അടിമാലി: ജോലിയിൽനിന്ന് പിരിച്ചുവിട്ടതിൽ മനംനൊന്ത് താൽക്കാലിക ജീവനക്കാരൻ എൽ.െഎ.എസി ഒാഫിസിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർക്ക് പൊള്ളലേറ്റു. അടിമാലി ചാറ്റുപാറ വടക്കേക്കര ശിവനാണ് (കുട്ടൻ- -54) അസിസ്റ്റൻറ് മാനേജറുടെ ക്യാബിന് മുന്നിൽ ദേഹത്ത് പെേട്രാൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
ഗുരുതര പൊള്ളലേറ്റ ശിവനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. എൽ.ഐ.സി അടിമാലി ശാഖയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. എൽ.ഐ.സി ഓഫിസിനോട് ചേർന്ന െഗസ്റ്റ് ഹൗസിൽ ഉൾപ്പെടെ ക്ലീനിങ് അടക്കം എല്ല ജോലികളും ചെയ്തുവരുകയായിരുന്നു ശിവൻ. കഴിഞ്ഞ ദിവസം ചില അതിഥികൾ വന്നപ്പോൾ ശിവൻ മദ്യപിച്ച് െഗസ്റ്റ് ഹൗസിൽ കിടന്ന് ഉറങ്ങുകയായിരുന്നു.
അതിഥികളുടെ പരാതിയെത്തുടർന്ന് ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. 20 വർഷത്തോളമായി ജോലിചെയ്യുന്ന തന്നെ തിരിച്ചെടുക്കണമെന്ന് ശിവൻ മാനേജറോട് അഭ്യർഥിച്ചു. തുടർന്ന്, മാർച്ച് 31ന് ശിവനോട് ഓഫിസിൽ വരാൻ മാനേജർ നിർദേശിച്ചു. വെള്ളിയാഴ്ച ഒാഫിസിൽ വന്നപ്പോൾ മാനേജർ അവധിയിലാണെന്ന് അറിഞ്ഞു. ഉടൻ തൊട്ടടുത്ത പമ്പിലെത്തിയ ഇയാൾ കുപ്പിയിലും കന്നാസിലും പെേട്രാൾ വാങ്ങി ലിഫ്റ്റിന് സമീപത്തെ കവാടത്തിലൂടെ ഓഫിസിനുള്ളിൽ കടന്നു. മാനേജറുടെ ക്യാബിന് മുന്നിലെത്തി അവിടെയുണ്ടായിരുന്ന അസി. മാനേജറോട് ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, മാനേജറില്ലാത്തതിനാൽ പിന്നീട് വരാൻ നിർദേശിച്ചു. ഇതോടെ ഒാഫിസിലെ മറ്റ് ജീവനക്കാരെ അടുത്തേക്ക് വിളിച്ച ശിവൻ കുപ്പിയിൽ കരുതിയ പെേട്രാൾ ദേഹത്തേക്ക് ഒഴിക്കുകയും കന്നാസിലെ പെട്രോൾ ഒാഫിസ് മുറിയിൽ ഒഴിക്കുകയുമായിരുന്നു. അസി. മാനേജർ ജോസഫ് എത്തി ശിവനെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ, ഓടിയെത്തിയ ഡെവലപ്മെൻറ് ഓഫിസർ ശിവകുമാർ ലൈറ്റർ പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും ശിവൻ സ്വയം തീ കൊളുത്തി. ഈസമയം ജീവനക്കാരും ഏജൻറുമാരും ഇടപാടുകാരും ഉൾപ്പെടെ നൂറ്റമ്പതോളം പേർ ഓഫിസിലുണ്ടായിരുന്നു.
പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഇവരെ ഓഫിസിന് പുറത്തെത്തിച്ചത്. ശിവനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ജോസഫിനും ശിവകുമാറിനും പൊള്ളലേറ്റു. ഒേട്ടറെ ഒാഫിസ് ഫയലുകളും ഇരുപതിലേറെ കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും കത്തിനശിച്ചു. അടിമാലി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.