ഡി. സുധീഷ് (പ്രസിഡന്റ്), ബദറുന്നിസ (ജന. സെക്ര.)
കണ്ണൂർ: രാജ്യത്ത് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ജനദ്രോഹപരവും ഭരണഘടന വിരുദ്ധവുമായ നയങ്ങൾക്കെതിരെയുള്ള സമരങ്ങളിൽ എല്ലാ അധ്യാപകരും അണിചേരണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. കണ്ണൂരിൽ കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയും മതനിരപേക്ഷതയും നീതിന്യായ വ്യവസ്ഥയും പൗരാവകാശവും നിലനിൽക്കുന്നിടത്തോളം ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയില്ലെന്നാണ് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെടുന്നത്. എന്നാൽ, ഇന്ന് നമുക്ക് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളുടെ അടിത്തറ തകർക്കുന്ന അവസ്ഥയാണ്- അദ്ദേഹം പറഞ്ഞു. എൻ.ടി. ശിവരാജൻ, പി. ദിലീപ്കുമാർ, വി.എം. കരീം, വി.വി. ശശി, എൻ.ഡി. വത്സല, കെ.കെ. ഗീത എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ബദറുന്നിസ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ കെ. ശശീന്ദ്രൻ നന്ദിയും പറഞ്ഞു.
കണ്ണൂരിൽ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു
കെ.എസ്.ടി.എ: ഡി. സുധീഷ് പ്രസിഡന്റ്്, ബദറുന്നിസ ജനറൽ സെക്രട്ടറി
കണ്ണൂർ: ദേശീയ വിദ്യാഭ്യാസനയം 2020 തള്ളണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഫെഡറലിസം തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണം. കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിച്ച് കേന്ദ്ര സർവിസിൽ സ്ഥിര നിയമനങ്ങൾ നടത്തണം.
പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കണം. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്നും ഡി.എ കുടിശ്ശികയും ശമ്പളപരിഷ്കരണ അരിയറും അടക്കമുള്ള ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നാലുദിവസമായി കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമായ ശനിയാഴ്ച ഡി. സുധീഷിനെ പ്രസിഡന്റായും കെ. ബദറുന്നിസയെ ജനറൽ സെക്രട്ടറിയായും ടി.കെ.എ. ഷാഫിയെ ട്രഷററായും തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഡി. സുധീഷ് (പ്രസി.), എ.കെ. ബീന, കെ.വി. ബെന്നി, എം.എ. അരുൺകുമാർ, കെ.സി. മഹേഷ്, എം.എസ്. പ്രശാന്ത് (വൈസ് പ്രസി.), കെ. ബദറുന്നിസ (ജന. സെക്ര.), കെ. രാഘവൻ, എ. നജീബ്, എൽ. മാഗി, എം.കെ. നൗഷാദലി (സെക്ര.), ടി.കെ.എ. ഷാഫി (ട്രഷ.). 31 അംഗ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയെയും 85 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
ആദ്യ വനിത ജനറൽ സെക്രട്ടറിയായി ബദറുന്നിസ
കണ്ണൂർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആദ്യ വനിത ജനറൽ സെക്രട്ടറിയായി കെ. ബദറുന്നിസ. നാലുദിവസമായി കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ ബദറുന്നിസ സംഘടനയുടെ തലപ്പത്ത് എത്തുമ്പോൾ രചിക്കപ്പെടുന്നത് പുതുചരിത്രം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിനിയാണ്. പെരിന്തൽമണ്ണ കക്കൂത്ത് ജി.എം.എൽ.പി സ്കൂളിലെ പ്രധാനാധ്യാപികയാണ്. മുപ്പത് വർഷത്തിലധികമായി സംഘടനാരംഗത്ത് സജീവമാണ്. സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് ആലപ്പുഴ ടി.ഡി.എച്ച്.എസ്.എസിലെ അധ്യാപകനാണ്. നിലവിൽ സമഗ്രശിക്ഷ കേരള ആലപ്പുഴയിൽ പരിശീലകനായി പ്രവർത്തിക്കുന്നു. ട്രഷറർ ടി.കെ.എ. ഷാഫി മുതിരപ്പറമ്പ് ജി.യു.പി സ്കൂളിലെ പ്രധാനാധ്യാപകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.