തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ന്യൂസ് ലെറ്റർ ആനവണ്ടി.കോം ആന്റണി രാജു പ്രകാശനം ചെയ്തു. കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ആദ്യ പ്രതി സ്വീകരിച്ചു. ജീവനക്കാരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആനവണ്ടി.കോം പ്രസിദ്ധീകരിക്കുന്നതെന്ന് ബിജു പ്രഭാകർ പറഞ്ഞു.
പുനസംഘടിപ്പിക്കുന്നതിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയും കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാമെന്ന് ന്യൂസ് ലെറ്റർ ജീവനക്കാരോട് ആഹ്വാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായാണ് സ്വിഫ്റ്റും നാല് ലാഭകേന്ദ്രങ്ങളും പുതിയ പദ്ധതികളും വിഭാവനം ചെയ്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കുന്നതിനും സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുന്നതിനും അധികദൂരം ഇല്ലെന്ന് കവർ സ്റ്റോറി വ്യക്തമാക്കുന്നു.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുമായുള്ള അഭിമുഖം, ഗ്രാമവണ്ടി, സിറ്റി സർക്കുലർ തുടങ്ങി പുതിയ സംവിധാനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള വിവരണം, വനിത ജീവനക്കാരുടെ അനുഭവങ്ങൾ, ജീവനക്കാരുടെയും മക്കളുടെയും രചനകൾ തുടങ്ങി വൈവിദ്ധ്യപൂർണമായ 52 കളർ പേജുകളിലാണ് ന്യൂസ് ലെറ്റർ തയാറാക്കിയിരിക്കുന്നത്. 30,000-ത്തോളം ജീവനക്കാർക്ക് സൗജന്യമായി വിതരണം ചെയ്യും. പരസ്യങ്ങളിലൂടെ വിഭവസമാഹരണം നടത്തിയതിനാൽ കോർപ്പറേഷന് അധികബാദ്ധ്യത ഇല്ല.
ജോയിന്റ് മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ആർ. ചന്ദ്രബാബു, ജി.പി പ്രദീപ്കുമാർ, ഗസ്റ്റ് എഡിറ്റർ ആർ. വേണുഗോപാൽ, എച്ച്.ആർ മാനേജർ ആർ.എസ്ഷൈജു , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷീന സ്റ്റീഫൻ, ഡിസൈനർ എം.അമീർ , കോ ഓർഡിനേറ്റർ ജി.എസ് അരുൺ , ഇല്ലസ്ട്രേറ്റർ വി.എസ് ബിനുഎന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.