വായ്പ തവണ മുടങ്ങി; യാത്ര തുടങ്ങാനിരിക്കെ കെ.എസ്.ആർ.ടി.സി വാടക സ്കാനിയ പിടിച്ചെടുത്തു

ബംഗളൂരു: വായ്പ തവണ മുടങ്ങിയതിനെതുടർന്ന് കേരള ആർ.ടി.സിയുടെ വാടക മൾട്ടി ആക്സിൽ സ്കാനിയ ബസ് ഫിനാൻസ് കമ്പനി അധികൃ തർ പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്ന് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് സേലം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന (ടി.എൽ- അഞ്ച്) ബസാണ് യാത്ര ആരംഭിക്കാനിരിക്കെ ഫിനാൻസ് കമ്പനി അധികൃതർ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലെത്തി കൊണ ്ടുപോയത്. ഇതോടെ സാറ്റലൈറ്റിൽനിന്നും ബംഗളൂരുവിലെ മറ്റു വിവിധ ഭാഗങ്ങളിൽനിന്നും ഈ ബസിൽ എറണാകുളം, തിരുവനന്തപുര ം ഭാഗത്തേക്ക് യാത്രചെയ്യേണ്ടവർ കുടുങ്ങി.

യാത്രക്കാരെ ഇറക്കി ബസിലെ പുതപ്പും മറ്റും പുറത്തിട്ടശേഷമാണ് ബസ് കൊണ്ടുപോയത്. ഫുൾ റിസർവേഷനുള്ള ബസ്​ അവധിത്തിരക്കിനിടെ പിടിച്ചെടുത്തത് കേരള ആർ.ടി.സിക്കും നാണക്കേടായി. അഞ്ചിന് പുറപ്പെടേണ്ട ബസ് റദ്ദാക്കിയതി​​െൻറ സന്ദേശം ആറുമണിക്കാണ് പലർക്കും ലഭിച്ചതെന്നും പരാതിയുണ്ട്.

അവധിയെ തുടർന്ന് മറ്റു ബസുകളിലും സീറ്റുകൾ ലഭ്യമായിരുന്നില്ല. ബസ് അവസാന നിമിഷം റദ്ദാക്കിയത് യാത്രക്കാരുടെ വ്യാപക പ്രതിഷേധത്തിനും ഇടയാക്കി. മേലധികാരികളുടെ നിരുത്തരവാദപരമായ സമീപനമാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്ന്​ യാത്രക്കാർ ആരോപിച്ചു. എന്നാൽ, ബംഗളൂരു കെ.എസ്.ആർ.ടി.സി അധികൃതർ സ്കാനിയ ബസിന് പകരം ഉടനെ ഡീലക്സ് ബസ് ഏർപ്പാടാക്കിയാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്.

എറണാകുളം വരെയാണ് ഡീലക്സ് ബസ് ഉണ്ടാവുക. അവിടെനിന്ന് തിരുവനന്തപുരത്തേക്കുള്ളവർക്ക് പകരം സംവിധാനം ഏർപ്പെടുത്തും. കർണാടക രാജ്യോത്സവത്തി​​െൻറ അവധിയെ തുടർന്ന് നാട്ടിലേക്ക് േപാകാനിരുന്ന നിരവധിപേരാണ് സ്കാനിയ ബസ് പിടിച്ചെടുത്തതോടെ ബുദ്ധിമുട്ടിലായത്.

വാടക സ്കാനിയ സർവിസ് നടത്തുന്ന മഹാരാഷ്​​ട്ര കേന്ദ്രമായുള്ള വിക്രം പുരുഷോത്തം മാനെ മഹാ വോയേജാണ് വായ്പ അടക്കേണ്ടത്. എന്നാൽ, കഴിഞ്ഞ അഞ്ചുമാസമായി വായ്പ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് ഫിനാൻസ് കമ്പനി ബസ് പിടിച്ചെടുത്തത്. അതേസമയം, വാടക സ്കാനിയ കമ്പനിയായ മഹാ വോയേജിന് വാടകയിനത്തിൽ കേരള ആർ.ടി.സി നൽകാനുള്ള തുകയിലും കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നാണ് വിവരം.

മുമ്പ് പീനിയ ബസ് ടെർമിനലിലും സമാനമായ രീതിയിൽ ബസ് പിടിച്ചെടുക്കാൻ ഫിനാൻസ് കമ്പനി അധികൃതരെത്തിയിരുന്നു. അന്നുതന്നെ മുന്നറിയിപ്പ് നൽകിയാണ് കമ്പനി അധികൃതർ മടങ്ങിയത്. കമ്പനി വായ്പ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും കേരള ആർ.ടി.സിയുടെ മേലധികാരികൾ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന ആരോപണമാണ് ഉയരുന്നത്. ബസ് പിടിച്ചെടുത്തതോടെ ശനിയാഴ്ചയിലെ അഞ്ചുമണി ബംഗളൂരു-തിരുവനന്തപുരം സ്കാനിയ മൾട്ടി ആക്സിൽ ബസി​​െൻറ സർവിസും അനിശ്ചിതത്വത്തിലായി.

Tags:    
News Summary - ksrtc scania bus captured by finance company -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.