എണ്ണമറ്റ ഡയാലിസിസുകൾക്കൊടുവിൽ വീണ്ടും ശസ്ത്രക്രിയ; രാജീവിനു നേരെ നീട്ടാം, കനിവിൻ കരങ്ങൾ

കൊച്ചി: മൂന്നു വർഷത്തിനിടെ 600ലേറെ ഡയാലിസിസാണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശി കാഞ്ഞിരശ്ശേരി വീട്ടിൽ രാജീവിന് ചെയ്തത്. ഇനിയും ഡയാലിസിസിന് ഫലപ്രാപ്തിയുണ്ടാവില്ലെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടിയതോടെ അടിയന്തിരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കും വിധേയനായി. ഇതിനെല്ലാം ചിലവായത് ലക്ഷങ്ങളും. ഒരു പതിറ്റാണ്ടിലേറെയായി വൃക്കരോഗിയായ രാജീവിൻറെ കുടുംബത്തിനിത് ഭീമമായ ചെലവാണ്. കൊച്ചി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ചയായിരുന്നു ശസ്ത്രക്രിയ. ഇദ്ദേഹത്തിൻറെ കുടുംബസുഹൃത്തായ നോർത്ത്പറവൂർ കെടാമംഗലം സ്വദേശി അശ്വതിയുടെ വൃക്കകളിലൊന്നാണ് രാജീവിൽ തുന്നിച്ചേർത്തത്.

2008ൽ ഇരുവൃക്കകളും ചുരുങ്ങി അപകടാവസ്ഥയിലായതിനെ തുടർന്ന് രാജീവിൻറെ ഭാര്യ ഷൈജയുടെ വൃക്ക ഇദ്ദേഹത്തിന് നൽകിയിരുന്നു. ഒമ്പതു വർഷം പിന്നിട്ടതോടെ ഇദ്ദേഹത്തിന് മഞ്ഞപ്പിത്തം ബാധിക്കുകയും പിന്നീട് വൃക്ക നിരാകരണ പ്രവണത കാണിക്കുകയും ചെയ്തു. തുടർന്ന് 2017 മുതൽ ഡയാലിസിസ് നടത്തിയാണ് ജീവിതം മുന്നോട്ടുപോയത്. രണ്ടു വർഷം മുമ്പ് ആദ്യം വെച്ചുപിടിപ്പിച്ച വൃക്ക ശസ്ത്രക്രിയയിലൂടെ തന്നെ എടുത്തുമാറ്റുകയും ചെയ്തു. ഈ ശസ്ത്രക്രിയ മുതൽ കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയ വരെ 20 ലക്ഷത്തോളം രൂപയുടെ ചെലവു വന്നതായി അദ്ദേഹത്തിൻറെ സഹോദരൻ രാജേഷ് അറിയിച്ചു. ഡയാലിസിനായി ചെലവഴിച്ച ‍വലിയ തുക കൂടാതെയാണിത്.

നേരത്തെ നാട്ടിൽ ഓട്ടോഇലക്ട്രിക്കൽ കട നടത്തുകയായിരുന്ന രാജീവിന് അസുഖം വന്നതോെട കട നിർത്തേണ്ടി വന്നു. ഏക വരുമാനം നിലച്ചതോടെ ഒരാൺകുട്ടിയും പെൺകുട്ടിയുമുള്ള ഈ നിർധന കുടുംബത്തിൻറെ ദുരിതമേറി. ഇതിനിടയിൽ ചികിത്സ ചെലവുകൾ ഏറെയും. ശസ്ത്രക്രിയക്കായി സാമൂഹ്യ സുരക്ഷ മിഷൻ മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും തുക കിട്ടിയിട്ടില്ല. ചികിത്സാവശ്യാർഥം വലിയൊരു തുക വാ‍‍യ്പ വാങ്ങിയിട്ടുണ്ട്. ഇദ്ദേഹത്തെ സഹായിക്കാനായി നാട്ടുകാർ ചേർന്ന് തുടക്കത്തിൽ തന്നെ ചികിത്സ സഹായസമിതി രൂപവത്കരിച്ചിരുന്നു. ഇത് വീണ്ടും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സമിതിയുടെ ഇടപെടലിനെ തുടർന്ന് നല്ലൊരു തുക പിരിച്ചുകിട്ടുകയും ചെയ്തു. എന്നാൽ ഇതു പര്യാപ്തമല്ല. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രാജീവും കുടുംബവും കനിവുള്ളവരുടെ കാരുണ്യം തേടുകയാണ്.

കാഞ്ഞിരശ്ശേരി രാജീവൻ ചികിത്സ സഹായകമ്മിറ്റിയുടെ പേരിൽ പരപ്പനങ്ങാടി പഞ്ചാബ് നാഷനൽ ബാങ്കിൽ 4522000100029993 എന്ന അക്കൗണ്ട് നമ്പറിൽ (ഐ.എഫ്.എസ്.സി-PUNB0452200) പണമയക്കാം. ഫോൺ: 9495622255. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.