തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ എല്ലാ തലങ്ങളിലും വോട്ട് വിഹിതത്തിൽ യു.ഡി.എഫ് വ്യക്തമായ മേൽകൈ നേടിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിൽ വ്യക്തം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, കോർപറേഷൻ/ മുനിസിപ്പാലിറ്റി എന്നീ പാറ്റേണുകളിലാണ് യു.ഡി.എഫ് വലിയ വോട്ട് വ്യത്യാസത്തിൽ മുന്നിലെത്തിയത്.
14 ജില്ലകളിലെയും ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് പോൾ ചെയ്ത വോട്ടുകളിൽ യു.ഡി.എഫ് സംവിധാനത്തിന് കീഴിൽ മത്സരിച്ച സ്ഥാനാർഥികൾ ആകെ നേടിയത് 65,52,230 വോട്ടുകളാണ്. എന്നാൽ എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് ലഭിച്ചത് 56,43,649 വോട്ടുകളാണ്. യു.ഡി.എഫിന് 9,08,581 വോട്ടുകൾ കൂടുതൽ. എൻ.ഡി.എക്ക് ലഭിച്ചത് 23,32,708 വോട്ടുകളാണ് ഗ്രാമപഞ്ചായത്തിൽ ആകെ ലഭിച്ചത്.
കോർപറേഷൻ/ മുനിസിപ്പാലിറ്റി തലങ്ങളിൽ സംസ്ഥാനത്താകെ യു.ഡി.എഫിന് ലഭിച്ചത് 10,78,284 വോട്ടുകളാണ്. എൽ.ഡി.എഫിന് 8,20,850 വോട്ടും. യു.ഡി.എഫിന് 257434 വോട്ട് നഗരപ്രദേശങ്ങളിൽ കൂടുതൽ ലഭിച്ചു. എൻ.ഡി.എക്ക് ഇതിൽ ആകെ ലഭിച്ചത് 4,00,317 വോട്ടും. ജില്ല പഞ്ചായത്ത് തലത്തിലും ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തിലും യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുണ്ട്.
14 ജില്ലകളിലെ ജില്ല പഞ്ചായത്ത് ഡിവിഷനുകളിലായി യു.ഡി.എഫിന് ആകെ 71,27,282 വോട്ടുകളാണ് ലഭിച്ചത്. എൽ.ഡി.എഫിന് 6267884 വോട്ടും. യു.ഡി.എഫിന് അധികമായി ലഭിച്ചത് 8,59,398 വോട്ടുകൾ. എൻ.ഡി.എക്ക് ജില്ല പഞ്ചായത്തിൽ ലഭിച്ചത് 26,21,182 വോട്ടുകളാണ്. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ യു.ഡി.എഫിന് 71,48,760 വോട്ടും എൽ.ഡി.എഫിന് 62,72,546 വോട്ടും എൻ.ഡി.എക്ക് 24,95,227 വോട്ടുമാണ് ലഭിച്ചത്. യു.ഡി.എഫിന് അധികമായി ലഭിച്ചത് 8,79.214 വോട്ടുകൾ.
സംസ്ഥാനത്തെ മൊത്തം വോട്ടർമാരും ഉൾപ്പെടുന്ന രീതിയിൽ ജില്ല പഞ്ചായത്ത് ഡിവിഷനുകളിലെയും കോർപറേഷൻ/ മുനിസിപ്പാലിറ്റികളിലെയും വോട്ടുകൾ ഒന്നിച്ച് പരിഗണിക്കുമ്പോൾ യു.ഡി.എഫിന് ആകെ ലഭിച്ചത് 82,05,566 വോട്ടുകളാണ്. എൽ.ഡി.എഫിന് 70,88,734 വോട്ടുകളും. യു.ഡി.എഫിന് കൂടുതലായി ലഭിച്ചത് 11,16,832 വോട്ടുകൾ.
ഗ്രാമപഞ്ചായത്ത് തലത്തിൽ ആകെ ലഭിച്ച വോട്ടുകളുടെ കണക്കിൽ ഒമ്പത് ജില്ലകളിൽ യു.ഡി.എഫിനാണ് മുൻതൂക്കം. അഞ്ച് ജില്ലകളിൽ എൽ.ഡി.എഫിനും. ജില്ല പഞ്ചായത്ത് വോട്ടുകളിലും ഒമ്പത് ജില്ലകളിൽ യു.ഡി.എഫിന് മുൻതൂക്കം ലഭിച്ചപ്പോൾ അഞ്ചിൽ എൽ.ഡി.എഫും മുന്നിലെത്തി. ഗ്രാമ പഞ്ചായത്ത്, മുൻസിപ്പൽ/കോർപറേഷൻ തലങ്ങളിൽ മുന്നണികൾ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥികളുടെ വോട്ട് പരിഗണിക്കാതെയുള്ള കണക്കാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.