തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി കുറച്ചത് എക്സൈസ് വകുപ്പ് അറിഞ്ഞില്ലെന്ന് ആരോപണം. വകുപ്പ് മാത്രമല്ല വകുപ്പ് മന്ത്രിയും നികുതി കുറച്ചതിനെ കുറിച്ച് അറിഞ്ഞില്ലെന്നും സൂചനയുണ്ട്. ബജറ്റിലെ പ്രഖ്യാപനത്തിന് ശേഷമാണ് എല്ലാവരും നികുതി കുറച്ചതിനെ പറ്റി അറിയുന്നത്. നികുതി നിശ്ചയിച്ചത് ധനകാര്യ വകുപ്പാണ്. മദ്യത്തിന്റെ നികുതി പകുതിയായി കുറച്ചതിൽ യു.ഡി.എഫിലും ഭിന്നതയുണ്ടെന്നാണ് വിവരം.
യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെയും സർക്കാറിന്റെ മദ്യനയം സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് എല്ലാം ബജറ്റിന് ശേഷം വ്യക്തമാക്കുമെന്നുമായിരുന്നു എക്സൈസ് മന്ത്രി എം. ലിജു പ്രതികരിച്ചത്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയിലെ മാറ്റം വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയനും കെ.എൻ. ബാലഗോപാലും എം.ബി. രാജേഷ് അടക്കമുള്ളവർ ആരോപിച്ചത്. പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി. 10 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ഉത്പന്നങ്ങൾക്ക് 175 ശതമാനം വിൽപന നികുതിയുമാണ് നിശ്ചയിച്ചത്.
അതേസമയം, വീര്യം കുറഞ്ഞ മദ്യം അവതരിപ്പിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്ന് മന്ത്രി എം. ലിജു പറഞ്ഞു. ഇപ്പോൾ അതിനെ കുറ്റപ്പെടുത്തുന്നത് എന്തിനെന്ന് അറിയില്ല. തീരുമാനത്തിൽ എക്സൈസ് വകുപ്പിന് പങ്കില്ല. നയപരമായ തീരുമാനം എക്സൈസ് വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. അബ്കാരി നയത്തിൽ കാര്യമായ ചർച്ച നടത്താൻ മാത്രമാണ് തീരുമാനം. എല്ലാവരുടെയും അഭിപ്രായം കേൾക്കും. കേരളത്തിന് ഗുണകരമായ മദ്യനയം സർക്കാർ പ്രഖ്യാപിക്കും. ഇപ്പോഴത്തെ തീരുമാനം നികുതിയുമായി ബന്ധപ്പെട്ട് മാത്രമാണെന്നും എം. ലിജു പ്രതികരിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ തീരുമാനം തെറ്റായ സന്ദേശം നൽകുമെന്ന് താമരശ്ശേരി ബിഷപ്പ് ഫാദർ റെമീജിയോസ് ഇഞ്ചനാനിയിൽ. തീരുമാനത്തിൽനിന്ന് സർക്കാർ പിൻവലിയണം. മഹാത്മാഗാന്ധിയുടെ പിന്മുറക്കാരിൽനിന്നും ഇത്തരം ഒരു നടപടി പ്രതീക്ഷിക്കുന്നില്ല. സർക്കാർ തീരുമാനം ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറക്കാനുള്ള സർക്കാർ തീരുമാനത്തെ പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. മദ്യകമ്പനികളുടെ കച്ചവട താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. നിലവിൽ സ്പിരിറ്റിൽ നിന്നുള്ള മദ്യത്തിന് 251 ശതമാനമാണ് നികുതിയെങ്കിൽ, 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് നികുതി 120 ശതമാനമായി പകുതിയിലധികമാണ് കുറക്കുന്നത്. ഇത് സമൂഹത്തിൽ മദ്യപാനം കുത്തനെ വർധിക്കാൻ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിലകുറഞ്ഞ മദ്യം വിപണിയിൽ സുലഭമാകുമ്പോൾ മദ്യപാനം ക്രമാതീതമായി വർധിക്കും. വീര്യം കുറഞ്ഞ മദ്യം എന്ന ന്യായീകരണം പറഞ്ഞ് മദ്യ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നത് യുവതലമുറയെ വഴിതെറ്റിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാകാത്ത സർക്കാർ മദ്യത്തിന് മാത്രം നികുതിയിളവ് നൽകുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. മദ്യത്തിന്റെ വില കുറക്കുകയാണോ സർക്കാറിന്റെ യഥാർഥ മുൻഗണനയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അബ്കാരി നയത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.
ഇത്രയും വലിയൊരു നികുതിയിളവ് സമൂഹത്തിന് ഗുണകരമല്ലെന്നും മറിച്ച് ഗുരുതരമായ ഭവിഷ്യത്തുകൾ മാത്രമേ ഉണ്ടാക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യ ഉപയോഗം വ്യാപകമാക്കുന്ന സർക്കാർ നടപടിക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ കോണുകളിൽ നിന്നും പ്രതികരണങ്ങൾ ഉയരണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. ഭാവി തലമുറയെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.