മുസ്ലിം ലീഗ്
മലപ്പുറം: മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച് കോൺഗ്രസിൽ നടക്കുന്ന ചർച്ചയിൽ കക്ഷി ചേരാനില്ലെന്ന നിലപാടിലുറച്ച് മുസ്ലിം ലീഗ്. വിഷയത്തിൽ പരസ്യ പ്രതികരണം നടത്തരുതെന്ന നിർദേശം നേതൃസ്ഥാനങ്ങളിലുള്ളവർക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ ലീഗിന് കടുത്ത പ്രതിഷേധമുണ്ട്.
ഈ തർക്കങ്ങൾ യു.ഡി.എഫ് സർക്കാർ രൂപവത്കരിക്കുമ്പോൾ അസ്ഥിരതക്ക് കാരണമാകുമെന്ന് ലീഗ് വിലയിരുത്തുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് ഉയർന്നുകേൾക്കുന്ന കെ.സി. വേണുഗോപാലിന്റെ വിശ്വസ്തനായ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ കഴിഞ്ഞ ദിവസം പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റു നേതാക്കളുടെ വിശ്വസ്തർ പാണക്കാട്ടെത്താൻ സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ടാണ് ലീഗ് നിലപാടിൽ വ്യക്തത വരുത്തിയത്.
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട പാർട്ടിയുടെ നിലപാട് പരസ്യമാക്കാതെ കോൺഗ്രസ് ഹൈകമാൻഡിനെ അറിയിക്കാനാണ് ലീഗ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന വ്യക്തി ലീഗിനെ എങ്ങനെ പരിഗണിക്കുമെന്നത് കൂടി കണക്കിലെടുത്താകും ആ നിലപാട്. യു.ഡി.എഫിൽ അസ്വാരസ്യമുണ്ടാക്കുന്ന നടപടിയിൽനിന്ന് വിട്ടുനിൽക്കുക എന്ന നയത്തിന്റെ കൂടി ഭാഗമായാണ് ലീഗ് നിലപാട് പരസ്യപ്പെടുത്താതിരിക്കുന്നത്.
അതേസമയം, പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി. സതീശന്റെ പ്രകടനത്തിൽ ലീഗിന് പൂർണ തൃപ്തിയാണുള്ളത്. സംഘ്പരിവാറിനെതിരായ അദ്ദേഹത്തിന്റെ നിലപാടുകളിൽ ലീഗ് നേരത്തേ തന്നെ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.