‘ആർ.എസ്.എസ് ഓഫിസ് നിശ്ചയിച്ചാൽ അതു നടക്കും, അതെന്തായാലും പിണറായി നടത്തും’ -ഗവർണർക്ക് കീഴടങ്ങിയതിനെതിരെ ഡോ. ആസാദ്

കോഴി​​ക്കോട്: ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വി.സി നിയമനത്തിൽ ഗവര്‍ണറുമായി സമവായത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി ഇടതുചിന്തകൻ ഡോ. ആസാദ്. ആർ.എസ്.എസ് ഓഫിസ് നിശ്ചയിച്ചാൽ അതു നടക്കുമെന്നും അതെന്തായാലും പിണറായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘അൽപം ചില മുക്കലും മൂളലും കേൾപ്പിക്കുമെന്നേയുള്ളു. നല്ല അനുസരണയാണ്. ഒമ്പതര വർഷംമുമ്പ് ബെഹറയെ പൊലീസ് മേധാവി സ്ഥാനത്ത് വെച്ചു വ്യാജ ഏറ്റുമുട്ടൽ കൊലയജ്ഞത്തോടെ തുടങ്ങിയതാണ്. പി എം ശ്രീയിൽ ഒപ്പുവെച്ച് അവസാനം എത്തി നിൽക്കുന്നത് ഗവർണറുടെ ലോക്ഭവൻ തിണ്ണയിലാണ്’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ ​പൂർണരൂപം വായിക്കാം:

മുഖ്യമന്ത്രിയും ഗവർണറും ഒന്നിച്ചു. തർക്കങ്ങൾ അന്യോന്യം പറഞ്ഞുതീർത്തു. നല്ല കാര്യമാണ്. ഇത് മുമ്പേ ചെയ്യാമായിരുന്നു. സിസാ തോമസ് വൈസ് ചാൻസലറാവുന്നതിൽ മുഖ്യമന്ത്രിക്കോ സജി ഗോപിനാഥ് വൈസ്ചാൻസലറാവുന്നതിൽ ഗവർണർക്കോ ഇപ്പോൾ ഒരെതിർപ്പുമില്ല. ഒരു ചായച്ചർച്ചയിൽ പരിഹരിച്ച ഈ വിഷയമാണ് ദീർഘകാലം വിദ്യാഭ്യാസ രംഗത്ത് അനിശ്ചിതത്വം സൃഷ്ടിച്ചതെന്ന് ഇനി നമ്മൾ മറക്കണം!

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആർ എസ് എസ്സുകാരനാണ്. സവർക്കറിസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയൻ മാർക്സിസ്റ്റും. സവർക്കറിസ്റ്റുകൾ സ്റ്റാലിനിസ്റ്റുകളെക്കാൾ കേമന്മാരാണ്. അവർക്ക് നിലപാടിൽ മാറ്റമില്ല. ശാഠ്യത്തിൽ അയവില്ല. മാർക്സിസത്തിന്റെ സ്വതന്ത്രപിണറായി ശാഖയിൽ മാർക്സോ ലെനിനോ ഇല്ല. തനിക്കാവശ്യമുള്ള ഇടങ്ങളിൽ കുനിയുക എന്നത്, അയയുക എന്നത് വഴക്കമായ ഒരു സ്റ്റാലിനിസ്റ്റ് പോയ്മുഖമേയുള്ളു.

സിസാ തോമസിനെതിരെ വാളെടുത്ത് ബഹുദൂരം പാഞ്ഞിട്ടുണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും അവരുടെ വകുപ്പും. സിസാ തോമസിനു കിട്ടേണ്ട ആനുകൂല്യങ്ങൾ പിടിച്ചുവെക്കപ്പെട്ടു. എന്തായിരുന്നു കുറ്റം? വൈസ്ചാൻസലറായി നിയമിക്കപ്പെട്ടപ്പോൾ ആ ഉത്തരവാദിത്തം നിർവ്വഹിച്ചു എന്നത് മാത്രം! എന്നാൽ അതിന് പാർട്ടിയുടെ സമ്മതമില്ല, അഥവാ പിണറായിയുടെ അനുഗ്രഹമില്ല എന്ന കാരണവർ സിൻഡ്രം മാത്രമായിരുന്നില്ലേ അന്നത്തെ ശത്രുതാഹേതു?

മുഖ്യമന്ത്രിയുടെ ആ മനക്ലേശത്തിന് ശമനം കാണാൻ സിസാതോമസിനെ എല്ലാ വിധത്തിലും ദ്രോഹിക്കാൻ പാർട്ടിയുടെ വെള്ളക്കോളർ ചട്ടമ്പിസംഘം ഇറങ്ങി. അവരിപ്പോൾ ആരായി? അവർക്ക് പക്ഷേ വിഷമം കാണുമെന്നത് നമ്മുടെ തോന്നൽ മാത്രമാണ്. പിണറായിക്ക് മനം മാറിയാൽ ശിങ്കിടിത്തെയ്യങ്ങൾ പാട്ടും ചുവടും മാറ്റിയൊപ്പിക്കും. അതേയുള്ളു. അത്രയേ ആദർശമുള്ളു. അത്രയേ പാർട്ടിയുള്ളു.

ആർ എസ് എസ്സിന്റെ ഓഫീസ് നിശ്ചയിച്ചാൽ അതു നടക്കും. അതെന്തായാലും പിണറായി നടത്തും. അൽപ്പം ചില മുക്കലും മൂളലും കേൾപ്പിക്കുമെന്നേയുള്ളു. നല്ല അനുസരണയാണ്. ഒമ്പതര വർഷംമുമ്പ് ബെഹറയെ പൊലീസ് മേധാവി സ്ഥാനത്ത് വെച്ചു വ്യാജ ഏറ്റുമുട്ടൽ കൊലയജ്ഞത്തോടെ തുടങ്ങിയതാണ്. പി എം ശ്രീയിൽ ഒപ്പുവെച്ച് അവസാനം എത്തി നിൽക്കുന്നത് ഗവർണറുടെ ലോക്ഭവൻ തിണ്ണയിലാണ്.

ഒമ്പതര വർഷംകൊണ്ട് പിണറായിഭരണം ബിജെപിക്കും ആർ എസ് എസ്സിനും ഉണ്ടാക്കി നൽകിയ വളർച്ച മറ്റൊരിടത്തും ഒരു സർക്കാറും ഉണ്ടാക്കി നൽകിയിട്ടില്ല. മാർത്താണ്ഡവർമ്മയെ പിന്തുടർന്ന് മഹാവീര മുഖ്യമന്ത്രി തലസ്ഥാന നഗരത്തെത്തന്നെ 'തൃപ്പടിദാനം' നൽകി നാഗ്പൂരിനെ സന്തോഷത്തിൽ ആറാടിച്ചിരിക്കുന്നു! ഇനി എന്തൊക്കെ കാണാനിരിക്കുന്നു!

ഇനി ഒരു പാട്ടിനു പിറകേ പോകുന്നത് എന്തിനാണെന്ന് നോക്കൂ. അതെഴുതിയവരുടെയും പാടിയവരുടെയും വേഷം വെളിച്ചത്തു കൊണ്ടുവരുമ്പോൾ മനസ്സിലാകും നാഗ്പൂരിന് ഇനിയുമെത്ര സന്തോഷിക്കാനുണ്ടെന്ന്. അതാണ് മുഖ്യമന്ത്രിയുടെ സ്റ്റൈൽ.

ഗവർണറും മുഖ്യമന്ത്രിയും വലിയ ശത്രുക്കളാണെന്ന് അവർ പറഞ്ഞു പരത്തുന്നതിൽ കവിഞ്ഞ് ആർക്കെങ്കിലും തോന്നിയോ? ഇപ്പോഴും അങ്ങനെ തോന്നുന്നുണ്ടോ? ഈ കൊടിയുടെ നിറമെന്താണ്? നിങ്ങളുടെ കണ്ണിന് പ്രശ്നം ഒന്നുമില്ലല്ലോ?!

ആസാദ്

18 ഡിസംബർ 2025

Tags:    
News Summary - dr Azad Malayattil against Rajendra Vishwanath Arlekar -pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.