പിണറായി കരുത്തനായ നേതാവെന്ന് കെ.വി. തോമസ്; 'ഈ തെരഞ്ഞെടുപ്പിൽ വികസനത്തിനൊപ്പം'

കൊച്ചി: പിണറായി വിജയൻ കരുത്തനായ നേതാവാണെന്ന് കോൺഗ്രസ് നേതാവ് കെ.വി. തോമസ്. ഇന്ത്യയെ നയിക്കാൻ കഴിവുള്ള മുഖ്യമന്ത്രിയാണ് പിണറായി എന്ന് സി.പി.എം പാർട്ടി കോൺഗ്രസിൽ സ്റ്റാലിൻ പറയുമ്പോൾ താൻ അല്ലെന്ന് പറയണോയെന്ന് അദ്ദേഹം ചോദിച്ചു. തൃക്കാക്കരയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.വി. തോമസ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് അദ്ദേഹം വേദി പങ്കിട്ടത്.

പി.ടി.യുടെ ഓർമകൾക്ക് മുന്നിൽ ഞാൻ തലകുനിക്കുന്നു. എന്നാൽ, പി.ടി പറഞ്ഞ കാര്യങ്ങൾ ഇവർ മറന്നുപോയോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അച്ഛൻ മരിച്ചാൽ മകൻ, ഭർത്താവ് മരിച്ചാൽ ഭാര്യ, ഇവരാണോ അധികാരത്തിലേക്ക് കടന്നുവരേണ്ടത് എന്നാണ് പി.ടി. ചോദിച്ചത്. ഞാൻ ഉമയെ സ്നേഹിക്കുന്ന ഒരാളാണ്. പക്ഷേ, പി.ടി പറഞ്ഞ കാര്യങ്ങൾ നാം ഓർക്കണ്ടേ. ഈ തെരഞ്ഞെടുപ്പിൽ ഞാൻ വികസനത്തിനൊപ്പമാണ്. കൊച്ചിയുടെയും തൃക്കാക്കരയുടെയും വികസനത്തിനൊപ്പം.

ഉമ്മൻചാണ്ടി മിനിഞ്ഞാന്ന് ചോദിച്ചു പിണറായി വിജയന്‍റെ ഭരണത്തിൽ എന്ത് വികസനമാണ് നടന്നതെന്ന്. ഞാൻ അദ്ദേഹത്തോട് പാലാരിവട്ടത്ത് വരാൻ പറയുന്നു. പാലാരിവട്ടം മേൽപ്പാലം ജനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ പുനരുദ്ധരിച്ചത് പിണറായി വിജയനാണെന്ന് പറഞ്ഞാൽ എന്നെ കുറ്റപ്പെടുത്താനാകുമോ.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് അവസാന ദിവസങ്ങളിൽ വൈറ്റിലയിൽ ഒരു കല്ലിട്ടു, തൊട്ടപ്പുറത്തും ഒരു കല്ലിട്ടു. പക്ഷേ കല്ലൊന്നും പാലമായില്ല. എന്നാൽ ആ കല്ലുകളിലെല്ലാം പട്ടി മൂത്രമൊഴിക്കും മുമ്പ് പിണറായി വിജയൻ അതെല്ലാം മേൽപ്പാലമാക്കി മാറ്റിയെന്നും കെ.വി. തോമസ് പറഞ്ഞു. 

എൽ.ഡി.എഫ് കൺവീനർ ഇ.പി. ജ‍യരാജൻ, ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുത്തു.




Tags:    
News Summary - kv thomas praises pinarayi vijayan in ldf convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.