കൽപറ്റ: 2024 ജൂലൈ 30ന് പുലർച്ച രണ്ടു മണിയോടെ ഭൂമി കുലുങ്ങുന്നതുപോലുള്ള വലിയൊരു ശബ്ദം കേട്ടാണ് വയനാട് മുണ്ടക്കൈയിലെ എസ്റ്റേറ്റ് പാടിയിൽ കിടന്നുറങ്ങുകയായിരുന്ന മുത്തനും കുടുംബവും ഞെട്ടിയുണരുന്നത്. അപ്പോഴേക്കും വീടിനകത്തേക്ക് ചളിയും മണ്ണും വെള്ളവുമൊക്കെ എത്തിത്തുടങ്ങിയിരുന്നു. ഫോണും കൈയിലെടുത്ത് പേരക്കുട്ടികളേയും തോളിലാക്കി ഉടുത്തിരുന്ന വസ്ത്രമൊഴികെ ഉള്ളതെല്ലാം ഉപേക്ഷിച്ച് മുത്തനും കുടുംബവും റാട്ടപ്പാടിയിലേക്ക് ഓടുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് മറ്റൊരു ഭീകര ശബ്ദം കൂടി കാതടപ്പിച്ചത്. ഉരുൾ റാട്ടപ്പാടിയിലുമെത്തുമെന്ന മുന്നറിയിപ്പിൽ എങ്ങനെയൊക്കെയോ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് നുഴഞ്ഞുകയറി...
298 പേരുടെ ജീവനെടുത്ത മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ ജീവിത സമ്പാദ്യങ്ങളെല്ലാം ഉരുളിൽ ഒലിച്ചുപോയ മുത്തനും കുടുംബവും പക്ഷേ, സർക്കാറിന്റെ പുനരധിവാസ ലിസ്റ്റിൽ ഇടം പിടിച്ചില്ല. ഇവരുടെ പാടിയുടെ തൊട്ടടുത്ത് ഡോ. ജോൺ മത്തായി കമീഷൻ കുറ്റിയടിച്ച് അവിടെ താമസിക്കാൻ യോഗ്യമാണെന്ന് കണ്ടെത്തിയതോടെ മുത്തനും ആ പാടിയിലെ മറ്റു നാലു കുടുംബങ്ങളും പുനരധിവാസത്തിന് പുറത്തായി. ടൗൺഷിപ്പിനുള്ള ഗുണഭോക്തൃ ലിസ്റ്റിൽ ഇടംപിടിക്കാത്തത് കാരണം ഇപ്പോൾ താമസിക്കുന്ന കാരാപ്പുഴയിലെ സർക്കാർ ക്വാർട്ടേഴ്സിൽനിന്ന് എപ്പോൾ വേണമെങ്കിലും കുടിയിറക്കാമെന്ന ഭീതിയിലാണ് കുടുംബം. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്ഡുകളെ കശക്കിയെറിഞ്ഞ ഉരുൾ ദുരന്തത്തിന് ഇരയായവരെയെല്ലാം പുനരധിവസിപ്പിക്കുമെന്ന് സർക്കാർ തുടക്കം മുതൽ പറയുന്നതാണെങ്കിലും ദുരന്തത്തിന് നേർസാക്ഷിയായിട്ടും ലിസ്റ്റിന് പുറത്തായ നിരവധി പേർ ഇന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വാടക ക്വാർട്ടേഴ്സുകളിൽ കഴിയുകയാണ്.
മത്തായി കമീഷന്റെ ഗോ സോൺ പരിധിയിലാണെങ്കിലും അവരുടെ വീടുകളിലെത്തണമെങ്കിൽ നോ ഗോ സോൺ ഏരിയയിലൂടെയല്ലാതെ വഴിയില്ല. നിരവധി എസ്റ്റേറ്റ് പാടികൾക്ക് പുറമെ ഒരേ റേഷൻ കാർഡിൽ ആയിപ്പോയതിന്റെ പേരിൽ വീട് നിഷേധിക്കപ്പെട്ടവർ, കുടുംബത്തിൽ ഒറ്റ കുട്ടിയായതിന്റെ പേരിൽ ലിസ്റ്റിന് പുറത്തായവർ, അങ്ങനെ പോകുന്നു അർഹരായിട്ടും പുറത്തുപോകേണ്ടിവരുന്നവരുടെ പട്ടിക.
ഇരച്ചെത്തിയ ചളിവെള്ളത്തിൽനിന്ന് വാട്സ്ആപ് വോയ്സിലൂടെ ഉരുൾ ദുരന്തം ആദ്യം ലോകത്തെ അറിയിച്ച് മരണത്തിന് കീഴടങ്ങിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി നീതുവിന്റെ കുടുംബവും ഗുണഭോക്തൃ ലിസ്റ്റിൽനിന്ന് പുറത്താണ്. റേഷൻ കാർഡും വാടക ചീട്ടുമെല്ലാം ഇവരുടെ പേരിലുണ്ടെങ്കിലും ഭർത്താവ് അച്ഛന് ഏക മകനായതിനാൽ മറ്റൊരു വീട് അനുവദിക്കാനാവില്ലെന്നാണ് ന്യായം.
മുണ്ടക്കൈയിലെ കമറു വാടകവീട്ടിലാണ് താമസിച്ചതെങ്കിലും ഭാര്യയുടെ ഉമ്മയുടെ പേരിലാണ് വീടെന്നതിനാൽ ലിസ്റ്റിലില്ല. ദുരന്ത മേഖലയിൽ താമസിച്ച് വർഷങ്ങൾക്കുമുമ്പ് വീട് മാറിപ്പോയവർ പോലും പട്ടികയിൽ ഇടം നേടിയപ്പോഴും അർഹരായ പലരും പുറത്തായി. ദുരന്തത്തിനിരയായവരെയെല്ലാം ചേർത്ത് പിടിക്കുമെന്ന് സർക്കാർ നിരന്തരം പറയുമ്പോഴും 20 മാസമായിട്ടും അവസാന ഗുണഭോക്തൃ ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാനായിട്ടില്ല. ദുരന്തത്തിനിരയായ 75 കുടുംബങ്ങളെങ്കിലും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ദുരന്തബാധിതർ പറയുന്നു.
നിലവിൽ 451 പേരാണ് ഗുണഭോക്തൃ ലിസ്റ്റിൽ ഇടം നേടിയത്. ടൗൺഷിപ്പിൽ വീട് ആവശ്യമില്ലെന്ന് 104 കുടുംബങ്ങൾ സത്യവാങ്മൂലം നൽകിയതോടെ പട്ടിക 347 ആയി ചുരുങ്ങി. 410 വീടുകൾ ടൗൺഷിപ്പിൽ ഒരുങ്ങുമ്പോൾ ലിസ്റ്റിലുള്ളതിനേക്കാളും 63 വീടുകളാണ് അധികമായി നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.