കാസർകോട്/കുമ്പള: എൽ.ഡി.എഫ് വടക്കൻമേഖല വികസന മുന്നേറ്റ ജാഥക്ക് കുമ്പളയിൽ തുടക്കമായി. ഞായറാഴ്ച വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കുമ്പള ടൗൺ സർക്കിളിൽനിന്ന് നൂറുകണക്കിന് പ്രവർത്തകർ ജാഥാ ക്യാപ്റ്റൻ എം.വി. ഗോവിന്ദനെയും മറ്റ് എൽ.ഡി.എഫ് നേതാക്കളെയും വേദിയിലേക്ക് ആനയിച്ചു പ്രകടനമായി വന്നു. മുഖ്യമന്ത്രി എത്തിയതോടെ പ്രവർത്തകൾ ആവേശഭരിതരായി മുദ്രാവാക്യം വിളികളാൽ അദ്ദേഹത്തെ വരവേറ്റു. സി.പി.എം മഞ്ചേശ്വരം ഏരിയ സെക്രട്ടറിയും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ കെ.ആർ. ജയാനന്ദ തലപ്പാവണിയിച്ച് സ്വീകരിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേതൃത്വം നൽകുന്ന ജാഥയുടെ മാനേജർ സി.പി.ഐ ദേശീയ എക്സിക്യുട്ടിവ് അംഗം അഡ്വ. പി. സന്തോഷ് കുമാർ എം.പിയാണ്. കെ.എസ്. സലീഖ (സി.പി.എം), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് -എം), പി.പി. ദിവാകരൻ (ഐ.എസ്.ജെ.ഡി), അഡ്വ. പി.എം. സുരേഷ് ബാബു (എൻ.സി.പി.എസ്), മനയത്ത് ചന്ദ്രൻ (ആർ.ജെ.ഡി), ബാബു ഗോപിനാഥ് (കോൺഗ്രസ്-എസ്), വടകോട് മോനച്ചൻ (കേരള കോൺഗ്രസ്-ബി), അഡ്വ. എ.ജെ. ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), കാസിം ഇരിക്കൂർ (ഐ.എൻ.എൽ), അഡ്വ. നൈസ് മാത്യു (കേരള കോൺഗ്രസ് -സ്കറിയ) എന്നിവർ സംബന്ധിച്ചു. ഇവർ ജാഥയിലെ സ്ഥിരാംഗങ്ങളാണ്. ഞായറാഴ്ചത്തെ സമാപനം കാസർകോട്ടെ നുള്ളിപ്പാടിയിലാണ്. തിങ്കളാഴ്ച ഉദുമ മണ്ഡലത്തിലെ സ്വീകരണം രാവിലെ 10ന് പെരിയാട്ടടുക്കത്തും കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്വീകരണം മൂന്നിന് കോട്ടച്ചേരിയിലും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ സ്വീകരണം വൈകീട്ട് നാലിന് കാലിക്കടവിലുമാണ് നടക്കുക. തുടര്‍ന്ന് ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
കാസർകോട്/കുമ്പള: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കേരളത്തോട് കാണിക്കുന്നത് പകപോക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ബി.ജെ.പിക്കറിയാം അവർ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ സ്വീകരിക്കുന്ന നാടല്ല കേരളമെന്ന്. അതുകൊണ്ടുതന്നെ ഇതിനെതിരെ അവർക്ക് ഈ രീതിയിലേ പകപോക്കാൻ പറ്റുകയുള്ളൂ. അതാണ് ഞായറാഴ്ച ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലൂടെ കാണാൻ കഴിഞ്ഞത്’’- പിണറായി പറഞ്ഞു. വെറുപ്പും വിദ്വേഷവും നാട്ടിലാകെ പടർത്തുന്നനിലയിൽ ബി.ജെ.പി മുന്നോട്ടുപോകുമ്പോൾ കേരളം അതിൽനിന്നെല്ലാം മാറി ശാന്തിയും സമാധാനവും നിറഞ്ഞ മതേതരത്വം പുലരുന്ന നാടായി മുന്നോട്ടുപോകുകയാണ്. ബി.ജെ.പിയുടെ പകപോക്കലിനെതിരെ ഒരക്ഷരം ഉരിയാടാൻ കോൺഗ്രസിനും ലീഗിനുമാകുന്നില്ല. എല്ലാകാര്യത്തിലും ബി.ജെ.പിയുടെ ബി ടീമായി അവർ മാറി.
എൽ.ഡി.എഫ് അധികാരത്തിലിരിക്കുമ്പോൾ ഒരുവികസനവും നടക്കാൻ പാടില്ല എന്നതാണ് കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.