താനൂർ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ താനൂർ ഉൾപ്പെടെയുള്ള മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സ്ഥാനാർഥി പട്ടിക പൂർത്തിയായി. താനൂരിൽ പ്രവാസി വ്യവസായി ടി. മുഹമ്മദ് സമീറും, വള്ളിക്കുന്നിൽ അഡ്വ. സി.പി. മുസ്തഫയും, കാസർകോട് മുൻ കോൺഗ്രസ് നേതാവ് ഷാനവാസ് പാദൂറും എൽ.ഡി.എഫ് സ്വതന്ത്രരായി ജനവിധി തേടും. മന്ത്രി വി. അബ്ദുറഹ്മാൻ തുടർച്ചയായി രണ്ടുതവണ വിജയിച്ച സിറ്റിങ് സീറ്റായ താനൂരിൽ ഇത്തവണ വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആദ്യ പട്ടികയിൽ തന്നെ താനൂരിൽ വി. അബ്ദുറഹ്മാന്‍റെ പേര് പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങാതിരുന്നതിനെ തുടർന്നാണ് മാറ്റേണ്ടി വന്നു. താനൂരിൽ വീണ്ടും മത്സരിക്കാൻ വിമുഖത കാട്ടിയ അബ്ദുറഹിമാൻ തിരൂരിലേക്ക് മാറുകയായിരുന്നു. യു.ഡി.എഫിൽ നിന്ന് തന്നെ കരുത്തരെ എത്തിക്കാൻ സി.പി.എം ശ്രമിച്ചെങ്കിലും അത് നടക്കാതെ വന്നതോടെയാണ് ഒഴൂർ പുൽപറമ്പ് സ്വദേശിയായ സമീറിന് നറുക്കുവീണത്. മുമ്പ് ഐ.എൻ.എൽ മത്സരിച്ചിരുന്ന വള്ളിക്കുന്നിലും കാസർകോടും ഇത്തവണ സ്വതന്ത്ര സ്ഥാനാർഥികളെയാണ് ഇടതുമുന്നണി രംഗത്തിറക്കുന്നത്. വള്ളിക്കുന്നിൽ മൂന്നിയൂർ സ്വദേശിയും അഭിഭാഷകനുമായ സി.പി. മുസ്തഫയാണ് മത്സരിക്കുന്നത്. യു.ഡി.എഫിനായി ടി.വി. ഇബ്രാഹിം ആണ് ഇവിടെ പോരാട്ടത്തിനുള്ളത്. കാസർകോട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ ഷാനവാസ് പാദൂർ ആണ് എൽ.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫിലെ കല്ലട്ര മായിൻ ഹാജിയാണ് ഷാനവാസിന്‍റെ പ്രധാന എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.