സ്കൂളുകളിലും നവാഗതരെ വരവേൽക്കാൻ ക്ലാസ് മുറികളിൽ വർണാഭമാക്കാനുള്ള പ്രവർത്തനമാണ് നടന്നത്. ബലൂണുകൾ, തോരണങ്ങൾ, വിവിധ നിറത്തിലെ പേപ്പർ പൂക്കൾ, കുട്ടികളെ ആകർഷിക്കുന്ന വിവിധതരം കളിക്കോപ്പുകൾ എന്നിവ ഒരുക്കുന്ന തിരക്കിലായിരുന്നു അധ്യാപകർ. 'മുന്നേറാം മികവോടെ' എന്ന തലക്കെട്ടിൽ ചേർത്തല സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ജില്ലതല പ്രവേശനോത്സവം. രാവിലെ 10ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി, കലക്ടർ ഡോ. രേണുരാജ് എന്നിവർ സംസാരിക്കും. പ്രവേശനോത്സവ ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കം. നവാഗതരെ പൂച്ചെണ്ടുകളും സമ്മാനങ്ങളും നൽകി വരവേൽക്കും. കുട്ടികളുടെ കലാപരിപാടികളും മധുരവിതരണവും ഒരുക്കിയിട്ടുണ്ട്. മണിമുഴങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കുട്ടികളുടെ സുരക്ഷക്കാണ് ജില്ല ഭരണകൂടവും പൊലീസും പ്രധാന പരിഗണന നൽകുന്നത്. സ്കൂൾ ബസുകൾക്ക് പുറമെ ഓട്ടോയടക്കം രക്ഷിതാക്കൾ ഏർപ്പാടാക്കിയ മറ്റ് വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് അനുവദിക്കില്ല. സ്കൂൾ സമയത്ത് പൊലീസിന്‍റെയും സ്റ്റുഡന്‍റ് പൊലീസ് കാഡറ്റിന്‍റെയും സേവനം ഉറപ്പാക്കിയാണ് ഇക്കുറി ക്രമീകരണം. രാവിലെയും വൈകീട്ടും കുട്ടികൾക്ക് റോഡ് മുറിച്ചുകടക്കാൻ പൊലീസിന്‍റെയും സ്റ്റുഡന്‍റ് പൊലീസിന്‍റെയും സേവനവും സാന്നിധ്യവുമുണ്ടാകും. സുരക്ഷയിൽ പ്രധാനം സ്കൂൾ ബസിൽ വേഗപ്പൂട്ടും ജി.പി.എസും നിർബന്ധമാണെന്നതാണ്. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളിലും വെള്ളപ്രതലത്തിൽ നീലഅക്ഷരത്തിൽ 'ON SCHOOL DUTY' എന്നെഴുതുകയും വേണം. വാതിലുകൾക്ക് എണ്ണത്തിന് തുല്യമായി ഡോർ അറ്റൻഡർ/ആയമാർ എന്നിവരും ഉണ്ടാകണം. ഡ്രൈവർമാർ വെള്ളഷർട്ടും കറുത്തപാന്റ്സും യൂനിഫോമും ധരിക്കണം. സ്കൂളിന്‍റെ പേരും ഫോൺ നമ്പറും ഇരുവശത്തും വേണം. ചൈൽഡ് ലൈൻനമ്പർ, പൊലീസ്, ആംബുലൻസ്, ഫയർഫോഴ്സ്, മോട്ടോർ വാഹനവകുപ്പ് ഓഫിസ്, സ്കൂൾ പ്രിൻസിപ്പൽ എന്നിവരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണം. വാഹനത്തിൽ സുരക്ഷാവാതിലും പ്രഥമ ശുശ്രൂഷക്കിറ്റും വേണം. വീടുകളിൽ കളിയും ചിരിയുമായി ഒതുങ്ങിക്കൂടിയ വിദ്യാർഥികൾ തുടക്കത്തിൽ മുഴുവൻ സമയവും കുട്ടികൾ ക്ലാസ് മുറികളിൽ ഇരിക്കുമോയെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ നഷ്ടമായ അക്കാദമിക കാലം തിരികെ പിടിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് വിദ്യാർഥികളും അധ്യാപകരും. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി, പാഠപുസ്തകങ്ങളുടെ വിതരണം, യൂനിഫോം, കുട്ടികളുടെ വാക്സിനേഷന്‍ യജ്ഞം എന്നിവയെല്ലാം പൂർത്തിയാക്കിയിരുന്നു. ഇതിനൊപ്പം ജില്ലയിലെ സ്കൂൾ ബസുകൾ വിവിധ ആർ.ടി ഓഫിസുകൾക്ക് കീഴിൽ പ്രത്യേകസ്ഥലം നിശ്ചയിച്ചാണ് 'ഫിറ്റ്നസ്' പരിശോധന പൂർത്തിയാക്കുന്നത്. സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള ബോധവത്കരണവും നടന്നു. APL thiruvambady school ആദ്യദിനം വർണാഭം... ആലപ്പുഴ തിരുവമ്പാടി ഗവ. യു.പി സ്കൂളിൽ കുരുന്നുകളായ നവാഗതരെ സ്വീകരിക്കാൻ ക്ലാസ് മുറി അലങ്കരിക്കുന്ന അധ്യാപകർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.