‘സി.പി.എമ്മുകാർ ആരും പ്രിയദർശിനിയിൽ കയറരുതെന്ന് ഗോവിന്ദൻ മാഷ് എന്താ പറയാത്തത്? എങ്കിൽ 35% പേർ കയറില്ലല്ലോ...’ -മന്ത്രി സി.പി. ​ജോൺ

കാസർകോട്: കെ.​എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ‘പ്രിയദർശനി’ ബഹിഷ്കരിക്കണം എന്ന് പറഞ്ഞവരെ ഇപ്പോൾ കാണാനില്ലെന്ന് ഗതാഗത മന്ത്രി സി.പി. ​ജോൺ. പാർട്ടി മെമ്പർമാർ ആരും ഇതിൽ കയറരുത് എന്ന് ഗോവിന്ദൻ മാഷ് എന്താണ് പറയാത്തത്? പറയുന്നില്ലല്ലോ. അവരും കയറുന്നുണ്ടല്ലോ. സി.പി.എം പ്രവർത്തകരോട് പ്രിയദർശനിയിൽ കയറരുത് എന്ന് പറഞ്ഞാൽ 35 ശതമാനം ആൾക്കാർ കയറില്ല. സ്വകാര്യ ബസ് ഉടമകൾക്ക് അതിന്റെ പ്രയോജനം കിട്ടുമല്ലോ -മന്ത്രി പറഞ്ഞു.

സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കും. ഞങ്ങളൊക്കെ വിദ്യാർഥി രംഗത്ത് നിന്ന് വന്നവരാണ്. ​വിദ്യാർഥിനികൾക്ക് ഇപ്പോൾ പ്രശ്നമില്ല. പ്രിയദർശിനി മൂലം പ്രൈവറ്റ് ബസുകാരു​ടെ പ്രശ്നത്തിൽ രാഷ്ട്രീയ പാർട്ടികൾ എല്ലാം കൂടെ ഒരു തീരുമാനം എടുക്കട്ടെ. സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട പ്രശ്നം പ്രതിപക്ഷമാണ് ഏറ്റെടുക്കുന്നത്. വയനാട് ജില്ലയിൽ കുട്ടികളു​​ടെ കൺസഷൻനിരക്ക് കൂട്ടിയത് ശ്രദ്ധയിൽപെട്ടിട്ടില്ല. അത് ചെയ്യാൻ പാടില്ലാത്തതാണ്. മലബാർ മേഖലയിൽ പ്രിയദർശിനി ബസുകളുടെ എണ്ണക്കുറവ് ഉടൻ പരിഹരിക്കില്ല. പുതിയത് തുടങ്ങുന്ന കാര്യം ആലോചനയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സിയുടെ ഷോപ്പിങ് കോംപ്ലക്സ് മിക്കവാറും ഒഴിഞ്ഞുകിടക്കുകയാണ്. രണ്ടേകാൽ ലക്ഷം സ്ക്വയർ ഫീറ്റ് ആണ് ഒഴിഞ്ഞു കിടക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ ഗവൺമെന്റിന്റെ ‘നേട്ടങ്ങളിൽ’ ഒന്നാണത്. രണ്ടേകാൽ ലക്ഷം സ്ക്വയർ ഫീറ്റ് ഒഴിഞ്ഞ് കിടക്കുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമാണോ? 1.25 ലക്ഷം സ്ക്വയർ ഫീറ്റ് വരുന്ന കോഴിക്കോട്ടെ ബിൽഡിങ് ഉപയോഗശൂന്യമായിട്ട് കിടക്കുകയാണ്. അത് പൊളിക്കണോ നിർത്തണോ എന്നുള്ളതാണ് ചർച്ച. നമ്മുടെ കടുകാര്യസ്ഥതയുടെ ആഴം എന്താണെന്നതിന്റെ സാക്ഷ്യപത്രമാണത്. അത് നമ്മൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കും.

എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റി രൂപവത്കരിക്കും. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അതാത് സ്ഥലത്തെ എംഎൽഎ ആണ് അധ്യക്ഷത വഹിക്കുക. എംപിയോ എംപിയുടെ പ്രതിനിധിയോ അതിൽ പങ്കെടുക്കും. സ്ഥാപനം ഇരിക്കുന്ന സ്ഥലത്തെ തദ്ദേശസ്ഥാപന അംഗവും അസംബ്ലി പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികളും അതിൽ അംഗങ്ങളാണ്. ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി പോലെ ഒരു ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റി എല്ലാ ഡിപ്പോകളിലും വരും. എല്ലാവരു​ടെയും സഹകരണം ഉണ്ടെങ്കിൽ വളരെ ഭംഗിയായിട്ട് നമുക്ക് കെഎസ്ആർടിസിയെ മുന്നോട്ടു​കൊണ്ടുപേകാം -മന്ത്രി പറഞ്ഞു.

Tags:    
News Summary - ksrtc Priyadarshini: Minister C.P. John mocks mv govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.