‘വരുമാനം ദൈവത്തിന് അവകാശപ്പെട്ടത്; സഹകരണ ബാങ്കിന്‍റെ അതിജീവനത്തിനായി ഉപയോഗിക്കരുത്’; തിരുനെല്ലി ക്ഷേത്ര നിക്ഷേപം ദേശസാത്കൃത ബാങ്കിലേക്ക് മാറ്റുന്നതിൽ സുപ്രീംകോടതി

ന്യൂഡൽഹി: ക്ഷേത്ര വരുമാനം ദൈവത്തിന് അവകാശപ്പെട്ടതാണെന്നും അത് ക്ഷേത്ര താൽപര്യത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും സുപ്രീംകോടതി. സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ക്ഷേത്രപണം ഉപയോഗിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രവും തൃശ്ശിലേരി ശിവക്ഷേത്രവും സഹകരണ ബാങ്കുകളിൽ നടത്തിയ നിക്ഷേപം പിൻവലിച്ച് ദേശസാത്കൃത ബാങ്കിലേക്ക് മാറ്റാൻ നിർദേശിച്ച ഹൈകോടതി ഉത്തരവിനെതിരെ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം.

ഹൈകോടതി ഉത്തരവിനെതിരെ മാനന്തവാടി അർബൻ കോഓപറേറ്റിവ് സൊസൈറ്റിയും തിരുനെല്ലി സർവിസ് കോഓപറേറ്റിവ് ബാങ്കുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കാലാവധി പൂർത്തിയാകാതെ ക്ഷേത്രത്തിന്റെ നിക്ഷേപങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചാൽ സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാകുമെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന് 1.73 കോടി രൂപയുടെ നിക്ഷേപം മാനന്തവാടി അർബൻ കോഓപറേറ്റിവ് സൊസൈറ്റിയിലും 8.5 കോടി രൂപയുടെ നിക്ഷേപം തിരുനെല്ലി സഹകരണ ബാങ്കിലുമുണ്ട്. തൃശിലേരി ശിവക്ഷേത്രത്തിന് മാനന്തവാടി അർബൻ കോഓപറേറ്റിവ് സൊസൈറ്റിയിൽ 15.68 ലക്ഷം രൂപയുടെ നിക്ഷേപവും തിരുനെല്ലി സർവിസ് കോഓപറേറ്റിവ് ബാങ്കിൽ 1.5 കോടി രൂപയുടെ നിക്ഷേപവുമാണുള്ളത്.

Tags:    
News Summary - Supreme Court rules on transfer of Thirunelli temple funds to nationalized bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.