ത​ട​മ്പാ​ട്ടു​താ​ഴ​ത്ത് വെ​ള്ളം​ക​യ​റി​യ റോ​ഡി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ

ഇടുക്കിയിൽ ഒമ്പതിടത്ത് ഉരുൾപൊട്ടി; 70 ഇടങ്ങളിൽ മണ്ണിടിച്ചിൽ

തൊടുപുഴ: ഇടുക്കിയുടെ മലയോര മേഖലകളെ നടുക്കി വ്യാപക ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ജില്ലയിലാകെ ഒമ്പതിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. 70 ഇടങ്ങളിൽ മണ്ണിടിഞ്ഞു. 30 വീടുകൾ പൂർണമായും 48 വീടുകൾ ഭാഗികമായും തകർന്നു. ശനിയാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 143.24 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ (213 മില്ലിമീറ്റർ). തൊടുപുഴയിൽ 212.2 മില്ലിമീറ്ററും ലഭിച്ചു. ഇടുക്കി താലൂക്കിൽ 154 മില്ലിമീറ്റർ, ഉടുമ്പൻചോലയിൽ 75.4 മില്ലിമീറ്റർ, ദേവികുളത്ത് 61.6 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.

കുടയത്തൂരിൽ ഉരുൾപൊട്ടി വീട്ടമ്മയും മൺതിട്ട വീടിന് മുകളിലേക്ക് വീണ് വാഗമൺ കോലാഹലമേട്ടിൽ വൈക്കം സ്വദേശിയായ 72കാരനും മരിച്ചതിനൊപ്പം ഏക്കർ കണക്കിന് കൃഷിയിടങ്ങളും മഴയിൽ ഒലിച്ചുപോയി. മഴക്കെടുതിയിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. കൊച്ചി-ധനുഷ്‌കോടി, കൊട്ടാരക്കര-ദിണ്ഡുഗൽ ദേശീയപാതകളുടെ ഇടുക്കിയിലെ പ്രദേശങ്ങളിൽ റോഡിലേക്ക് പാറക്കല്ലും മണ്ണും ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിഞ്ഞ് വീണ് വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു.

അഞ്ച് കേന്ദ്രങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. മഴ തുടരുന്നതിനാൽ ഭീതിയുടെ നിഴലിലാണ് മലയോരം. ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ച മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയായിരുന്നു. ഇത് രാത്രിയും തുടർന്നതോടെയാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായത്. തൊടുപുഴയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം ശനിയാഴ്ച വെളുപ്പിന് തന്നെ വെള്ളത്തിനടിയിലായി. തൊമ്മൻകുത്ത്, ദേവിയാർ പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഒറ്റപ്പെട്ടവരെ വിവിധയിടങ്ങളിൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

അപകടസാധ്യതയുള്ള മേഖലകളിലെ ജനങ്ങളോട് മാറിത്താമസിക്കാൻ ജില്ല ഭരണകൂടം അഭ്യർഥിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യത്തിലൊഴികെ ഇടുക്കിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിത താമസസ്ഥലങ്ങളില്‍ തുടരണം. ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി, ട്രക്കിങ് ഉള്‍പ്പടെ എല്ലാ ജലവിനോദങ്ങളും ദുരന്ത സാധ്യത മേഖലകളിലെ എല്ലാവിധ വിനോദ സഞ്ചാരങ്ങളും അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ പിന്‍വലിച്ചു. ട്രക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങളും നിര്‍ത്തിവെച്ചു.

Tags:    
News Summary - Landslides at nine places in Idukki; landslides at 70 places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.