സ്വകാര്യബസ്​ സമരം: പ്രതിദിന വരുമാനം ഏഴുകോടിയാക്കാൻ കെ.എസ്.ആർ.ടി.സി

കോട്ടയം: സ്വകാര്യബസ് സമര സാഹചര്യം മുതലെടുത്ത് പ്രതിദിന വരുമാനം ഏഴുകോടിയാക്കാൻ കെ.എസ്.ആർ.ടി.സി മേധാവിയുടെ ആഹ്വാനം. ഇതുസംബന്ധിച്ച നിർദേശം കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ ജീവനക്കാർക്ക് നൽകി. സ്വകാര്യബസ് സമരം അവസാനിപ്പിച്ച് ജനങ്ങളുടെ യാത്രക്ലേശം അവസാനിപ്പിക്കാൻ മുൻകൈയെടുക്കേണ്ട ഗതാഗത സെക്രട്ടറിയുടെ ചുമതലയും ബിജു പ്രഭാകറിന് തന്നെയാണ്. എന്നാൽ, സ്വകാര്യബസുടമകളെ ചർച്ചക്കുപോലും വിളിക്കേണ്ടതില്ലെന്നാണ് വകുപ്പിന്‍റെ തീരുമാനം. സ്വകാര്യബസുകൾ സർവിസ് നടത്തിയിരുന്ന റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഇറക്കാൻ ജീവനക്കാർക്ക് അയച്ച കത്തിൽ ബിജു പ്രഭാകർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയെക്കാൾ ഏതാണ്ട് 300ൽ അധികം ബസ് കൂടുതൽ ഓടിക്കാൻ കഴിഞ്ഞു. ഇത് നേട്ടമാണ്. കാര്യമായ മാറ്റം ഉണ്ടാക്കി ഏഴുകോടി രൂപ ലഭ്യമാക്കാൻ നമുക്ക് കഴിയുമെന്നും ശനിയാഴ്ച അയച്ച കത്തിൽ പറയുന്നു. വെള്ളിയാഴ്ച 3715 ബസാണ് കെ.എസ്.ആർ.ടി.സി ഓടിച്ചത്. 6.78 കോടി രൂപ വരുമാനം കിട്ടി. 12.18 ലക്ഷം കിലോമീറ്റർ സർവിസ് നടത്തി.

കിലോമീറ്ററിന് ശരാശരി 55.66 രൂപയായിരുന്നു വരുമാനം. ഒരു ബസിന് ശരാശരി കിട്ടിയത് 18,256 രൂപയാണ്. നിരത്തിലിറക്കാൻ കഴിയുന്ന അവസ്ഥയിലുള്ള 155 ബസ് ഈ ദിവസം ഓടിക്കാതെയിട്ടു. 543 എണ്ണം അറ്റകുറ്റപ്പണിക്കായി വർക്ക്ഷോപ്പിലാണ്. കെ.എസ്.ആർ.ടി.സിക്ക് ആകെയുള്ള 6418 ബസിൽ ബാക്കിയുള്ളവ ഓടിക്കാനാവാത്ത സ്ഥിതിയിൽ പലയിടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നു. നിലവിൽ ഓടിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ ബഹുഭൂരിപക്ഷവും ഫാസ്റ്റും സൂപ്പർ ഫാസ്റ്റുമാണ്.

ഗ്രാമപ്രദേശങ്ങളിൽപോലും സാധാരണക്കാർ സൂപ്പർക്ലാസ് ബസുകളിൽ കയറി യാത്ര ചെയ്യണം. 15 രൂപക്ക് സ്വകാര്യബസിൽ യാത്ര ചെയ്തിരുന്ന ദൂരം കെ.എസ്.ആർ.ടി.സി സൂപ്പർക്ലാസിൽ 31 രൂപക്ക് പോകേണ്ട സ്ഥിതിയാണ്.

നേരത്തേ, മോട്ടോർ വാഹന ചട്ടങ്ങൾ നോക്കുകുത്തിയാക്കി കെ.എസ്.ആർ.ടി.സി നടത്തുന്ന സൂപ്പർക്ലാസ് സർവിസുകളുടെ പഴക്കം ഏഴിൽനിന്ന് ഒമ്പതുവർഷമായി ഉയർത്തിയിരുന്നു. ഇതോടെ ഏഴുവർഷത്തിനും ഒമ്പതുവർഷത്തിനും ഇടയിൽ പഴക്കമുള്ള 704 ബസ് ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ് സർവിസുകൾക്ക് ഉപയോഗിക്കാവുന്ന സ്ഥിതിയായി. 2018ൽ വരുത്തിയ നിയമ ഭേദഗതിയിൽ എല്ലാ സൂപ്പർക്ലാസുകളുടെയും പഴക്കം ഏഴുവർഷമാക്കി നിജപ്പെടുത്തിയിരുന്നു. ഇതാണ് ഗതാഗത സെക്രട്ടറിയുടെ ഉത്തരവിന്‍റെ മാത്രം അടിസ്ഥാനത്തിൽ ഒമ്പതാക്കി ഉയർത്തിയത്.

സ്വകാര്യബസുകൾ പണിമുടക്കുമ്പോൾ വൻ തുക ഈടാക്കുന്ന സൂപ്പർക്ലാസ് ബസുകൾ ഉപയോഗിച്ച് ജനങ്ങളെ പിഴിയാൻ കെ.എസ്.ആർ.ടി.സിക്ക് അവസരം കിട്ടിയത് ബസുകളുടെ പഴക്കത്തിൽ വരുത്തിയ തിരുത്തിനെത്തുടർന്നാണ്. കെ.എസ്.ആർ.ടി.സി സി.എം.ഡി നൽകിയ അപേക്ഷയിൽ ഗതാഗത സെക്രട്ടറിയാണ് ഇതിന് അനുമതി നൽകിയത്. രണ്ട് തസ്തികയിലും ഇരിക്കുന്നത് ബിജു പ്രഭാകർ തന്നെയാണ്.  

Tags:    
News Summary - KSRTC to increase daily income to Rs 7 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.