പൂട്ടിയ മില്ലുകൾ തുറക്കൽ സ്വകാര്യഏജൻസിയുടെ ധനസഹായം വാങ്ങാനുള്ള നീക്കം സർക്കാർ തടഞ്ഞു

തിരുവനന്തപുരം: അടച്ചുപൂട്ടിയ കെ.എസ്​.ടി.സി (കേരള സ്​റ്റേറ്റ് ടെക്സ്​റ്റൈൽ കോർപറേഷൻ) മില്ലുകളെ സ്വകാര്യഏജൻസിയുടെ ധനസഹായം സ്വീകരിച്ച് പ്രവർത്തിപ്പിക്കാനുള്ള അധികൃതനീക്കം സർക്കാർ തടഞ്ഞു. സർക്കാർനയത്തിനും നടപടിക്രമങ്ങൾക്കും വിരുദ്ധമായ നീക്കം അനുമതിക്ക് സമർപ്പിച്ചപ്പോഴാണ് ബന്ധപ്പെട്ട ഉദ്യോഗസ്​ഥരെ രൂക്ഷമായി വിമർശിച്ച് സർക്കാർ ഫയൽ തിരികെയയച്ചത്.

കെ.എസ്​.ടി.സിക്ക് കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ പ്രഭുറാം മിൽസ്​, മലപ്പുറം എടരിക്കോട് ടെക്സ്​റ്റൈൽസ്​, തിരുവണ്ണൂർ മലബാർ സ്​പിന്നിങ് ആൻഡ് വീവിങ് മിൽസ്​, കോട്ടയം ടെക്സ്​റ്റൈൽസ്​ എന്നിവയാണ് പൂട്ടിക്കിടക്കുന്നത്. 2000 കോടിയുടെ ആസ്​തിയുള്ള ഈ നാല് മില്ലുകളും വൈദ്യുതി ചാർജ് കുടിശ്ശികയായതിെൻറ പേരിലാണ് പൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.

തിരുവണ്ണൂർ മില്ലിൽ 2.30 കോടിയുടെ കുടിശ്ശികയാണുള്ളത്. ചെങ്ങന്നൂരിലും കോട്ടയത്തും എടരിക്കോടും ഓരോ കോടി വീതം മൂന്ന് കോടി രൂപയും. പൊതുമേഖലാസ്​ഥാപനങ്ങൾ 200 കോടിയോളം രൂപ സംസ്​ഥാനത്ത് കെ.എസ്​.ഇ.ബിക്ക് നൽകാനുണ്ട്. ഈ സാഹചര്യത്തിൽ നാല് മില്ലുകളിലും കൂടി കേവലം 5.3 കോടി രൂപ കുടിശ്ശികയായതിെൻറ പേരിൽ സ്​ഥാപനങ്ങൾ പൂട്ടിയതും സംശയകരമാണെന്ന് ട്രേഡ് യൂനിയൻ പ്രതിനിധികൾ ആരോപിക്കുന്നു.

പ്രതിസന്ധി പരിഹരിക്കാൻ അഞ്ചുകോടി ധനസഹായമായി നൽകാമെന്ന് വ്യക്തമാക്കിയാണ് സ്വകാര്യഏജൻസിയുടെ പ്രതിനിധികൾ കെ.എസ്​.ടി.സിയെ സമീപിച്ചത്. നിലവിൽ ഓരോ മില്ലുകൾക്കും വാങ്ങൽ–വിൽക്കലുകൾക്ക് കൃത്യമായ മാനദണ്ഡവും വ്യവസ്​ഥയും സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. സ്വകാര്യഏജൻസിയിൽ നിന്ന് ധനസഹായം സ്വീകരിക്കുന്നതോടെ ഇതെല്ലാം അട്ടിമറിക്കപ്പെടും. മാത്രമല്ല, സർക്കാർസംവിധാനം ഏതെങ്കിലും സ്വാകാര്യഏജൻസിക്ക് മാത്രമായി പ്രവർത്തിക്കുന്ന സ്​ഥിതിയുണ്ടാകുമെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് അനുമതിക്കായുള്ള കെ.എസ്​.ടി.സി നീക്കം സർക്കാർ തടഞ്ഞത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കെ.എസ്​.ടി.സിയുടെ നാല് മില്ലുകൾക്കുമായി സർക്കാർ 56 കോടി ധനസഹായം നൽകിയിരുന്നു. ഇത്രയും തുക പ്രവർത്തന മൂലധനമായി കിട്ടിയും മില്ലുകൾ നഷ്ടത്തിലാവുകയായിരുന്നു. അഞ്ചുവർഷത്തേക്ക് ദീർഘകാല കരാറാണ് തൊഴിലാളികൾക്ക് മാനേജ്മെൻറ് നൽകുന്നത്. കരാറിൽ നിശ്ചയിച്ച ശമ്പളം അഞ്ചുവർഷത്തേക്ക് മാറ്റം വരുത്താറുമില്ല. അതിനാൽ ജീവനക്കാർക്ക് ശമ്പളം കൊടുത്തത് വഴിയാണ് നഷ്ടമുണ്ടായതെന്നും വിശദീകരിക്കാനാവില്ല. മാത്രമല്ല, മൂന്നുമാസമായി തൊഴിലാളികൾക്ക് ശമ്പളവും നൽകിയിട്ടില്ല. തിരുവണ്ണൂർ മിൽ സമീപകാലത്താണ് 36 കോടി ചെലവഴിച്ച് അത്യാധുനിക യന്ത്രസാമഗ്രികൾ ഏർപ്പെടുത്തി നവീകരിച്ചത്. പ്രവർത്തനം നിലച്ചതോടെ ഇവ തുരുമ്പുപിടിക്കുകയാണ്.


 

Tags:    
News Summary - kstl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.